രാഗദേവങ്ങളിലെ കായാമ്പൂക്കൾ; പോരൂ, ദേവരാജ സന്നിധിയിലേക്ക്‌..



സ്വരസന്നിഭമായ ഒരു പാട്ടുപാതയിലൂടെ രാഗാർദ്ര സുഗന്ധങ്ങൾ നുകർന്ന്‌ യാത്ര ചെയ്യാൻ തോന്നുന്നുണ്ടോ ? എങ്കിൽ പോരൂ,  ദേവരാജ സന്നിധിയിലേക്ക്‌. കേട്ടാൽ മതിവരാത്ത ഈണങ്ങളുടെ വറ്റാത്ത പാട്ടുനാഴിയുണ്ടവിടെ. നമ്മുടേതായ സംഗീതദുന്തുഭികളിലൂടെ ആകർഷിക്കുന്ന മറ്റൊരു പ്രതിഭ വേറെയില്ല. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 95 വയസ്‌. ആ ഹാർമോണിയം നിശബ്‌ദമായിട്ട്‌ 16 വർഷം. കച്ചേരികളിലൂടെ ആ നാദം പൊതുവീചിയിൽ അലിയാൻ തുടങ്ങിയിട്ട്‌ 75 വർഷം. ചലച്ചിത്ര രംഗത്തെത്തി ആദ്യമായി പാട്ടുകൾ വൻഹിറ്റായി മാറിയ ‘ ഭാര്യ ’ ഇറങ്ങിയിട്ട്‌ 60 വർഷം. തന്റെ രാഷ്‌ട്രീയ നിലപാടിന്‌ രക്തരാശി നൽകി കേരളം നെഞ്ചേറ്റിയത്‌ ‘ പൊന്നരിവാൾ... ’ ഗാനങ്ങളിൽ. അവ പിറന്ന്‌ മണ്ണിൽ വീണ നാടകം ‘ നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി ’  ( തോപ്പിൽഭാസി ) 70 പിന്നിട്ടിരിക്കുന്നു. പാടിയും പാടിച്ചും തഴുകിയും തർക്കിച്ചും മലയാളത്തിന്റെ മധുര വേരുകളിലൊന്നായി മാറിയ ദേവരാജൻ മാസ്റ്ററുടെ ജീവിതത്തിന്‌ ഇങ്ങിനെ ഒട്ടേറേ പ്രധാന്യമുള്ള വർഷം 2022. അതുകൊണ്ട്‌ നമ്മൾ വീണ്ടും ആ ഗാനാരാമത്തിലൂടെ ഒന്നു നടന്നു പോകുന്നു. അലഞ്ഞും നുകർന്നും മഹത്തായ സംഗീത, കലാപാരമ്പര്യവും അതിന്‌ തിടംകൊടുത്ത ചുറ്റുപാടുമാണ്‌ ദേവരാജനെന്ന പ്രതിഭാധനനെ കാലം പുതിയൊരു ദൗത്യമേൽപ്പിച്ചത്‌. ഭാഗവതരായ അഛൻ പരവൂർ കൊച്ചു ഗോവിന്ദനാശാന്റേയും കഥകളി കലാകാരനായിരുന്ന മുത്തഛന്റേയും പിൻമുറക്കാരൻ. കൊല്ലം ജില്ലയിലെ മനോഹര പ്രദേശളിലൊന്നാണ്‌ കായലോളങ്ങളും കാറ്റും തിളങ്ങുന്ന തെങ്ങോലകളും വഴിയൊരുക്കുന്ന പരവൂർ. ട്രെയിൻയാത്രകളിൽ ഇന്നും മാടിവിളിക്കുന്ന ഉപദ്വീപുകളാൽ മാലകോർത്ത ദേശം. അവിടെ വാദ്യ ഉപകരണങ്ങളും വായ്പാട്ടും ഹൃദയത്തിലേക്ക്‌ പെറുക്കിവച്ച്‌ നടന്ന ദേവരാജൻ ആദ്യം കൊച്ചു കച്ചേരികളിൽ താരമായി. പാട്ടിന്റെ ഹൃദയവിശാലത നൽകിയ മാനവികതയുടെ തലം കമ്മ്യൂണിസത്തിലെത്തിച്ചു. അതൊരു വഴിത്തിരിവായി. ചിന്തയും വീക്ഷണവും ബന്ധങ്ങളും മാറി. മാനവ മോചനത്തിന്റെ ആശയപ്രപഞ്ചങ്ങളെ ആയിരങ്ങളിലേക്ക്‌ പകരാൻ കഴിയുന്ന പാട്ടുകൾ പിറന്നു. നാളെയുടെ ഗാട്ടുകാരനാണ്‌ പാട്ടുകാരനെന്ന രാഷ്‌ട്രീയ ബോധം മലയാളക്കരയുടെ മുഖഛായ മാറ്റിയ വിപ്ലവ ബാധയ്‌ക്ക്‌ ചൂട്ടുപിടിച്ചു. താരപ്രഭയിൽ ഇന്നും ദേവരാജൻ ഒരു ഹർമോണിയം മാത്രം വച്ച്‌ പാടിയതും പാടിക്കൊടുത്തതുമായ ഗാനങ്ങളുടെ ഓഡിയോ–-വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ താരപ്രഭയോടെ കൈമാറ്റം ചെയ്യുന്നുണ്ട്‌. ‘‘ നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും...’’,  ‘‘ പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളെ..’’, ‘‘ ഒന്നിനി ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലേ..’’ തുടങ്ങി എത്രയോ പാട്ടുകളുടെ പിറവിയുണർത്തിയ മോഹലയങ്ങൾ. കേൾക്കുമ്പോഴുള്ള അനായസസുഖം,  അടുക്കിവച്ച താളനിര, ഒതുക്കിയിണക്കിയ രാഗരസം, അണപൊട്ടിയെത്തുന്ന വികാരഭാവങ്ങൾ; വളരെ ശാസ്‌ത്രീയമായി ചിട്ടപ്പെടുത്തുന്നതാണ്‌ മാസ്റ്ററുടെ രീതി. അതിനോട്‌ ക്ലാസിക്കലും ഫോക്കും കലർത്തിയുള്ള വഴി മലയാളത്തിന്‌ പുതുമയായി മാറി. അർത്ഥവും പദവൃത്തിയും സന്ദർഭവും പാട്ടിൽ നിന്ന്‌ ഇറ്റ്‌ വീഴണം എന്നാണത്രെ കണക്ക്‌. പാട്ടുപ്രേമികളെല്ലാം ഇന്നും മൂളുന്ന ‘‘ പ്രിയസഖി ഗംഗേ പറയു പ്രിയമാനസനെവിടേ ..’’ എന്ന വയലാർ ഗാനം എന്തുകൊണ്ടാണ്‌ അങ്ങിനെ ചിട്ടപ്പെടുത്തിയത്‌ എന്ന്‌ പലരും സംശയിച്ചിരുന്നു. പ്രത്യേകിച്ചും ‘ഗംഗേ..’  ‘ പ്രിയമാനസനെവിടേ..’’ എന്നിങ്ങനെയുള്ള ഉറച്ച വിളികൾ. ഗംഗ പോലെ സുന്ദരമായ നദിയേയും പ്രിയമാനസനേയും കുറച്ചു കൂടി മൃദുവായല്ലേ വിളിക്കേണ്ടത്‌ ? അദ്ദേഹം തന്നെ അക്കാലത്ത്‌ അതിന്‌ മറുപടി നൽകിയിരുന്നു: ‘‘ തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവനെ കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയ പ്രേയസിയുടെ ഹൃദയമുരുകിയുള്ള ചോദ്യമാണത്‌. അത്ര രൂക്ഷമായി തന്നെ ചോദിച്ചാലേ ആ സന്ദർഭത്തിനു യോജിക്കൂ ’’  എന്നായിരുന്നു വിശദീകരണം. തങ്കസൂര്യേദയത്തിന്റെ ഈണം ദേവരാജൻ മറ്റൊരു കമ്മ്യൂണിസ്‌റ്റുമായി ചേർന്ന്‌ സൃഷ്ടിച്ച