മാനസികാരോഗ്യം കുട്ടികളില്‍



കുട്ടികളുടെ മാനസികാരോഗ്യഘടകത്തിലെ പ്രേരകമായ സാമൂഹ്യ ചുറ്റുപാടുകള്‍, വീട്, സ്കൂള്‍, സമൂഹം എന്നിവയാണ്. വീട്ടിലെ സാഹചര്യങ്ങള്‍ ഒരു കുട്ടിയുടെ മാനസികാരോഗ്യത്തില്‍ കാതലായ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കുന്നു. സ്നേഹം, മമത, സുരക്ഷിതത്വം എന്നിവ മാതാപിതാക്കളില്‍നിന്നു ലഭിക്കുന്ന കുട്ടിയുടെ മാനസികാരോഗ്യം എപ്പോഴും ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്വരചേര്‍ച്ച, പൊരുത്തം, യോജിപ്പ്, സ്നേഹം, ഐക്യം എന്നീ ഗുണങ്ങളുള്ള അച്ഛനമ്മമാരുടെ കുട്ടികളില്‍ മാനസികാരോഗ്യം വളരെ വര്‍ധിക്കുന്നതായി കണ്ടുവരുന്നു. വളരെ വേഗം കലുഷിതമാകുന്ന, ഉല്‍ക്കണ്ഠയുള്ള, സ്വാര്‍ഥരായ, അവഗണിക്കുന്ന, അധികാരംചെലുത്തുന്ന, യോജിക്കാന്‍കഴിയാത്ത അച്ചടക്കം നിഷ്കര്‍ഷിക്കുന്ന നീതിപൂര്‍വമല്ലാത്ത, പക്ഷപാതം കാട്ടുന്നതായി കണ്ടുവരുന്നു. അച്ഛനമ്മമാര്‍ കൂടുതല്‍ സമയം കുട്ടികളോട് ചെലവഴിക്കുന്ന സാഹചര്യം അവരില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കും. തകര്‍ന്ന കുടുംബവും അസ്വസ്ഥരായ അച്ഛനമ്മമാരും കുട്ടികളില്‍ നല്ലൊരു ശതമാനത്തിന്റെയും മാനസികാരോഗ്യം ഇല്ലാതാക്കുന്നതായി കണ്ടുവരുന്നു. സ്കൂളുകള്‍, പഠനത്തോടൊപ്പം പുതിയ ബന്ധങ്ങള്‍, മനോഭാവങ്ങള്‍ വളര്‍ത്തുന്നതിന് കുട്ടികളെ സഹായിക്കുന്നു. ഈ സാഹചര്യങ്ങള്‍ക്ക് ഒരു ഒരുക്കവും ഇല്ലാതെയാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്. സ്കൂളില്‍ അവഗണിക്കപ്പെടുന്ന കുട്ടികളില്‍ വിലയില്ലായ്മ, ആഗ്രഹങ്ങള്‍ ഇല്ലായ്മ, അപകര്‍ഷതാബോധം, സുരക്ഷിതമില്ലായ്മ, നിസ്സഹായാവസ്ഥ എന്നിവ പ്രകടമാവുകയും ചെറിയ ചെറിയ മാനസിക വിഷമങ്ങള്‍ അവരില്‍ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. അവരിലുള്ള ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ച് അവരുടെ മാനസികാവസ്ഥയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായം ലഭ്യമായില്ലെങ്കില്‍ ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പഠനത്തിലും പെരുമാറ്റത്തിലും സഹജീവികളോടുള്ള പെരുമാറ്റത്തിലും അച്ഛനമ്മമാരും അധ്യാപകരും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായിക്കുകയും വേണം. ഉചിതമല്ലാത്ത താരതമ്യപ്പെടുത്തല്‍, ക്ളേശകരമായ മത്സരങ്ങള്‍, നാണക്കേടുണ്ടാക്കുന്ന പെരുമാറ്റം ഇവ പ്രോത്സാഹിപ്പിക്കാതെ ആരോഗ്യകരമായ മാറ്റങ്ങള്‍ കുട്ടികളില്‍ വികസിപ്പിക്കുന്നതിന് സഹായിക്കണം. കുട്ടികളുടെ കഴിവുകളില്‍, പഠനത്തിനുള്ള വേഗം എന്നിവയില്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം അച്ഛനമ്മമാര്‍, അധ്യാപകര്‍ കാണിക്കുകവഴി ടെന്‍ഷന്‍, ഉല്‍ക്കണ്ഠ, അപകര്‍ഷതാബോധം എന്നിവ കുട്ടികളില്‍ വളര്‍ന്നുവരികയും ഈ മനോഭാവം മറ്റു കുട്ടികളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. സ്കൂളുകളില്‍, അവിടെ പഠിക്കാന്‍ എത്തിയിട്ടുള്ള ഓരോ കുട്ടിയെയും ഒരു വ്യക്തിയായി അംഗീകരിക്കുകയും കുട്ടിയുടെ താല്‍പ്പര്യവും അഭിരുചിയും മനസ്സിലാക്കി അവ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും വേണം. മാനസികാരോഗ്യരംഗത്ത് സമൂഹത്തിന് ഒരു നല്ല റോള്‍ ഉള്ളതായി കണക്കാക്കുന്നു. സ്നേഹം, മമത, പ്രോത്സാഹനം, പൊതുപങ്കാളിത്തം എന്നിവ ഒരു വ്യക്തിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സമൂഹത്തില്‍ അംഗീകരിക്കപ്പെടണം. അത്തരത്തില്‍ അംഗീകരിക്കപ്പെടുന്ന വ്യക്തിക്ക് സമൂഹത്തിലും പുറംലോകത്തും ആരോഗ്യകരമായ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും ഉയരങ്ങളില്‍ എത്തുന്നതിനും പ്രയാസങ്ങള്‍ നേരിടേണ്ടിവരികയില്ല. അംഗീകാരമെന്നത് ഒരു വ്യക്തിയുടെ മനഃശാസ്ത്രപരമായ ആവശ്യംകൂടിയാണ്. ഇത് വ്യക്തിക്ക് ആത്മവിശ്വാസവും അവര്‍ പ്രാധാന്യമുള്ളവനാണെന്ന മാനസികാവസ്ഥയും ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കുന്നു. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞില്ലെങ്കില്‍ക്കൂടി, സമൂഹമധ്യത്തില്‍നിന്ന് ഒഴിവാക്കുന്നതിനും മാനസിക–ശാരീരിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ മാനസികാരോഗ്യം തകര്‍ക്കുന്നതിനും ഇടപെട്ടുകൂടാ. ഇതിന് മറ്റുള്ളവര്‍ കൂട്ടുനില്‍കുകയും അരുത്. മാനസികാരോഗ്യ തകര്‍ച്ച ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകൃതമല്ല. അത് മാറിക്കൊണ്ടിരിക്കും. ഇന്ന് നമുക്കുള്ള ശക്തിയും കഴിവും ഒരിക്കല്‍ നമ്മളില്‍നിന്നു തിരിച്ചെടുക്കപ്പെടുമെന്ന സത്യം നാം ഓര്‍ക്കണം. Read on deshabhimani.com

Related News