സിക വൈറസ്‌ ; പേടി വേണ്ട; വേണം ജാഗ്രത



തിരുവനന്തപുരം സിക വൈറസ്‌ സംസ്ഥാനത്ത്‌ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ട. ഭൂരിപക്ഷം ആളുകളിലും ആശുപത്രിവാസംപോലും വേണ്ടാത്ത, മരണസാധ്യത വളരെ കുറഞ്ഞ രോഗമാണിത്‌. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി, ഈഡിസ്‌ ആൽബോ പിക്റ്റസ്‌ കൊതുക്‌ വളരാനുള്ള സാഹചര്യം ഇല്ലാതാക്കി ആരോഗ്യ ജാഗ്രത പാലിച്ചാൽ സികയെ പേടിക്കേണ്ടതില്ല. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്‌ ഈഡിസ് കൊതുക്‌ മുട്ടയിടുക‌. കുപ്പി, ഉപയോഗശൂന്യമായ പാത്രം, ടയർ ഉൾപ്പെടെ വെള്ളം കെട്ടിനിൽക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കണം. ടെറസ്, പൂച്ചട്ടി, ഫ്രിഡ്‌ജിന്‌ പുറകിലുള്ള ട്രേ, റബർ തോട്ടത്തിലെ ചിരട്ട എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കണം. കറുപ്പ് നിറവും ആറ്‌ കാലിലും മുതുകിലും വെളുത്ത വരകളുള്ള കൊതുകുകൾ അതിരാവിലെയും വൈകുന്നേരവുമാണ് ഇറങ്ങുക.  ലേപനം, കൊതുകുതിരി, കൈനീളമുള്ള വസ്ത്രം എന്നിവ ഉപയോഗിച്ചും കൊതുകിൽനിന്ന്‌ രക്ഷനേടാം. ലക്ഷണങ്ങൾ വൈറസ്‌ ശരീരത്തിലെത്തി 3 –- 14 ദിവസത്തിനകം നേരിയ പനി, തലവേദന, ശരീരത്തിൽ ചുവന്ന പാട്‌, ചെങ്കണ്ണ്, സന്ധികളിലും പേശികളിലും വേദന തുടങ്ങി ഡെങ്കി, ജാപ്പനീസ് മസ്തിഷ്ക ജ്വരം എന്നിവയ്ക്കു സമാനമായ ലക്ഷണങ്ങളുണ്ടാകും‌. ആർടിപിസിആർ, എലിസ ടെസ്റ്റുകളിലൂടെയാണ്‌ രോഗനിർണയം. കോശം, രക്തം, ശുക്ലം, മൂത്രം എന്നിവയിൽ വൈറസ് കണ്ടെത്താം. രോഗലക്ഷണത്തിനാണ്‌‌ ചികിത്സ‌. മരുന്നില്ല. ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളിലേക്കും 
പകരാം ഗർഭിണികളിലെ സിക ബാധ ശിശുക്കളിൽ വൈകല്യമുണ്ടാക്കുമെന്ന് ബ്രസീലിലാണ്‌ ആദ്യമായി കണ്ടെത്തിയത്‌.  പൂർണ വളർച്ചയെത്താതെയുള്ള പ്രസവത്തിനും സാധ്യതയുണ്ട്. നവജാതശിശുക്കളിൽ ജന്മനാലുള്ള തകരാറുണ്ടായേക്കാം‌. മുതിർന്നവരിൽ അപൂർവമായി  ‘ഗില്ലൻ ബാരി സിൻഡ്രോം' എന്ന തളർച്ചരോഗമുണ്ടാകും. ലൈംഗിക ബന്ധം, രക്തദാനം, അവയവമാറ്റം എന്നിവ വഴിയും പകർന്നേക്കാം. ആദ്യം സ്ഥിരീകരിച്ചത്‌ 
ഉഗാണ്ടയിൽ 1947 ഏപ്രിലിൽ  ഉഗാണ്ടയിലെ സിക വനപ്രദേശത്തെ കുരങ്ങുകളിലാണ് വൈറസ് കണ്ടെത്തിയത്. 1952-ൽ ഉഗാണ്ടയിലും ടാൻസാനിയായിലും മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിച്ചു. ഇതുവരെ 86 രാജ്യത്ത്‌ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പകർച്ചവ്യാധിയായി കണ്ടത്‌ 2007-ൽ മൈക്രോനേഷ്യൻ ദ്വീപുകളിലായിരുന്നു. 2013ൽ ഫ്രഞ്ച് പോളിനേഷ്യയിലും 2015ൽ ബ്രസീലിലും വ്യാപകമായി  പടർന്നു. Read on deshabhimani.com

Related News