ആരാവലിയിലെ ഘേജ്രി വൃക്ഷങ്ങള്‍



 " ഘ്രേജ്രി എന്നാൽ ഒരു വൃക്ഷം’ ഇങ്ങനെ പറഞ്ഞാൽ രാജസ്ഥാനിലെ ആൾവാറുകാർ ഉടനെ കൂട്ടിച്ചേർക്കും–- "വൃക്ഷം മാത്രമല്ല, ഞങ്ങളുടെ ചോരപുരണ്ട ചെറുത്ത് നിൽപ്പിന്റെയും അടങ്ങാത്ത പോരാട്ട വീര്യത്തിന്റെയും പ്രതീകം കൂടിയാണ് ഘേജ്രി.’ തലയെടുപ്പുളള ഘേജ്രി വൃക്ഷത്തെ കാണണമെങ്കിൽ ആരാവലി മലനിരകളിലെ ഉൾവനങ്ങളിൽ എത്തണം. ആൾവാർ ജില്ലയിലെ നിമ്ലിയിൽ  വന്യമൃഗശല്യമില്ലാത്ത  ചില മലകയറ്റ ചവിട്ടുപാതകൾ ഉണ്ട്. ആ പാതകളിലൂടെയുളള യാത്രകൾ ചേതോഹരമാണ്. അതിരാവിലെ ഉതിച്ചുയർന്ന സൂര്യനും ആൾവാർ തത്തകളുടെ സ്വാഗതമാശംസിക്കുന്ന ചിലമ്പലുകളും ഉന്മേഷം നൽകും. പക്ഷേ, അരകിലോമീറ്ററോളം മുകളിലോട്ട് കയറി താ‍ഴോട്ട് നോക്കിയപ്പോൾ കണ്ടത് ദാരിദ്ര്യത്തിന്റെ കണ്ണീരിൽ കുതിർന്ന കാ‍ഴ്ചകൾ. ആരാവലിയിലെ കല്ലും മണ്ണുമെടുത്താണ് ദില്ലിയും ഗുരുഗ്രാമുമെല്ലാം പടുത്തുയർത്തിയത്. നഗരങ്ങൾ അതിവേഗം വളർന്നു. പക്ഷേ,  താ‍ഴ്വരയിലെ തദ്ദേശീയരിലെ ഭൂരിഭാഗത്തിന്റെയും ജീവിതം ഇന്നും കൂരകളിൽത്തന്നെ. "പോകേണ്ടത് കീ‍ഴോട്ടല്ല, മേലോട്ടാണ്...’ ഹിന്ദുസ്ഥാൻ ദിനപത്രത്തിന്റെ ലേഖകനും പക്ഷി നിരീക്ഷകനുമായ സജ്ജയ് കുഷ്വാഹ ദിശ പറഞ്ഞുതന്നപ്പോൾ മിസോറം കാരനായ സോണാ സങ്ക  തിരുത്തി.  " കേരളീയർ മേലോട്ട് പോകുന്നതോടൊപ്പം ഇടക്കിടെ കീ‍ഴോട്ടും നോക്കാറുണ്ട്. അതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ താ‍ഴ്വാരങ്ങളിൽ ഇന്ന് ആരാവലി താ‍ഴ്വരയിൽ കാണുന്നതുപോലെ ദാരിദ്ര്യമില്ലാത്തത്" സോണാ സങ്കയുടെ നിരീക്ഷണം കുത്തനെയുളള മലകയറ്റത്തിൽ കിതയ്ക്കുന്നവരെ കുറച്ചുനേരം ചിരിപ്പിച്ചു. ആ ചിരി അധികം നീണ്ടുനിന്നില്ല. പാദങ്ങൾ പലതും മുൾപ്പടർപ്പുകളിൽ കുരുങ്ങി. ട്രാക്ക് ഷൂ ഇട്ടതുകൊണ്ട് ചോര പൊടിഞ്ഞില്ല. ആരാവലിയെന്നാൽ ഇന്ത്യയുടെ കി‍ഴക്കൻ ഹരിത ഭിത്തിയാണ്. ഘേജ്രി, പലാഷ് തുടങ്ങിയ വൻ മരങ്ങൾ,  ഈയം , റോക്ക്ഫോസ്‌ഫേറ്റ് തുടങ്ങിയ ധാതുക്കൾ, ചെറുതും വലുതുമായ നൂറുകണക്കിന് വന്യജീവികൾ, സബർമതി, ഭനാസ്, ലൂനി തുടങ്ങിയ നദികളുടെ  പ്രജനന ബിന്ദുക്കളായ ആയിരക്കണക്കിന് നീരുറവകൾ... പക്ഷേ, ഋതുക്കൾ മാറിമറയുന്ന വേഗതയിലാണ് മല നിരകൾ അപ്രത്യക്ഷമാകുന്നത്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ പാണ്ധല മല എട്ട് മാസംകൊണ്ടാണ് അനധികൃത ഖനനത്തിലൂടെ  ഇടിച്ചുനിരത്തിയത്. 