പ്രളയശേഷം രോഗത്തെ ചെറുക്കാം; ക്യാമ്പില്‍ നിന്ന് മടങ്ങുന്നവരും രക്ഷാപ്രവര്‍ത്തകരും ശ്രദ്ധിക്കുക



കോഴിക്കോട് > പ്രളയശേഷം രോഗം പിടിപെടുന്നത് പ്രതിരോധിക്കാന്‍ ക്യാമ്പുകളില്‍നിന്ന് മടങ്ങുന്നവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരും ശ്രദ്ധിക്കുക: •എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങി മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളും ഡെങ്കിപ്പനി, മലമ്പനി തുടങ്ങി കൊതുക്  രോഗങ്ങളും പടര്‍ന്നു പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം • വീടും പരിസരവും വൃത്തിയാക്കണം. ശുചീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ കൈയുറ, കാലുറ, മുഖാവരണം എന്നിവ ധരിക്കണം.  തറയും പരിസരവും ക്ലോറിന്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.  മൂന്ന് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍  ബക്കറ്റിലെടുത്ത് വെള്ളംചേര്‍ത്ത്  കുഴമ്പുരൂപത്തിലാക്കി ഒരുലിറ്റര്‍ വെള്ളം ചേര്‍ത്ത് പത്ത് മിനിറ്റ് വച്ചശേഷം തെളിവെള്ളം എടുത്ത് ക്ലോറിന്‍ ലായനിയായി ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളുള്ളിടങ്ങളില്‍   കുമ്മായവും ബ്ലീച്ചിങ് പൗഡറും 4:1 എന്ന അനുപാതത്തില്‍ (ഒരുകിലോ  കുമ്മായത്തിന് 250 ഗ്രാം ബ്ലീച്ചിങ് പൗഡര്‍) ചേര്‍ത്ത് വിതറണം. • കിണറുകള്‍  ക്ലോറിനേഷന്‍ ചെയ്യണം. ആദ്യം സൂപ്പര്‍ക്ലോറിനേഷന്‍ നടത്തണം. ഇതിനായി 1000 ലിറ്ററിന് അഞ്ചു ഗ്രാം കണക്കില്‍ ആകെ ആവശ്യമുള്ള ബ്ലീച്ചിങ് പൗഡര്‍  ബക്കറ്റിലെടുത്ത് കുഴമ്പുരൂപത്തിലാക്കി ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളംചേര്‍ത്ത്  കലക്കി 10 മിനിറ്റ് തെളിയുവാന്‍ അനുവദിക്കുക. വെള്ളംകോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച് സാവധാനം കിണറ്റിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ക്ലോറിന്‍ ലായനി  നന്നായി കലര്‍ത്തുക.  ഒരു മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാം. • വെള്ളപ്പൊക്കശേഷം ഉണ്ടാകാന്‍  സാധ്യതയുള്ള മാരകരോഗമായ എലിപ്പനി എലിമൂത്രത്തിലൂടെയാണ്  പകരുന്നത്.   കൈകാലുകളിലെ മുറിവുകള്‍, പോറലുകള്‍ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുക.  മലിനജലം തൊട്ടവര്‍ക്കും കൃഷിപ്പണിയെടുക്കുന്നവര്‍ക്കും വെള്ളക്കെട്ടില്‍ ഇറങ്ങി മീന്‍ പിടിക്കുന്നവര്‍ക്കും  എലിപ്പനി  സാധ്യതയുണ്ട്.  ഇവര്‍  പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ആഴ്ചയില്‍  ദിവസം 200 മില്ലിഗ്രാം വീതം കഴിക്കുക.  ശരീരത്തില്‍ മുറിവുള്ളവര്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങരുത്.  • വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങി  വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ വരാതിരിക്കാന്‍ വ്യക്തി-- ആഹാര-പരിസര ശുചിത്വം  പാലിക്കണം.  കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളംമാത്രം  ഉപയോഗിക്കുക.  മലവിസര്‍ജനശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. വീട്ടു പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം തടയുക. Read on deshabhimani.com

Related News