ബീഡി ആമാശയ അര്‍ബുദത്തിന് കാരണമെന്ന് പഠനം



തിരുവനന്തപുരം >  ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കുപുറമേ ബീഡിവലി ആമാശയാര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതായി പഠന റിപ്പോര്‍ട്ട്. റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ബോധ്യമായതെന്ന് റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സ്ഥിരീകരിക്കാന്‍ പഠനം തുടരും. 1990–2009 കാലയളവില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ 30നും 84 വയസ്സിനും ഇടയിലുള്ള 65,553 പുരുഷന്മാരെയാണ് പഠന വിധേയമാക്കിയത്. ആര്‍സിസിയിലെ ഡോ. പി ജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പഠനം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ ബീഡി ഉപയോഗം ആരംഭിച്ചവരില്‍ രണ്ടും 18–22 വയസ്സിനുള്ളില്‍ ബീഡി ഉപയോഗം ആരംഭിച്ചവരില്‍ 1.8മാണ് ആമാശയാര്‍ബുദത്തിനുള്ള ആപേക്ഷിക സാധ്യതയെന്നും പഠനത്തില്‍ പറയുന്നു. വേള്‍ഡ് ജേര്‍ണല്‍ ഓഫ് ഗാസ്ട്രോ എന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തൊഴില്‍മേഖലകളും ആമാശയാര്‍ബുദ സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നും 116 പേര്‍ക്ക് ഈ കാലയളവില്‍ ആമാശയാര്‍ബുദം ഉണ്ടായെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ബീഡിയുടെയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കാന്‍ നികുതി ചുമത്തുന്നതിനൊപ്പം ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. ഡോ. പി ജയലക്ഷ്മി, ഡോ. ജയകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  Read on deshabhimani.com

Related News