ആരാധികയുടെ പാട്ടിന്‌ സൂര്യയുടെ ലൈക്ക്‌

ദീപ ജസ്വിൻ


കൊച്ചി നടൻ സൂര്യയുടെ കട്ട ഫാനാണ്‌ ചങ്ങനാശേരി സ്വദേശിനി ദീപ ജസ്വിൻ. സംഗീതം പഠിച്ചിട്ടില്ലാത്ത തന്റെ  പാട്ട്‌ പ്രിയ താരം ഇഷ്ടപ്പെട്ടതിന്റെ ത്രില്ലിലാണ്  ഈ കലാകാരി. സൂര്യയുടെ പുതിയ ചിത്രം സുരറായ്‌ പോട്രിലെ ഹിറ്റ്‌ നമ്പർ ‘കാട്രു പയലേ’യുടെ കവർ വേർഷനാണ്‌ ദീപ പാടിയത്‌. ചിത്രത്തിന്റെ വിഷ്വലുകളും സ്‌റ്റുഡിയോയിൽ പാടുന്ന ദൃശ്യങ്ങളുമുള്ള വീഡിയോയുടെ പ്രമോ സോണി മ്യൂസിക്കിന്‌ അയച്ചു. കവർ കണ്ട്‌ ഇഷ്ടപ്പെട്ട് സോണി മ്യൂസിക്‌ തങ്ങളുടെ യുട്യൂബ്‌ ചാനലിൽ പാട്ടിന്‌ ഇടം നൽകി. ആറുലക്ഷത്തിലധികം പേരാണ്‌ ഇതിനകം പാട്ട്‌ കണ്ടത്‌. ഹിറ്റായതോടെ സൂര്യയുടെ ട്വിറ്റർ പേജിൽ മാനേജറും സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയും പാട്ട്‌ ഷെയർ ചെയ്‌തു. ഈ പോസ്‌റ്റിന്‌ സൂര്യ ലൈക്കും ചെയ്‌തു. ആദ്യമായി സ്‌റ്റുഡിയോയിൽ പാടിയ പാട്ട്‌  ഹിറ്റായതിന്റെ സന്തോഷത്തിലാണ്‌ ഭർത്താവിന്റെ ഏറ്റുമാനൂരിലെ വീട്ടിലുള്ള ദീപ. ഭർത്താവ്‌ ജസ്വിൻ ജോൺ അബുദാബിയിൽ എൻജിനിയറാണ്‌. മലയാളത്തിലെ പ്രശസ്‌ത സംഗീതസംവിധായകരായ ഫോർ മ്യൂസിക്‌സിന്റെ നേതൃത്വത്തിലായിരുന്നു ‘കാട്രു പയലേ’യുടെ മിക്‌സിങ്ങും മാസ്‌റ്ററിങ്ങും നടത്തിയത്‌. സൂര്യ ചിത്രങ്ങളിലെ മുൻപേ വാ, അനുൽ മേലേ പനിത്തുള്ളിയേ എന്നീ ഗാനങ്ങളുടെ പ്രമോ  ദീപ പാടിയത് സൂര്യ ഫാൻസ്‌ ട്വിറ്റർ പേജിൽ പോസ്‌റ്റ്‌ ചെയ്തിരുന്നു. പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്‌നാട്ടിലെ ബിഹൈൻഡ്‌ വുഡ്‌സ്‌ ടിവി എന്ന  യുട്യൂബ്‌ ചാനൽ ഇത്‌ രണ്ടും ഏറ്റെടുത്തു. സൂര്യയുടെ ഹിറ്റ്‌ ചിത്രത്തിനുള്ള കേരളത്തിന്റെവക പ്രമോഷനായാണ്‌ തന്റെ പാട്ടിനെ ഈ കലാകാരി കാണുന്നത്‌. കേരളത്തിൽ എത്തിയാൽ നേരിട്ട്‌ കാണാമെന്ന്‌ സൂര്യ അറിയിച്ചിട്ടുണ്ടെന്നും ദീപ പറഞ്ഞു. Read on deshabhimani.com

Related News