വിപ്ലവ ഗാനങ്ങളുടെ പ്രകീർത്തികൾ സ്വാഭാവികം. എന്നാൽ നിരീശ്വരവാദിയായ ദേവരാജൻ രൂപം നൽകിയ ഭക്തിഗാനങ്ങളുടെ ഇന്നും ജീവൻ തുടിക്കുന്ന പ്രയാണമോ ? ‘‘ ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും, ശബരി മലയിൽ തങ്ക സൂര്യോദയം, ചെത്തി മന്ദരം തുളസി പിച്ചക മാലകൾ ചാർത്തി, നിത്യ വിശദ്ധയാം കന്യാമറിയമേ...’’ തുടങ്ങി എത്ര പാട്ടുകൾ വിശ്വാസികളായ എത്രയോ ലക്ഷങ്ങളുടെ ഹൃദയം കീഴടക്കി. ഒരു പക്ഷെ, കമ്മ്യൂണിസ്‌റ്റ്‌ ആശയ പ്രപഞ്ചം നൽകിയ തിരിച്ചറിവാകണം മറ്റുള്ളവരുടെ മനസിനെ ഇത്ര തീവ്രമായി വായിക്കാൻ വയലാറിനേയും ദേവരാജനേയും പ്രാപ്തമാക്കിയത്‌. ‘ ഹരിവരാസനം വിശ്വമോഹനം ’ എന്ന കീർത്തനവും സനിമയ്‌ക്ക്‌ വേണ്ടി ഒരുക്കിയത്‌ ദേവരാജനാണ്‌. അല ഞൊറിയുന്ന പൂങ്കാറ്റുകൾ മാസ്‌റ്ററുടെ ചരമദിനം ( മാർച്ച്‌ 15 ) കഴിഞ്ഞ ദിവസം കടന്നു പോയി. തിരുവനന്തപുരത്തെ മാനവീയംവീഥിയിലുള്ള വയലാർ –- ദേവരാജൻ തെരുവിൽ പലരും വന്ന്‌ പാടി പ്രണയ, വിരഹ ഗാനങ്ങൾ. പ്രണയത്തെ നാട്ടുശീലുമായി ഇത്രകൂട്ടിച്ചേർത്ത മറ്റൊരു സംഗീതകാരൻ ഇല്ല. ‘‘ കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും...’’ പുല്ലാങ്കുഴലിന്റെ നേർത്ത അകമ്പടിയിൽ വിടർന്നു വരുന്ന ഗാനവല്ലരിയിൽ പ്രണയിനിയുടെ വർണനയ്‌ക്കാണ്‌ ദേവരാജൻ ഈണമിട്ടത്‌. വയലാർ പക്ഷെ, അതിനുമൊക്കെ അപ്പുറത്തായിരുന്നു നിലകൊണ്ടത്‌. പ്രകൃതിയുടെ വൈവിധ്യങ്ങളേടയും താളാത്മക സൗന്ദരൃങ്ങളേയും കാമുകിയിൽ ആരോപിക്കുകയായിരുന്നു. ഒന്നു കൂടെ കേൾക്കുമ്പോൾ ആ ലോകവും ദേവരാജൻ കാണിച്ചു തരുന്നു. ‘‘ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം... ’’ എന്ന്‌ കേൾക്കുമ്പോൾ  ‘‘ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി ’’ എന്ന്‌ സ്വയം പാടാത്ത എത്രപേരുണ്ടാവും ഭൂമിയിൽ ?  ‘‘ ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ ? ’’ എന്ന്‌ ചോദിക്കുന്നതോ, ഓരോരുത്തരുടേയും ഹൃദയം തൊട്ട്‌. ‘‘ സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ സീമകളുമ്മവയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ഹർഷലോലനായ്‌ നിത്യവും നിന്റെ ഹംസതൂലികാ ശയ്യയിൽ..’’ എന്ന ഗാനത്തിന്‌ ഇതിലും മനോഹരമായ എന്നല്ല, ഇതല്ലാതെ എന്ത്‌ ഈണമാണുളളത്‌ എന്നാണ്‌ ഇന്ന്‌ നാം ചിന്തിക്കുക. ‘‘ സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്‌നം വിളയും ഭൂമി ’’... യിൽ കാമുകിയുടെ നാട്ടിലെ കാറ്റിനോടും വെയിലിനോടും അവളുടെ മെയ്യും മനസും കണ്ടിട്ടുണ്ടോ എന്ന്‌ പ്രണയ തുന്തിലനായി ചോദിക്കുന്ന കാമുകനാണ്‌ മുന്നിൽ ദൃശ്യമാവുക. ഏതാണോ ഭാവം അതിന്റെ പരകോടിയിലെത്തിക്കുന്ന മാന്ത്രിക സ്‌പർശം ദേവരാജന്‌ മാത്രം സ്വന്തം. മലയാളത്തിന്റേതായ വഴി പാട്ടിൽ കെട്ടി ഉയർത്തിയതാണ്‌ മാസ്റ്ററുടെ പ്രധാന സംഭാവന. ശാസ്‌ത്രീയതയ്ക്ക്‌ പ്രധാന്യം നൽകുമ്പോഴൂം കർണാടികിന്റെ അമിത പ്രയോഗത്തിൽ മുഴുകിയില്ല. ഏതൊരാളും പിടഞ്ഞടുക്കുന്ന നാട്ടുസംഗീത വഴികളെ ചേർത്തു വയ്ക്കുകയും ചെയ്‌തു. വരികൾ സംഗീതമിട്ട്‌ വരുമ്പോൾ ഏതെങ്കിലും രാഗ ഛായ രൂപപ്പെടുകയാണെങ്കിൽ അതിൽ പൂർത്തിയാക്കാറുണ്ടെന്ന്‌ മാസ്‌റ്റർ പറഞ്ഞിട്ടുണ്ട്‌. അല്ലാതെ രാഗം നിശ്‌ചയിച്ച്‌ പാട്ടുണ്ടാക്കുകയല്ല. വയലാർ നിത്യഹരിത വനാന്തരങ്ങളിൽ മാത്രം കാണുന്ന ‘ കായാമ്പൂ ’ പാട്ടിൽ ചേർത്ത്‌ വച്ചു. അതുപോലെ പുരാതന കാലം മുതലുള്ള നമ്മുടെ പാട്ടുവാസനകളെ ആറ്റിക്കുറുക്കിയതാകുമോ ദേവരാജന്റെ നിത്യവസന്തത്തിനു പിന്നിൽ. 1955 ൽ ‘ കാലം മാറുന്നു ’ വിൽ ‘‘ ആ മലർപൊയ്കയിൽ ’’ എന്ന പാട്ടിലൂടെ തുടങ്ങി മുന്നൂറ്റമ്പതിലധികം സിനിമകൾക്ക്‌ സംഗീതം പകർന്നു. നാടക, ലളിത ഗാനങ്ങൾ വേറെ. കർണാടിക്‌, ഹിന്ദുസ്ഥാനി, പാശ്‌ചാത്യം എന്നിങ്ങനെ ഏത്‌ വിഭാഗത്തിലും കമ്പോസ്‌ ചെയ്യുമെങ്കിലും മാസ്‌റ്റർ പീസുകൾ അധികവും പിറന്നത്‌ തനിനാടൻ ചാർച്ചകളിലാണ്‌. വിപ്ലവ മനസുകളുടെ വഴക്കങ്ങളിൽ എല്ലാ കാലങ്ങളുടേയും ഈടുവയ്പുകളുണ്ടെന്നത്‌ സത്യം. ആയിരക്കണക്കിന്‌ ഗാനങ്ങൾ ചെയ്ത അദ്ദേഹം യഥാർത്ഥ ‘ മാസ്‌റ്റർ ’ തന്നെയായിരുന്നു. ഏറ്റവും പുതിയ തലമുറയിലുള്ള ഗായകരോട്‌ ഒരു പാട്ട്‌ ചീട്ടെടുക്കാൻ പറഞ്ഞാലും എടുക്കുക മാസ്‌റ്ററുടെ പാട്ട്‌. നിത്യഹരിതത്തിനിനി എന്തു വേണ്ടു..... Read on deshabhimani.com

Related News