സ്റ്റെതസ്‌കോപ്പിന്റെ രണ്ട് നൂറ്റാണ്ട്: കിംസില്‍ സെമിനാര്‍



തിരുവനന്തപുരം> സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച് 200 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്ത ചര്‍ച്ചയും സെമിനാറും നടന്നു. 19ാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ അന്നത്തെ ആധുനിക രോഗനിര്‍ണ്ണയ മാര്‍ഗ്ഗത്തിനു വേണ്ടി കണ്ടുപിടിച്ച ഒരു ഉപകരണമാണ് സ്റ്റെതസ്‌കോപ്പ്. രണ്ടു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇതിനു വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും രോഗനിര്‍ണ്ണയത്തിന് ഇന്നും വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണ് നിര്‍വ്വഹിക്കുന്നത്. സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച റിനെ ലെനക്ക് എന്ന പാരീസിലെ ഫിസിഷ്യന്റെ ഓര്‍മ്മയ്ക്കായി കൂടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 1816 ല്‍ പാരീസിലെ പ്രസിദ്ധമായ ല്യൂവര്‍ മ്യൂസിയത്തിന്റെ മുറ്റത്തുകൂടി നടന്നു പോയ ലെനക്ക് അവിടെ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ ഒരു കുഴലിന്റെ അറ്റത്ത് ശബ്ദം ഉണ്ടാക്കുകയും മറ്റേ അറ്റത്ത് കേള്‍ക്കുകയും ചെയ്തത് കണ്ട മാത്രയില്‍ അദ്ദേഹത്തിനു ഒരു പ്രത്യേക ആശയം മനസ്സില്‍ തോന്നി. അന്നുവരെ ഹൃദയസ്പന്ദനങ്ങളും ശ്വാസകോശ ശബ്ദങ്ങളും എല്ലാം ഡോക്ടര്‍മാര്‍ രോഗിയുടെ നെഞ്ചില്‍ ചെവി നേരിട്ട് വച്ച് കൊണ്ടാണ് ശ്രദ്ധിച്ചിരുന്നത്.  ലെനക്ക്  അന്ന് കാണാന്‍ ഉദ്ദേശിച്ചിരുന്നവരില്‍ വളരെ വണ്ണമുള്ള അധികം പ്രായമാകാത്ത ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരെ എങ്ങനെ പരിശോധിക്കും എന്നു ചിന്തിച്ചാണ് അദ്ദേഹം ല്യൂമര്‍ മ്യസിയത്തിന്റെ മുന്നിലൂടെ നടന്നിരുന്നത്. രോഗിയെ കണ്ട മാത്രയില്‍ കടലാസു കൊണ്ടുള്ള കുഴലുണ്ടാക്കി അത് വച്ച് അദ്ദേഹം രോഗിയെ പരിശോധിച്ചു. ഹൃദയസ്പന്ദനവും ശ്വാസകോശ ശബ്ദങ്ങളും നല്ലവണ്ണം ഈ കുഴലിലൂടെ കേള്‍ക്കാമെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കടലാസ് കൊണ്ടുള്ള കുഴലില്‍ നിന്ന് തടി കൊണ്ടും ലോഹം കൊണ്ടുമുള്ള  ഉപകരണത്തിലേക്കു സ്റ്റെതസ്‌കോപ്പ് വികസിച്ചു.  