വീണ്ടും 'പാടുന്നൂ വിഷുപ്പക്ഷികളു'മായി മകനൊപ്പം ജി വേണുഗോപാല്‍



കൊച്ചി > 'പുനരധിവാസം' എന്ന ചിത്രത്തിനു വേണ്ടി 21 വർഷം മുമ്പ് പാടിയ ഗാനം മകന്‍ അരവിന്ദ് വേണുഗോപാലിനൊപ്പം വീണ്ടും പാടി ജി വേണുഗോപാല്‍. ഗാനം രചിച്ച സുഹൃത്ത് ഗിരീഷ് പുത്തഞ്ചേരിയ്‌ക്ക് സമര്‍പ്പിച്ചാണ് ഹൃദയവേണു ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലില്‍ ഗാനം റിലീസ് ചെയ്‌തത്. ലൂയി ബാങ്ക്സും ശിവമണിയുമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകര്‍. പാട്ടിന്റെ പിറവിയെ പറ്റി ജി വേണുഗോപാല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍  പറഞ്ഞതിങ്ങനെ: പാടുന്നൂ വിഷുപ്പക്ഷികൾ . പുനരധിവാസത്തിലെ ഈ കവിതയുടെ ഈണം കലഹപ്രിയനായ എന്റെ കൂട്ടുകാരൻ പുത്തൻ്റെ (ഗിരീഷ് പുത്തഞ്ചേരി) ക്രെഡിറ്റിൽ കിടക്കട്ടെ! പാട്ടുകളുടെ വരണ്ട കാലത്താണ് ഞാൻ വി കെ പി യെ (വി കെ പ്രകാശ് ) പരിചയപ്പെടുന്നത്. ഒരു വൈകുന്നേരം മുഴുവൻ ശ്രുതിയും താളവുമില്ലാതെ പാടി നിറച്ച വി കെ പി "പിന്നെക്കാണാം വേണൂ" എന്ന് പറഞ്ഞ് എന്നെ യാത്രയാക്കി. പിന്നീട് പുത്തന്റെ വിളിയാണ് വരുന്നത്. "ഞാനിവിടെ ഹോട്ടൽ ആദിത്യയിലുണ്ട്. വേണുവേട്ടനിങ്ങ് വാ. നമുക്ക് പാടണ്ടേ? കുറച്ച് നാളായല്ലോ. മദ്രാസിൽ അത്യപൂർവ്വമായി മാത്രം വരുന്ന പതിന്നാല് ദിവസത്തെ ഒരു ശൈത്യകാലത്തിലെ ഉച്ചയ്‌ക്ക് ഞാൻ ആദിത്യയിലെത്തി വാതിൽ മുട്ടി. "നമുക്ക് ഒരു കവിത ട്യൂൺ ചെയ്യണം. പുതിയ ഡൈറക്‌ടർ, വി കെ പി. മലയാളം ലവലേശം അറിയാത്ത രണ്ട് ആശാന്മാർ, ലൂയി ബാങ്ക്സും ശിവമണിയും സംഗീതം. ഈ കവിത നമ്മുടെ സംഗീതത്തിൽ മതി!. ചന്ദനക്കുറിയണിഞ്ഞ് സുസ്മേരവദനനായി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളാൽ പുത്തൻ ഇത് പറഞ്ഞപ്പോൾ എന്റെയുളളിലെ ചില പ്രാചീന വൈരങ്ങൾ, പരിഭവങ്ങൾ, ഉണർന്നു. പലരും പലതും പറഞ്ഞ് ഞാനറിയുന്നുണ്ടായിരുന്നു. കുറേ നാളായി മനസ്സിൽ കൊണ്ട് നടന്ന ചില കാര്യങ്ങൾ മുഖത്ത് നോക്കി ഞാൻ ചോദിച്ചു. പുത്തൻ ഇങ്ങോട്ടും! കലഹാന്ത്യത്തിൽ പുത്തൻ ബ്രഹ്മാസ്‌ത്രം പുറത്തെടുക്കും; സ്വന്തം എഴുത്താണി. എന്നിട്ടത് റൈറ്റിംഗ് ബോർഡിന് നേരെ കിഴുക്കാം തൂക്കായ് പിടിച്ചിട്ടൊരു ഡയലോഗുണ്ട്. " വേണുവേട്ടൻ ഇക്കേട്ടത് സത്യമാണെങ്കിൽ ഈ പേനയുടെ മുന ഒടിയുന്നതിനൊപ്പം എന്നുള്ളിലെ വാക്കുകളും തിരിച്ചെടുക്കേണമേ അമ്മേ ...." അപ്പോൾ റൈറിംഗ് ബോർഡ് എൻ്റെ ഹൃദയമാകും. ഹൃദയത്തിന് നേരെ ഓങ്ങിയ കഠാര ഞാൻ കൈയ്യാൽ തടുക്കും. ഇരുപത് മിനിറ്റിനുള്ളിൽ ഉരുത്തിരിഞ്ഞ് വന്ന ട്യൂണാണിത്. നിരാശയിൽ തുടങ്ങി പ്രത്യാശയിൽ കൊണ്ടെത്തിക്കുന്ന പുത്തൻ്റെ മാജിക്ക്. "ഓർമ്മകൾ മഞ്ഞുപാളികൾ മാറ്റി ഇന്നും നിന്നെ വിളിക്കവേ .... സ്നേഹസാന്ദ്രമായ് പൂക്കുന്നൂ വീണ്ടും " പുത്താ, നിന്നെക്കുറിച്ചുള്ള ഓർമ്മമൊട്ടുകൾ!. Read on deshabhimani.com

Related News