മഴക്കാലവും ആയുർവേദവും



കോവിഡ്–-19നെ പ്രതിരോധിക്കുന്നതിനൊപ്പം മഴക്കാല സാംക്രമിക രോഗങ്ങൾക്കെതിരെയും കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണ്‌ ഇത്‌. വായുജന്യം, ജലജന്യം, ജന്തുജന്യം എന്നിങ്ങനെ മഴക്കാല രോഗങ്ങളെ മൂന്നായി തിരിക്കാം. ജലദോഷം, പനി, ചുമ എന്നിങ്ങനെയുള്ള അസുഖങ്ങൾ വായുവിലൂടെ പകരുന്നതാണ്. മഞ്ഞപ്പിത്തം, എലിപ്പനി, വയറിളക്കം, ഛർദി, തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങൾ മലിനജലം കുടിക്കുന്നതിലൂടെയോ സമ്പർക്കത്തിലൂടെയോ വരുന്നതാണ്.  മലേറിയ, ഡെങ്കിപ്പനി, എലിപ്പനി എന്നിവ ജന്തുജന്യമായ രോഗങ്ങളാണ്.  കൂടാതെ ഫംഗൽ രോഗങ്ങൾ, വാതസംബന്ധിയായ അസുഖങ്ങൾ, അലർജി  എന്നിവയും ഇക്കാലത്ത്‌ കൂടുതലായി കാണുന്നു. ഏറെ ശ്രദ്ധിക്കണം ‌വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്നത് തടയണം. ഭക്ഷണാവശിഷ്ടം പുറത്തേക്ക്‌ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കുക. ‌ തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. ‌വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ, ശീതളപാനീയങ്ങൾ, ഐസ്‌ക്രീം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. ആഹാരം കഴിവതും വീട്ടിൽ പാചകംചെയ്ത് കഴിക്കുക.‌ നനഞ്ഞ വസ്ത്രങ്ങൾ, പകുതി ഉണങ്ങിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.‌ വ്യക്തിശുചിത്വം പാലിക്കുക, ചെരിപ്പ് ഇട്ടു നടക്കുകയും കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. ‌കൊതുകുവല ഉപയോഗിക്കുക.‌ പുറത്തുപോകുമ്പോൾ മാസ്കും സാനിറ്റൈസറും  ഉപയോഗിക്കുക. ആയുർവേദം പറയുന്നു ‌മഴക്കാലത്ത്‌ പൊതുവെ ദഹനശക്തിയും രോഗപ്രതിരോധ ശേഷിയും കുറവായിരിക്കും. അതിനാൽ ലഘുവായ ഭക്ഷണം കഴിക്കുക.‌ ചായയും കാപ്പിയും പരമാവധി കുറച്ച് ചുക്കുകാപ്പി ശീലിക്കുക. തുളസി, മല്ലി, പനിക്കൂർക്ക ഇല, ജീരകം , ചുക്ക് , ഷഡാംഗ ചൂർണം എന്നിവയിട്ടു വെള്ളം തിളപ്പിച്ചുകുടിക്കുക. ചൂടുവെള്ളത്തിൽ കുളിക്കുക, ആവിപിടിക്കുക. അതുപോലെ എണ്ണ തേച്ചുകുളിക്കുക. ‌ രാത്രി നേരത്തെ അത്താഴം കഴിക്കുക. ഭക്ഷണശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ്‌ ഉറങ്ങുക. ‌അമിതമായ വ്യായാമവും പകൽ ഉറക്കവും ഒഴിവാക്കുക. ദേഹബലം കുറവുള്ള  സമയം ആയതിനാലാണ്‌ ഇത്‌. ‌ഭക്ഷണത്തിൽ ജീരകം, കുരുമുളക്, വെളുത്തുള്ളി, ചുക്ക്, ഇഞ്ചി, കറിവേപ്പില എന്നിവ കൂടുതലായി ഉൾപ്പെടുത്തുക. ഇതു ദഹനശേഷി വർധിപ്പിക്കും. ‌വീടും പരിസരവും അപരാജിത ധൂപചൂർണം, കുന്തിരിക്കം, കടുകും ആര്യവേപ്പിലയും തുടങ്ങിയവ ഉപയോഗിച്ച്‌ പുകയ്‌ക്കാം.‌ഈ മഴക്കാലത്ത് പ്രതിരോധശേഷിയും ദഹനശക്തിയും വർധിപ്പിക്കാനും  കോവിഡിനെ ചെറുക്കാനുമായി ആയുർവേദ ഔഷധങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്. (കാസർകോട്‌ ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ്‌ മെഡിക്കൽ ഓഫീസറാണ്‌ ലേഖിക yinzigargi@gmail.com)   Read on deshabhimani.com

Related News