ഇങ്ങനെ കേട്ട പലവിധ ശ്വാസകോശ ശബ്ദങ്ങളെപ്പറ്റി അദ്ദേഹം വലിയ പ്രബന്ധം തയ്യാറാക്കി. അത് 1819ല്‍ പ്രസിദ്ധീകരിച്ചു. രോഗിയുടെ അടുത്തു ചെന്നു പരിശോധിക്കേണ്ടത് അന്നത്തെ ഡോക്ടര്‍മാര്‍ക്ക് നിത്യേന വേണ്ടിവരുന്ന കാര്യമായിരുന്നു. പുതിയ ഒരു ശാസ്ത്രവിഭാഗം പടുത്തുയര്‍ത്തുന്നതില്‍ അതീവ തത്പരനായിരുന്നു ലെനക്. ആയിരക്കണക്കിനു രോഗികളെ പരിശോധിക്കുകയും ആ കണ്ടെത്തലുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ചുമയും പനിയുമുള്ള അനേകം രോഗികളുമായി അടുത്തിടപഴകേണ്ടി വ്‌നന അദ്ദേഹം അന്നു മാരകമായിരുന്ന ക്ഷയരോഗം പിടിപെട്ട് 1926ല്‍ നിര്യാതനായി. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം മരണമടയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം പ്രസിദ്ധമാകുകയും യൂറോപ്പില്‍ എങ്ങഉം അറിയപ്പെടുന്ന ഒരു ഡോക്ടറും ശാസ്ജ്ഞനുമായി അദ്ദേഹം മാറിയിരുന്നു.  ഒരു ചെവി കൊണ്ടുമാത്രം കേള്‍ക്കുന്ന ഉപകരണത്തില്‍ നിന്നും ഇന്നത്തെ രീതിയിലുള്ള ആധുനിക സ്റ്റെതസ്‌കോപ്പ് ആകാന്‍ ഏതാണ്ട് നൂറു വര്‍ഷത്തോളം പിന്നിടേണ്ടിവന്നു. ഇന്ന് ഏറ്റവും പ്രസിദ്ധമായ കാര്‍ഡിയോ സോണിക് സ്‌റ്റെതസ്‌കോപ്പ് 1970ലാണ് നിലവില്‍ വന്നത്.  23ാം നൂറ്റാണ്ടില്‍ ഡോക്ടര്‍മാരെ തിരിച്ചറിയുന്നതിനായി കഴുത്തില്‍ കിടക്കുന്ന സ്‌റ്റെതസ്‌കോപ്പ് ഒരു മാര്‍ഗ്ഗമാണ്. ഏത് വിഭാഗത്തില്‍ ആണ് പ്രാവീണ്യം എങ്കിലും അവരെല്ലാം ഡോക്ടര്‍ ആണെന്നു തിരിച്ചറിയാന്‍ വേണ്ടി പോക്കറ്റിലോ കഴുത്തിലോ സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാകുന്ന ഏതൊരാളും ആകാംക്ഷയോടെ കാത്തിരിക്കുന്ന  ഒരു ദിവസമാണ് സ്‌റ്റെതസ്‌കോപ്പുമായി ആശുപത്രി വാര്‍ഡില്‍ പോയി രോഗികളെ പരിശോധിച്ചുവരുന്നത്. ഇന്നും കൃത്യമായി രക്തസമ്മര്‍ദ്ദം അളക്കണമെങ്കില്‍ സ്‌റ്റെതസ്‌കോപ്പ് ഇല്ലാതെ പറ്റില്ല.  പല ഹൃദ്രോഗങ്ങളും സ്‌റ്റെതസ്‌കോപ്പ് ഉള്ള പരിശോധനയില്‍ മാത്രമേ വളരെ പെട്ടെന്നു കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. നാമെല്ലാം പേടിക്കുന്ന ശ്വാസകോശത്തിലെ നീര്‍ക്കെട്ട് പോലും സ്‌റ്റെതസ്‌കോപ്പ് ഉപയോഗിച്ചാണ് ആദ്യം കണ്ടുപിടിക്കുന്നത്. ആത്യാഹിത വിഭാഗത്തില്‍ ആയാല്‍ പോലും ഒരു രോഗി വന്നാല്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഏതു രോഗമാണെന്നു കണ്ടുപിടിച്ച് വേണ്ട ചികിത്സ നല്‍കാന്‍ സഹായിക്കുന്ന ഉപകരണമാണ് സ്റ്റെതസ്‌കോപ്പ് എന്ന് കിംസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജി. വിജയരാഘവന്‍ പറഞ്ഞു.  കിംസ് ചെയര്‍മാന്‍ ഡോ. എം. ഐ. സഹദുള്ള ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഡോ. കൃഷ്ണദാസ്, ഡോ. ശ്രീജിത്ത്, ഡോ. കേശവന്‍ നായര്‍, ഡോ. ജോര്‍ജ്ജ് കോശി, ഡോ. മാത്യു തോമസ്, ഡോ. ടൈനി നായര്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News