കാട്ടുക്കുറിഞ്ഞി ചൂടിയ പാട്ടുകൾ

ദേവദാസ്


ആലപ്പുഴ ചിങ്ങോലി ഗ്രാമത്തിൽ കവിതകൾ എഴുതി നടന്ന ഒരു ബാലനുണ്ടായിരുന്നു, ദേവദാസ്. ആദ്യകാലത്ത് എഴുതിയ വരികൾ ആരെയും കാണിക്കാതെ  മയിൽപ്പീലി പോലെ സൂക്ഷിച്ചു. കാലംമാറി പഴയ ബാലൻ  കൗമാരക്കാരനായി. നാട്ടിൻപുറത്തെ അമച്വർ നാടകങ്ങളിൽ ചില പാട്ടുകൾ എഴുതി. എഴുതിയ വരികൾ നാലുപേർ നല്ലതെന്ന് പറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി. ആ ഒരു ധൈര്യത്തിൽ നേരെ റെഡ്യാർ സ്വാമിയുടെ അടുത്തേക്ക്.  കുങ്കുമം, കുമാരി, നാന, കേരള ശബ്ദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്ന സ്വാമിക്ക് വരികൾ നന്നേ ബോധിച്ചു. സ്വാമി നിർമിക്കുന്ന പുതിയ സിനിമ, ബാലചന്ദ്ര മേനോൻ സംവിധായകൻ. കവിത കൊണ്ടുവന്ന കൗമാരക്കാരനെ നോക്കി സ്വാമി പറഞ്ഞു, ‘അടുത്ത സിനിമയിൽ താനാണ് പട്ടെഴുതുന്നത്‌.’ 21–--ാം വയസ്സിൽ രാധ എന്ന പെൺകുട്ടി എന്ന ചിത്രത്തിനുവേണ്ടി "കാട്ടുക്കുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട് നടന്ന പെണ്ണിനെ വർണിച്ച് പാട്ടെഴുത്തിന് നാന്ദി കുറിച്ച ദേവദാസ് 1978 മുതൽ 1990 വരെ ഒരു വ്യാഴവട്ടക്കാലം 600ൽ അധികം പാട്ടുകളുമായി മലയാളിയുടെ ഹൃദയത്തെ കോരിത്തരിപ്പിച്ചു. എല്ലാത്തരം പാട്ടും വഴങ്ങുന്ന തൂലികയായിരുന്നു ദേവദാസിന്റേത്. രാധ എന്നെ പെൺകുട്ടിയിലെ എല്ലാ പാട്ടും ഹിറ്റായി. തുടർന്ന് ബാലചന്ദ്ര മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കേൾക്കാത്ത ശബ്ദത്തിലെ "കന്നി പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കേ എന്റെ മനസ്സിൽ പൗർണമി തെന്നലായ് പുൽകാൻ നീ വന്നു’–- കെ ജി മാർക്കോസ് എന്ന ഗായകന് സിനിമയിൽ ബ്രേക്ക് നൽകിയ ഗാനം ദേവദാസിന്റെ തൂലികയിൽ പിറന്നതാണ്‌.  ഗാനരചനയുടെ തിരക്കുകളിലും തന്റേതായ ലോകത്തിലൂടെ സഞ്ചരിച്ച ഗാനരചയിതാവായിരുന്നു ദേവദാസ്. രാധ എന്ന പെൺകുട്ടിയിലെ പാട്ടെഴുതാൻ വാസ്തവത്തിൽ എത്തേണ്ടിയിരുന്നത് ഒ എൻ വിയായിരുന്നു. ഒ എൻ വിയെ ബാലചന്ദ്ര മേനോൻ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു. അവസാന നിമിഷമാണ് നിർമാതാവ് റെഡ്യാർ ദേവദാസിന്റെ പേര് ബാലചന്ദ്ര മേനോനോട് പറഞ്ഞത്. പി ഭാസ്കരൻ, ഒ എൻ വി, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, കാവാലം തുടങ്ങിയ പ്രഗത്ഭർ അരങ്ങുവാണ പട്ടെഴുത്ത് ലോകത്ത് ദേവദാസും തന്റേതായ ഇടംകണ്ടെത്തി. "നാണം നിൻ കണ്ണിൽ നിൻ രൂപം എന്നുള്ളിൽ എൻ ആമോദ വേള ദാഹം നിൻ കണ്ണിൽ നിൻ ഗാനം എൻ കാതിൽ കേൾക്കാത്ത ശബ്ദത്തിൽ ദേവദാസിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ട്‌ ജയചന്ദ്രനും  മാധുരിയും ആലപിച്ച ഗാനം ജയചന്ദ്രന്റെ സംഗീതജീവിതത്തിലും മറക്കാൻ കഴിയില്ല. നിഴൽ യുദ്ധത്തിൽ യേശുദാസും  സുശീലയും പാടിയ കെ ജെ ജോയി സംഗീതസംവിധാനം നിർവഹിച്ച "നീ എന്റെ അഴകായ് വർണമലരായ് പൂത്തുനിന്നു മനസ്സിൽ മധുരമേറും നീ എന്നിൽ പൊൻ മരാളം അറിയാതെ എന്റെ അരികിൽ കഥ പറയാൻ വന്നുനിന്നു.’ 