തണുപ്പുകാലം പ്രതിരോധ ഭക്ഷണം



ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കോവിഡ് കാലമായതിനാൽ പ്രതിരോധശക്തി ഏറ്റവും കൂടുതൽ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം മുതൽ ആസ്തമവരെയുള്ള രോഗങ്ങളെ നേരിടാനും ശരീരത്തെ സജ്ജമാക്കിയിരിക്കണം. ഇതിനെല്ലാം വേണ്ടി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ഉദാഹരണം: പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്‌സ്, മുഴുധാന്യങ്ങൾ, ഒപ്പം ചില സുഗന്ധവ്യഞ്ജനങ്ങളും. കടുംനിറത്തിലുള്ള (പർപ്പിൾ, ചുവപ്പ്, ഓറഞ്ച്) പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആന്റീഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.  (ഉദാ: തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്) കടൽ വിഭവങ്ങൾ, ചീര, പയർ, നട്‌സ് എന്നീ സിങ്ക് അടങ്ങിയ ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് വർധിപ്പിക്കുന്നു. അയൺ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും ഉൾപ്പെടുത്തണം. ശരീരതാപം ഉയർത്താം തണുപ്പുകാലത്ത് ശരീരിക താപനില ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുവർഗങ്ങൾ. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗൺ റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. തണുപ്പുകാലമാണെങ്കിലും ദാഹം കൂടുതൽ തോന്നിയില്ലെങ്കിലും 1.5–- 2 ലിറ്റർ വെള്ളം കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചിയും പുതിനയും തേനും ചേർന്ന ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും കുടിക്കാം. അത്താഴത്തിന് മുമ്പ് വെജിറ്റബിൾ സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ കഴിക്കുന്നതും ഉന്മേഷം നൽകും. വ്യായാമവും ഉറക്കവും പ്രധാനം ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വൈറ്റമിൻ ഡി ഉറപ്പു വരുത്തും. യോഗ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കും. അര മണിക്കൂർ ലഘു വ്യായാമവും ഏഴ് മണിക്കൂർ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തിൽതന്നെ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തുക. സ്വയം ചികിത്സയും വീട്ടു ചികിത്സയും പലപ്പോഴും അപകടം വിളിച്ചു വരുത്തും. (ഡയറ്റീഷ്യനാണ്‌ ലേഖിക) Read on deshabhimani.com

Related News