വാര്‍ധക്യം വിഷാദത്തെ മറികടക്കാം



പ്രായമാവുക എന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. വൃദ്ധജനങ്ങളുടെ അനുപാതത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. ആരോഗ്യ പരിപാലനരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ ഫലമായി വേണം ഇതിനെ കാണാന്‍. നേട്ടങ്ങള്‍ അവകാശപ്പെടുന്നതോടൊപ്പം വാര്‍ധക്യം ഉയര്‍ത്തുന്ന പുതിയ പ്രശ്നങ്ങളെക്കൂടി നാം കാണേണ്ടതുണ്ട്. വിഷാദം ഉള്‍പ്പടെയുള്ള മാനിസകാരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ഭദ്രതയില്ലാത്ത സാമൂഹിക സാഹചര്യങ്ങളുമാണ് മറ്റു രോഗങ്ങള്‍ക്കൊപ്പം വാര്‍ധക്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍.  ഒറ്റപ്പെടുന്ന വാര്‍ധക്യം മാറാലപിടിക്കാത്ത മനസ്സും ശക്തിചോരാത്ത ശരീരവുമായി കര്‍മനിരതമായി കഴിയുന്ന വൃദ്ധരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആകുലതകളും വിചാരങ്ങളും പങ്കുവയ്ക്കാനാളില്ലാതെ ഏകാന്തതയുടെ പിടിയിലമരുന്ന നല്ലൊരു ശതമാനം വൃദ്ധരാണേറെയും. മക്കളുമൊത്ത് സസന്തോഷം ജീവിച്ച വീടുകള്‍ പലതിലും ഇന്ന് പ്രായമായവര്‍ ഒറ്റയ്ക്കാണ്. ജീവിതസായാഹ്നത്തില്‍ അവര്‍ വളരെ നിരാശരാണ്. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി ചുരുങ്ങിയതും പ്രശ്നമായിത്തീര്‍ന്നു. മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് തനിയെ ജീവിക്കാനാകുമെന്നു കരുതുന്നവരാണ് മക്കളിലധികവും. മൂല്യങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും നഷ്ടമാകുന്നതോടെ സ്വന്തം വീട്ടിലും ഉപേക്ഷിക്കപ്പെടുന്നവരുടെ അവസ്ഥയാണ് പ്രായമായവര്‍ നേരിടുന്നത്. വൃദ്ധജനങ്ങള്‍ കുടുംബത്തിന് ഒരു ബാധ്യതയാകുന്ന കാഴ്ചകളും ഉണ്ട്. ജനിച്ചുവളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് മക്കള്‍ക്കൊപ്പം ചേക്കേറുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒറ്റപ്പെടലിന്റെയും പൊരുത്തക്കേടിന്റെയും പ്രശ്നങ്ങള്‍ അവിടെയുമുണ്ട്. മിണ്ടാന്‍പോലും നേരമില്ലാത്ത ജോലിത്തിരക്കുള്ള മക്കള്‍, ചെറുപ്പക്കാരുടെ പുതിയതരം ജീവിതക്രമങ്ങളോടുള്ള പ്രതിഷേധം, മുറി അടച്ചുള്ള ഒതുങ്ങിക്കൂടല്‍ ഇവ പ്രായമായവര്‍ക്ക് വേദന നല്‍കും. ഏകാന്തതയും ഒറ്റപ്പെടലും പൊരുത്തക്കേടുകളുമെല്ലാം വളരെവേഗം വൃദ്ധരെ വിഷാദം എന്ന മാനസികാരോഗ്യപ്രശ്നത്തിലേക്ക് നയിക്കുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ നിര്‍ണായകം സാമ്പത്തികാവശ്യങ്ങള്‍ക്ക് മക്കളെ ആശ്രയിച്ചുകഴിയുന്ന വൃദ്ധര്‍ക്ക് സാമ്പത്തികഭദ്രത ഉള്ളവരെക്കാള്‍ നിരവധി പ്രശ്നങ്ങളും വിഷമതകളും നേരിടേണ്ടതായി വരാറുണ്ട്. പലവിധ സംഘര്‍ഷങ്ങളും രോഗങ്ങളും വാര്‍ധക്യത്തില്‍ മിക്കവരിലും കാണാറുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്യ്രവും അനുഭവിക്കുന്നവരില്‍ ഇത്തരം സാഹചര്യങ്ങള്‍ ജീവിതത്തെ കൂടുതല്‍ യാതനാപൂര്‍ണമാക്കാറുണ്ട്. വിഷാദരോഗം തിരിച്ചറിയാം ചെറുപ്പക്കാരിലെ വിഷാദരോഗത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ് വയോധികരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം, മറ്റ് ശാരീരിക രോഗലക്ഷണങ്ങള്‍ ഇവ വാര്‍ധക്യത്തിലെ വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിന്റെ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ശൂന്യത, പ്രസരിപ്പും ഉന്മേഷവും കുറയുക, സ്പഷ്ടമല്ലാത്ത വേദനകള്‍ പറയുക, സങ്കടം പെട്ടെന്നു വരിക, ദഹനപ്രശ്നങ്ങള്‍, ഓര്‍മക്കുറവ്, ഉള്‍വലിയല്‍, ഭാരക്കുറവ്, മലബന്ധം ഇവ അനുഭവപ്പെടാം. ഒപ്പം ചിന്തകളും പ്രവൃത്തികളും മന്ദീഭവിക്കും. പ്രകടമാകുന്ന ഇത്തരം ശാരീരിക ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്റെ ഭാഗമാണെന്ന് പലരും തിരിച്ചറിയാറില്ല. ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് വിഷാദം. അജ്ഞതകൊണ്ടും മറ്റും വാര്‍ധക്യത്തിലെ വിഷാദത്തെ അവഗണിക്കുന്നവരാണ് കൂടുതല്‍. യഥാസമയം ചികിത്സിക്കാതിരുന്നാല്‍ വിഷാദം ക്രമേണ ധാരണാശക്തി കുറയ്ക്കുകയും മറ്റ് രോഗാവസ്ഥകള്‍ കൂട്ടുകയും ചെയ്യും. വിഷാദം പ്രധാന കാരണങ്ങള്‍ മനസ്സിന്റെ വൈകാരികാവസ്ഥകളുടെ നിയന്ത്രണം വഹിക്കുന്നത് തലച്ചോറിലെ ചില രാസപദാര്‍ഥങ്ങളാണ്. വാര്‍ധക്യത്തിലെത്തുമ്പോള്‍ ഗണ്യമായ അളവില്‍ ഇവയ്ക്ക് കുറവു സംഭവിക്കാറുണ്ട്. പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ പെട്ടെന്ന് ഉല്‍കണ്ഠാകുലരാകുന്നതിതുകൊണ്ടാണ്. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന വാര്‍ധക്യത്തില്‍ വളരെ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് വഴുതിവീഴാം. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടത്താനുള്ള സ്വാതന്ത്യ്രം നഷ്ടമാകുന്നതും, ജിവിതത്തിനുമേലുള്ള നിയന്ത്രണം പോകുന്നതും പ്രായമായവര്‍ ഇഷ്ടപ്പെടുന്നില്ല. ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്ന ബന്ധുക്കളെയും പരിചാരകരെയും ആശ്രയിക്കേണ്ടിവരുമോ എന്ന് അവര്‍ ഭയപ്പെടുന്നു. ഇത്തരം വിഷമാവസ്ഥകളൊക്കെ അവരെ വിഷാദത്തിലേക്കടുപ്പിക്കുന്നു. മക്കള്‍ വീടുവിട്ടു പോകുന്നതും തുണയില്ലാതാകുന്നതും ഏകാന്തതയും ഒറ്റപ്പെടലിനുമൊപ്പം വിഷാദത്തിനും ഇടയാക്കുന്നു. പ്രായമാകുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുതുടങ്ങും. ഈ പ്രവര്‍ത്തനമാന്ദ്യംതന്നെ വിഷാദത്തിനിടയാക്കാറുണ്ട്. മസ്തിഷ്കരോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ചില വൃക്കരോഗങ്ങള്‍ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടാകുമെന്നതിനാല്‍ വിദഗ്ധപരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്കൊപ്പമുള്ള വിഷാദരോഗം ശമിക്കുമ്പോള്‍ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകും. ഒപ്പം