1980കളിലെ പ്രണയിനികൾക്ക് ഹരം പകർന്നു. അതേ ഗണത്തിൽപ്പെടുത്താവുന്ന മറ്റൊരു വിരഹവും വിഷാദവുമായ ഗാനമായിരുന്നു പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലെ  "സ്വപ്നം വെറുമൊരു സ്വപ്നം സ്വപ്നം... സ്വപ്നം മാനസം വിങ്ങി, നിമിഷങ്ങൾ തേങ്ങി വിട ചൊല്ലിടാനായി’  –-ജോൺസൺ നൽകിയ സംഗീതം ഏറെ ഹൃദയഹാരിയായിരുന്നു. പി സുശീലയുടെ പാട്ടുജീവിതത്തിലെ ഏറ്റവും ഹൃദ്യമായ വരികൾ എഴുതാൻ കഴിഞ്ഞത് ദേവദാസ്‌ ഭാഗ്യമായി കരുതുന്നു.  ‘സപ്തസ്വര രാഗ ധാരയിൽ അലിയും എൻ സ്വപ്നേ വേദിയിൽ ഞാനിരുന്നു ഞാനെൻ സ്നേഹത്തിൻ മണിദീപം മീട്ടുവാൻ വരുമോ എന്നരികിൽ തരുമോ രാഗ സുധം’ –-കെ ജെ ജോയി സംഗീതം പകർന്ന വരികൾ നിഴൽക്കൂത്ത് എന്ന സിനിമയിലേതായിരുന്നു. രവീന്ദ്രൻ ഈണമിട്ട ആദ്യാനുരാഗം എന്ന ചിത്രത്തിലെ ‘രാഗം... അനുരാഗം ആദ്യത്തെ അനുരാഗം കാറ്റേ കടലേ പാടു പ്രിയരാഗം’ പ്രേമഗീതങ്ങളിലെ വിഷാദമൂകമായ ഒരു ഗാനമായിരുന്നു. യേശുദാസും വാണി ജയറാമും ചേർന്നു പാടിയ ഹിറ്റായ യുഗ്മഗാനം,   "മുത്തു മൂടി പൊന്നും നീ ചൂടി വാ ചന്ദനേ തേരിലായ് ചെല്ലക്കാറ്റേ... മണ്ണിൽ വിണ്ണിൽ നീളെ വസന്തം’  പ്രേമഗീതങ്ങളിലെ "നീ നിറയു ജീവനിൽ പുളകമായ് ഞാൻ പാടിടാം ഗാനമായ് ഓർമകൾ തെളിയുമീ ദീപമായ്  ഇരുളുമീ മനമിതിൽ’ എന്ന ഗാനവും ദേവദാസിന്റെ അനശ്വര തൂലികയിൽ പിറവിയെടുത്തു. മറ്റൊന്ന്‌  ജയചന്ദ്രന്റെ എക്കാലത്തെയും ഹിറ്റ്ഗാനം നാഗമഠത്ത് തമ്പുരാട്ടിക്കുവേണ്ടി എം കെ അർജുനൻ ഈണമിട്ട "മാൻ മിഴിയാൽ മനം കവർന്നു തിരുമധുരമുള്ളിൽ പകർന്നുതന്നു ദേവതയായി നീ തേരിൽ വന്നു ആത്മാവിൽ ആദ്യമായി കുളിരണിഞ്ഞു.’ ഈ പാട്ട് പിറവിക്ക് പിന്നിൽ മറ്റൊരു ചരിത്രംകൂടിയുണ്ട്. ഇതേ ഈണത്തിൽ മറ്റു ചില വരികളായിരുന്നു ചിട്ടപ്പെടുത്തിയത്. എന്നാൽ, അന്നു  രാത്രി ദേവദാസിന് ഈ വരികളോട് അത്ര മമത  തോന്നിയില്ല. പിറ്റേദിവസമാണ് പാട്ട് റെക്കോഡിങ്. ഒറ്റരാത്രി കൊണ്ട് പാട്ട് മാറ്റാനും കഴിയില്ല. ആകെ ടെൻഷൻ.  വിഷയം അർജുനൻ മാഷിനെ ധരിപ്പിച്ചു. പുതുതായി എഴുതിയ വരികൾ അർജുനൻ മാഷ് എടുത്തുവായിച്ചു. ദേവദാസിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. സിനിമയുടെ സംവിധായകൻ ശശികുമാറിനും പുതിയ വരികൾ ഇഷ്ടപ്പെട്ടു. അങ്ങനെ മലയാള സിനിമാ പാട്ടുലോകത്തിന് നിത്യഹരിതമായ ആ ഗാനം പിറന്നു. ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് സമ്മാനിച്ച മുതുകുളം ഗ്രാമത്തിൽ ഭാര്യ സുജാതയോടൊപ്പം ജീവിതസായാഹ്‌നത്തിലും ആൽബം ഗാനങ്ങളുടെ രചനയിൽ സജീവമായി ദേവദാസ് പാട്ടിന് കൈയൊപ്പ് ചാർത്തുന്നു. ദേവദാസ് –-സുജാത ദമ്പതികൾക്ക് രണ്ട് മക്കൾ സാരംഗും  ശ്വേതയും. Read on deshabhimani.com

Related News