കോവിഡ് മുക്തരായവര്‍ സൂക്ഷിക്കണം ബ്ലാക്ക്‌ ഫംഗസിനെ; കണ്ണിനെയും തലച്ചോറിനെയും ഗുരുതരമായി ബാധിക്കും



തിരുവനന്തപുരം > രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ്‌ മുക്തരായവരിൽ ബ്ലാക്ക്‌ ഫംഗസ്‌ അഥവാ മ്യൂകോർമൈകോസിസ്‌ ബാധയും. രണ്ടാംഘട്ട കോവിഡ്‌ വ്യാപനത്തിൽ ജനിതകവ്യതിയാനം വന്ന വൈറസുകൾ രോഗവ്യാപ്തി വർധിപ്പിക്കുന്നതിനൊപ്പം ഇത്തരം അനുബന്ധ രോഗാവസ്ഥകളും സൃഷ്‌ടിക്കുന്നു.  മഹാരാഷ്ട്രയിൽ മ്യൂകോർമൈകോസിസ് ബാധിച്ച രണ്ടായിരം പേർ ചികിത്സയിലുണ്ട്‌.  കർണാടകയിലും സമാന അവസ്ഥയുമായി രോഗികളെത്തുന്നു. ഈ സംസ്ഥാനങ്ങളെപ്പോലെ കോവിഡ്‌ രോഗികൾ കൂടുതലുള്ള കേരളവും മ്യൂകോർമൈകോസിസിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ്‌  വിദഗ്ധർ പറയുന്നത്‌.  എന്താണ് ബ്ലാക്ക് ഫംഗസ് കാഴ്ചയെയും പിന്നീട്‌ തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതരമായ ഫംഗൽ ബാധയാണിത്‌. കോവിഡ് മുക്തിക്ക്‌ ശേഷമുണ്ടാകുന്ന എല്ലാ സാധാരണ ലക്ഷണങ്ങളും ഇത്‌ കാരണമാകാൻ സാധ്യത കൂടുതലാണ്‌. വിവിധ ശരീര ഭാഗങ്ങളിൽ നീര്, തലവേദന, ശരീര വേദന, ചുമ, ശ്വാസംമുട്ട്. ഛർദി എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്. നഖം, ചർമം എന്നിവയുടെ നിറം കറുപ്പായി മാറുന്നതും ലക്ഷണമാണ്‌. ഫംഗസ് ബാധ തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്‌.  പ്രമേഹം, അർബുദം തുടങ്ങി ഇതരരോഗങ്ങളുള്ളവരിൽ മരണത്തിന്‌ പോലും ഇത്‌ കാരണമാകും.  പ്രതിരോധശേഷി കുറയുന്നത് കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ എന്ന്‌ മുൻ ആരോഗ്യവകുപ്പ്‌ ഡയറക്ടർ ഡോ. എൻ ശ്രീധർ പറഞ്ഞു. നഖത്തിനിടയിലും മറ്റ്‌ ശരീരഭാഗങ്ങളിലും കറുത്ത നിറമാകുകയും പ്രത്യേക ദ്രവം പുറത്തുവരികയും ചെയ്താൽ ഫംഗൽ ബാധ സംശയിക്കണം. കോവിഡ്‌ ബാധിക്കുന്ന രോഗികൾക്ക്‌ രോഗമുക്തിക്ക്‌ ശേഷവും പ്രതിരോധശേഷി കുറഞ്ഞുതന്നെ നിൽക്കും.  അതിനാൽ ഫംഗൽ ബാധയ്ക്ക്‌ സാധ്യതയുണ്ട്‌. പ്രതിരോധശേഷി ഉറപ്പാക്കാം ഒരുപക്ഷേ കോവിഡിനേക്കാളേറെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും മരണത്തിലേക്കുവരെ നയിക്കുകയും ചെയ്യുന്ന മ്യൂകോർമൈകോസിസിനെ തടയാൻ പ്രതിരോധശേഷി ഉറപ്പാക്കുകയാണ്‌ മാർഗം. ഇതിനായി വാക്സിൻ ഉറപ്പാക്കണം. വാക്സിൻ സ്വീകരിച്ചാലും കോവിഡ്‌ വന്നുപോയാലും മാസ്ക്‌ ധാരണം ഒഴിവാക്കരുത്‌. ഭക്ഷണം കൃത്യമായി കഴിക്കണം. പഴവർഗങ്ങൾ സ്ഥിരമായി കഴിക്കണം. Read on deshabhimani.com

Related News