മറ്റു രോഗങ്ങളുടെ ചികിത്സ കൂടുതല്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്യും. വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, ആജന്മ സുഹൃത്തുക്കളുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയുക തുടങ്ങിയ പല ഘടകങ്ങളും വിഷാദരോഗാവസ്ഥക്ക് നിമിത്തമാകാറുണ്ട്. വ്യക്തിപരമായ പരാജയങ്ങള്‍, നഷ്ടങ്ങള്‍, മക്കളോടുള്ള സുഖകരമല്ലാത്ത ബന്ധങ്ങള്‍, മക്കളുടെ ദുഃഖങ്ങള്‍ തുടങ്ങിയ നോവുന്ന ചിന്തകള്‍ വിഷാദത്തിനിടയാക്കും. പണമില്ലാത്തതാണ് മറ്റൊരു പ്രശ്നം. രക്തസമ്മര്‍ദ ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും വിഷാദത്തിന് ഇടയാക്കുമെന്നതിനാല്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്. വിഷാദവും ഡിമെന്‍ഷ്യയും തിരിച്ചറിയാം ഡിമെന്‍ഷ്യ ആണോ എന്ന് സംശയിക്കത്തക്കവിധത്തില്‍ വിഷാദരോഗമുള്ള ചിലരില്‍ ഓര്‍മക്കുറവുണ്ടാകാറുണ്ട്. മസ്തിഷ്ക കോശങ്ങളുടെ നാശമാണ് ഡിമെന്‍ഷ്യാരോഗത്തിന് കാരണമാകുന്നത്. എന്നാല്‍ വിഷാദരോഗത്തില്‍ ഇത്തരം കോശനാശം ഉണ്ടാകാറില്ല. പൂര്‍ണമായും സുഖപ്പെടുത്താനാകുന്ന രോഗങ്ങളിലൊന്നാണ് വിഷാദം. വിഷാദവും പ്രമേഹവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ജീവിതത്തിന്റെ നിറംകെടുത്തുന്ന മാനസികാരോഗ്യപ്രശ്നമാണ് വിഷാദം. പ്രമേഹമുള്ളവര്‍ക്ക് വിഷാദം വരാനും വിഷാദമുള്ളവര്‍ക്ക് പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ രണ്ടും കൂടി ഒന്നിച്ചാല്‍ രണ്ട് രോഗങ്ങളുടെയും നിയന്ത്രണം തെറ്റുകയും ഹൃദയരോഗങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയും ചെയ്യും. കൂടാതെ പ്രമേഹസങ്കീര്‍ണതകളിലേക്ക് രോഗിയെ വേഗം എത്തിക്കുകയും ചെയ്യും. ക്ഷീണവും നിരാശയും താല്‍പ്പര്യക്കുറവുമൊക്കെ പ്രമേഹരോഗിയില്‍ സാധാരണമായതിനാല്‍ വിഷാദം പലപ്പോഴും തിരിച്ചറിയാതെ പോകാറുമുണ്ട്. അമിതഭക്ഷണം, താല്‍പ്പര്യമില്ലായ്മ തുടങ്ങിയ വിഷാദലക്ഷണങ്ങളും ചില മരുന്നുകളും വിഷാദരോഗിയെ പ്രമേഹത്തിലെത്തിക്കുന്നതും അറിയാറില്ല. രണ്ടു  രോഗങ്ങളും നേരത്തെതന്നെ കണ്ടെത്താനും ചികിത്സതേടാനും ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഏതുതരത്തിലുള്ള വിഷാദമാണ് എന്നതിനെ ആസ്പദമാക്കി ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമാകും. മസ്തിഷ്കപ്രവര്‍ത്തനത്തിലുള്ള വ്യതിയാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുവായ ആരോഗ്യം സംരക്ഷിച്ചുമാണ് ഔഷധങ്ങള്‍ പ്രവര്‍ത്തിക്കുക. ചില ഘട്ടങ്ങളില്‍ പഞ്ചകര്‍മചികിത്സ ഉള്‍പ്പെട്ട വിശേഷ ചികിത്സകളും നല്‍കാറുണ്ട്. ഒപ്പം മനസ്സിന്റെ ആരോഗ്യവും സന്തോഷവും മെച്ചപ്പെടുത്തേണ്ടതുണ്ട്. രസായന ഔഷധങ്ങള്‍ക്കൊപ്പം ലഘുവ്യായാമങ്ങളും, യോഗയും നല്ല ഫലംതരും. അമുക്കുരം, ബ്രഹ്മി, നെല്ലിക്ക, ചന്ദനം, നീര്‍മരുത്, കുടങ്ങല്‍, ശതാവരി, അശോകം, ചെറുപുന്നയരി, എള്ള് ഇവ വിഷാദരോഗചികിത്സയില്‍ ഉള്‍പ്പെടുത്തുന്ന ഔഷധികളില്‍ ചിലതാണ്. വാര്‍ധക്യം ആഹ്ളാദകരമാക്കാം പ്രായമായവരില്‍ കാണുന്ന രോഗലക്ഷണങ്ങളെ വാര്‍ധക്യത്തിന്റെ പരാധീനതകളായി ആരോപിച്ച് കളയുന്ന തെറ്റായ പ്രവണത ഒഴിവാക്കുക. വൃദ്ധര്‍ പറയുന്ന പ്രശ്നങ്ങളെ ശ്രദ്ധയോടെ കേള്‍ക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകേണ്ടതുണ്ട്. അല്‍പ്പം ഓര്‍മക്കുറവ് വന്നാലും സൃഷ്ടിപരമായ ഭാവനാശക്തിയെ വാര്‍ധക്യം ബാധിക്കാറില്ല. അതിനാല്‍ മനസ്സിനെ ഉണര്‍വോടും ജാഗ്രതയോടും നിലനിര്‍ത്തണം. പ്രായം കൂടുന്നതിനനുസരിച്ച് വളരുന്ന അനുഭവജ്ഞാനവും സമഗ്രവീക്ഷണവും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുക. ജോലിയില്‍നിന്നു വിരമിച്ചാലും ജീവിതത്തില്‍ ഒതുങ്ങിക്കൂടേണ്ടതില്ല. ആരോഗ്യത്തിനുസരിച്ച് വ്യത്യസ്ത ജോലികള്‍ തേടുകയോ, കൂട്ടായ്മകളില്‍ പങ്കാളിയാവുകയോ ചെയ്യേണ്ടതുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയില്‍ നേരത്തെ മാറ്റിവച്ച പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. നല്ലൊരു സംഘാടകനാകാം. ഒപ്പം വായനയും മെച്ചപ്പെടുത്തണം. സമൂഹത്തില്‍നിന് ഉള്‍വലിയാതിരിക്കാന്‍ ശ്രദ്ധിക്കുക.  മനസ്സിലേക്കു തുറക്കുന്ന ജാലകങ്ങളായ കാഴ്ചയും കേള്‍വിയും നഷ്ടമാകുന്നതോടെ ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കാഠിന്യം തീവ്രമാകുമെന്നതിനാല്‍ കാഴ്ച–കേള്‍വി പ്രശ്നങ്ങള്‍ക്ക് തുടക്കത്തിലേ പരിഹാരം കാണണം. വരുമാനം മുഴുവനായി ചെലവഴിച്ചുതീര്‍ക്കരുത്. തവിടുമാറ്റാത്ത ധാന്യങ്ങള്‍, കുതിര്‍ത്ത പയറുകള്‍, കാരറ്റ്, മത്തങ്ങ, നെല്ലിക്ക, കാപ്സിക്കം, ബീറ്റ്റൂട്ട്, കടുംപച്ച നിറമുള്ള ഇലകള്‍, മധുരക്കിഴങ്ങ്, ചെറുമത്സ്യങ്ങള്‍, നാടന്‍കോഴിയിറച്ചി ഇവ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ മസ്തിഷ്കത്തെ ഉണര്‍വോടെ നിര്‍ത്തും. കോവയ്ക്ക, പാവയ്ക്ക, പടവലം, ചേന, കുമ്പളം ഇവ വേണ്ടത്ര നാരുകള്‍ നല്‍കും. മൈദ വിഭവങ്ങള്‍ ഒഴിവാക്കുക. പ്രായമായവര്‍ക്ക് മനസ്സുകൊണ്ടുള്ള ചികിത്സയാണ് ഫലപ്രദം. അവര്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. വീട്ടിലുള്ളവരും ബന്ധുക്കളും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. കടുത്ത വാക്കുകളും പരുഷമായ പെരുമാറ്റവും അവര്‍ക്ക് വലിയ വേദന നല്‍കുമെന്നതിനാല്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.   വാര്‍ധക്യം നേരിടുന്ന പ്രധാനപ്രശ്നം ഏകാന്തതയാണ്. ഒരുപക്ഷേ മരണത്തെക്കാളും അവര്‍ ഭയപ്പെടുന്നതും ഈ ഏകാന്തതയാണ്. അത് പരിഹരിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ മാത്രമേ വൃദ്ധപരിപാലനം പൂര്‍ണമാകൂ. (മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക) Read on deshabhimani.com

Related News