2002ൽ സുപ്രീംകോടതി ആരാവലിയിൽ ഖനനം നിരോധിച്ചു. എന്നാൽ അനധികൃത ഖനനം മൂലം ആരാവലിയുടെ ഇരുപത്തഞ്ച് ശതമാനവും നാശോന്മുഖമായെന്ന്  സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി കണ്ടെത്തി. "ആരാവലി ബച്ചാവോ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ പരിസ്ഥിതി സ്നേഹികൾ  പ്രതിഷേധിക്കാറുണ്ട്. പക്ഷെ   അധികമാരും ഗൗനിക്കാറില്ല. ആരാവലിയിലെ വൃക്ഷങ്ങൾ കൂട്ടത്തോടെ നിലംപൊത്തിയപ്പോൾ ഭൂമിയിൽ കിളിർത്തത് പുൽപ്പടർപ്പുകളാണ്. വൃക്ഷങ്ങളിൽ തൂങ്ങിയാടുന്ന പക്ഷിക്കൂടുകൾ പതിവ് കാ‍ഴ്ച. എന്നാൽ അവശേഷിക്കുന്ന വൃക്ഷങ്ങളും ഉടനെ നിലം പൊത്തിയേക്കുമെന്ന തിരിച്ചറിവുകൊണ്ടാകണം പല പക്ഷികളും മൺതിട്ടകളിലെ പൊത്തുകളിലേക്ക്‌ താമസം മാറ്റിയിരിക്കുന്നു. "ഇതാണെന്ന് തോന്നുന്നു ആ വ‍ഴി... പണ്ട് അഭയ് സിങ്‌ ചക്രവർത്തി ഘേജ്രി വൃക്ഷം വെട്ടാനായി കാട്ടിലേക്ക്‌ കിങ്കരൻമാരെ അയച്ച വ‍ഴി...' സജ്ജയ് കുഷ്വാഹ കാണിച്ചുതന്ന വ‍ഴിയിലൂടെയായിരുന്നു പിന്നീടുളള മലകയറ്റം. വർഷം 1730. അഭയ് സിങ്‌ ചക്രവർത്തി രാജസ്ഥാനിലെ മാർവാർ മേഖല അടക്കിവാ‍ഴുന്ന കാലം. ചക്രവർത്തിക്ക്  പുതിയൊരു കൊട്ടാരം പണിയണം. തടി നല്ല ബലമുളളതുതന്നെ വേണം. ഒറ്റമാർഗമേ ഉളളൂ- "ആരാവലിക്ക്‌ മുകളിൽ കയറി ഘേജ്രി വൃക്ഷങ്ങൾ വെട്ടുക.’ അഭയ് സിങ്ങിന്റെ  ആജ്ഞ കേട്ടപ്പോൾ കിങ്കരൻമാർ  ഇത്തിരി ശങ്കിച്ചു. "അതിന് വൃക്ഷസ്നേഹികളായ ബിഷ്നോയ്കൾ സമ്മതിക്കില്ല.’ അഭയ് സിങ്‌ ചക്രവർത്തി  ക്ഷോഭിച്ചു, "ആർക്ക് വേണം അവരുടെ സമ്മതം?’ ഘേജ്രി വൃക്ഷങ്ങൾ കൂട്ടത്തോടെ കടത്തുന്നതിനായി അഭയ് സിങ്‌ ചക്രവർത്തി വൻ സൈന്യത്തെത്തന്നെ ഉൾവനത്തിലേക്ക്‌ അയച്ചു. മലമുകളിലെ ഏറ്റവും വലുപ്പമുളള വൃക്ഷത്തിന് സമീപം അവരെത്തി. ഒരമ്മയും മൂന്ന് പെൺകുട്ടികളും വൃക്ഷത്തൈ വലയംചെയ്തു നിൽക്കുന്നതാണ് സൈന്യം കണ്ടത്. അമൃതാദേവി ആയിരുന്നു ആ അമ്മ. "മാറി നിൽക്ക്‌... ഇല്ലെങ്കിൽ നാലിന്റെയും തല അറുക്കും.’ അമൃതാദേവിയും മക്കളായ അസുവും രാത്നിയും ബാഗുബായും  ഒരിഞ്ചുപോലും അനങ്ങിയില്ല. സൈനികർ നിഷ്‌കരുണം ആ അമ്മയുടെയും മക്കളുടെയും തലകൾ  അറുത്തിട്ടു. ആരാവലിയിലെ ഗ്രാമങ്ങൾ ഒന്നടങ്കം ഇളകി. അവർ ഘേജ്രി വൃക്ഷങ്ങളെ പുൽകി വനനശീകരണത്തെ ചെറുക്കാൻ ശ്രമിച്ചു. 363 ഗ്രാമീണരെയാണ് അന്ന് സൈന്യം കൊന്നൊടുക്കിയത്.  ഘേജ്രി തടിവെട്ടാനായി പോയ സൈനികർ മടങ്ങിയെത്താതായപ്പോൾ അഭയ് സിങ്‌ ചക്രവർത്തി ആരാവലി കയറി. ചീഞ്ഞളിഞ്ഞ ശവങ്ങളും മാനത്ത് വട്ടമിടുന്ന ക‍ഴുകന്മാരുമാണ് ചക്രവർത്തിയെ വരവേറ്റത്. ദുരന്ത ദൃശ്യങ്ങൾ കണ്ട ചക്രവർത്തി തലതല്ലിക്കരഞ്ഞു. "ഇല്ല, ഇനിയൊരിക്കലും ഞാൻ ഘേജ്രി വൃക്ഷങ്ങൾ വെട്ടില്ല.’ ഘേജ്രിയെ സംരക്ഷിക്കാനായി സ്വന്തം ജീവനും മക്കളുടെ ജീവനും ത്യജിച്ച അമൃതാദേവിയിൽ  നിന്നാണ് ഇന്ത്യയുടെ വൃക്ഷസംരക്ഷണ മുന്നേറ്റം ആരംഭിക്കുന്നത്. ഘേജ്രി വെട്ടിയാൽ ആ അമ്മയുടെയും മൂന്ന് മക്കളുടെയും നിലവിളി ആരാവലിയിൽനിന്ന്‌ മു‍ഴങ്ങുമെന്നാണ്‌  രാജസ്ഥാനിലെ പുകൾപെറ്റ പ‍ഴമൊ‍ഴി. "അതാ നമ്മുടെ ഘേജ്രി.’-  സജ്ജയ് കുഷ്വാഹയുടെ ആഹ്ലാദാരവം. എല്ലാവരും അത്ഭുതത്തോടെ ഘേജ്രി വൃക്ഷത്തെ സ്‌പർശിച്ചു.  വൃക്ഷത്തിന് നൂറ് വർഷത്തിലേറെ പ‍ഴക്കമുണ്ടത്രെ. ഓരോരുത്തരും  മാറി മാറി പോസ് ചെയ്തു. ചിലർ സെൽഫിയെടുത്തു. സൂര്യൻ കീ‍ഴക്കുനിന്ന് ആരാവലിയുടെ മേലോട്ട് ഉയരുകയാണ്. ഘേജ്രി വൃക്ഷത്തെ പുൽകി കീ‍ഴോട്ട് നോക്കിയപ്പോൾ കണ്ടത്, മലകൾ ഇടിച്ചെടുത്ത കല്ലും മണ്ണു ചുമന്നിറങ്ങുന്ന ട്രക്കുകളാണ്. അഭയ് സിങ്‌ ചക്രവർത്തിയുടെ കിങ്കരൻമാർ വെട്ടിമാറ്റിയത് ഘേജ്രി വൃക്ഷങ്ങളായിരുന്നെങ്കിൽ നവീന ചക്രവർത്തിമാർ മലകളെ ഒന്നാകെ പി‍ഴുതെടുക്കുന്ന തിരക്കിലാണ്. അമൃതാദേവിയുടെയും മക്കളുടെയും തേങ്ങൽ ഒരിക്കലും നിലയ്ക്കില്ല. Read on deshabhimani.com

Related News