കോവിഡ്‌ രോഗികളിൽ വില്ലനായി പക്ഷാഘാതം



തിരുവനന്തപുരം   കോവിഡ്‌ രോഗികളിലും ഭേദമായവരിലും പക്ഷാഘാതം വർധിക്കുന്നതായി റിപ്പോർട്ട്‌. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ രോഗികളിൽ ന്യൂറോളജിവിഭാഗം നടത്തിയ നിരീക്ഷണത്തിലാണ്‌‌ കണ്ടെത്തൽ. ചികിത്സതേടിയ കോവിഡ്‌ രോഗികളിൽ കൂടുതൽ പേർക്ക് സ്ഥിരീകരിച്ച നാഡീസംബന്ധമായ രോഗം പക്ഷാഘാതമാണ്‌. ജൂലൈയിൽ എട്ടുപേർക്കാണ്‌ പക്ഷാഘാതമുണ്ടായതെങ്കിൽ നിലവിൽ ആഴ്ചയിൽ മൂന്നുപേർക്കുവീതം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കൊറോണ വൈറസ്‌ നേരിട്ട്‌ ഞരമ്പുകളെ ബാധിക്കുന്നതാണ്‌ പ്രധാന കാരണമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. രണ്ടാമത്തെ കാരണം രക്തം കട്ടപിടിക്കുന്നതാണ്‌. വൈറസ്‌ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധവസ്‌തുക്കൾ അളവിൽ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്‌ രക്തം കട്ടപിടിക്കാൻ ഇടയാക്കുന്നത്‌‌. വൈറസ്‌ രക്തക്കുഴലിന്റെ അകത്തെ കോശങ്ങളെ ആക്രമിക്കുന്നതും രോഗപ്രതിരോധ സംവിധാനത്തിനെ അധികമായി സമ്മർദത്തിലാക്കുന്നതും മറ്റൊരു കാരണമാണ്. അതുവഴി രക്തസമ്മർദം കൂടുകയും പക്ഷാഘാതമുണ്ടാവുകയും ചെയ്യും. ഇതുകൂടാതെ മസ്തിഷ്കജ്വരവും നാഡീകോശങ്ങളെ സംരക്ഷിക്കുന്ന ആവരണം (മൈലിൻ) നശിച്ചുണ്ടാകുന്ന രോഗാവസ്ഥകളും കോവിഡ്‌ രോഗികളിൽ കണ്ടുവരുന്നുണ്ട്‌. രോഗമുക്തരിൽ മൂന്നാഴ്ചമുതൽ മൂന്നുമാസംവരെയാണ് നാഡീസംബന്ധമായ രോഗാവസ്ഥകൾ കാണപ്പെടുന്നത്.     Read on deshabhimani.com

Related News