'ക്ളിന്റ്' സിനിമയുടെ ഓഡിയോ പ്രകാശനംചെയ്തു



കൊച്ചി > ഹരികുമാര്‍ സംവിധാനംചെയ്ത് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ക്ളിന്റ്' എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ഗോകുലം പാര്‍ക്കില്‍ നടന്നു. സംഗീതസംവിധായകന്‍ ഇളയരാജ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നല്‍കി ഓഡിയോ സിഡി പ്രകാശനംചെയ്തു. യഥാര്‍ഥ ജീവിതം ചലച്ചിത്രമാക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംഗീതസംവിധായകന്‍ എന്ന നിലയില്‍ നേരിട്ടതായി ഇളയരാജ പറഞ്ഞു. മുന്‍കാലങ്ങളിലെപ്പോലെ അവസരത്തിനനുസരിച്ച പാട്ടുകള്‍ രചിക്കുന്നതിനും സംഗീതം നല്‍കുന്നതിനും ഇപ്പോള്‍ അവസരം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴുവയസ്സിനുള്ളില്‍ മുപ്പതിനായിരത്തിലധികം ചിത്രങ്ങള്‍ വരച്ചുതീര്‍ത്ത അപൂര്‍വ പ്രതിഭയാണ് ക്ളിന്റ്. ആലപ്പുഴയിലാണ് സിനിമയുടെ പ്രധാന ചിത്രീകരണം നടന്നത്.  സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം മുല്ലപ്പറമ്പില്‍ തോമസ് ജോസഫിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏകമകനായിരുന്നു എഡ്മണ്ട് തോമസ് ക്ളിന്റെന്ന ക്ളിന്റ്. രണ്ടുവയസ്സില്‍ ചിത്രംവരയ്ക്കാന്‍ ആരംഭിച്ച ക്ളിന്റ് ഏഴുവയസ്സ് തികയാന്‍ ഒരുമാസം ശേഷിക്കെയാണ് കരള്‍രോഗബാധിതനായി മരിക്കുന്നത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലും അഭിനയിക്കുന്ന ചിത്രത്തില്‍ ക്ളിന്റായി അഭിനയിക്കുന്നത് മാസ്റ്റര്‍ അലോകാണ്. ഹരികുമാര്‍, ഗോകുലം ഗോപാലന്‍, ഗാനരചയിതാവ് പ്രഭാവര്‍മ, അഭിനേതാക്കളായ ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, മാസ്റ്റര്‍ അലോക്, സന്തോഷ് കീഴാറ്റൂര്‍, തിരക്കഥാകൃത്ത് കെ വി മോഹന്‍കുമാര്‍, സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ജോഷി, ക്ളിന്റിന്റെ മാതാപിതാക്കളായ ജോസഫ്, ചിന്നമ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. Read on deshabhimani.com

Related News