എസ് പി ബിക്കും ചിത്രയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്



ചെന്നൈ > തന്റെ പാട്ടുകള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചെന്ന് ചൂണ്ടിക്കാട്ടി എസ് പി ബാലസുബ്രഹ്മണ്യത്തിനും മകന്‍ ചരണ്‍ സുബ്രഹ്മണ്യത്തിനും  ഗായിക കെ എസ് ചിത്രയ്ക്കും സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചു. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എസ് പി ബാലസുബ്രഹ്മണ്യമാണ് അറിയിച്ചത്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുമതിയില്ലാതെ സംഗീതവേദികളില്‍ പാടരുതെന്നാണ് ഇളയരാജ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മകന്‍ ചരണ്‍ രൂപകല്‍പ്പന ചെയ്ത 'എസ്പിബി 50' ന്റെ ‘ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീതപരിപാടി നടത്തിക്കൊണ്ടിരിക്കുകയാണ്. എസ്പി ഇപ്പോള്‍ ടൊറന്റോയിലാണുള്ളത്. അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്. പകര്‍പ്പവകാശത്തെക്കുറിച്ച് താന്‍ അധികം ബോധവാനായിരുന്നില്ലെന്നും ഇതേക്കുറിച്ച് ഇളയരാജയുടെ ഓഫീസില്‍നിന്ന് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും എസ്പി പറഞ്ഞു. എന്നാല്‍, ഇനി നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. ഇനി വരുന്ന സംഗീതസദസ്സുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമതടസ്സങ്ങളുണ്ടെന്നും എസ് പി പറഞ്ഞു. ഈ വിഷയം നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. Read on deshabhimani.com

Related News