മനുഷ്യനെ കൊല്ലുന്ന ജീവിതശൈലീരോഗങ്ങള്‍



 തിരുവനന്തപുരം > പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്ന ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുക, ഒരു സുപ്രഭാതത്തില്‍ മാരകമായ അര്‍ബുദരോഗിയാണെന്ന് വെളിപ്പെടുക. കേരളത്തില്‍ ഇതെല്ലാം സാധാരണമാകുകയാണ്. സംസ്ഥാനത്തെ 60 ശതമാനം മരണങ്ങള്‍ക്കും കാരണമായി കണക്കാക്കുന്നത് ജീവിതശൈലീരോഗങ്ങളാണ്. മനുഷ്യജീവന് ഭീഷണിയായ ജീവിതശൈലീരോഗനിയന്ത്രണത്തിന് വിപുലമായ ബോധവല്‍ക്കരണ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചു കഴിഞ്ഞു. തിങ്കളാഴ്ച അധ്യാപകദിനത്തില്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും. പതിമൂവായിരത്തോളം വിദ്യാലയങ്ങളില്‍ സന്ദേശമെത്തിക്കും. തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഹൃദയധമനീരോഗങ്ങള്‍ (ഹൃദയാഘാതം, രക്താതിസമ്മര്‍ദം, പക്ഷാഘാതം) അര്‍ബുദം, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവയാണ് മരണത്തിന് കാരണമാകുന്ന ജീവിതശൈലീരോഗങ്ങളില്‍ പ്രധാനം. പുകയില ഉപയോഗം, മദ്യപാനശീലം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ആഹാരരീതി എന്നിവയാണ് ജീവിതശൈലീരോഗങ്ങളില്‍ 80 ശതമാനത്തിനും കാരണമെന്ന്് പഠനങ്ങള്‍ പറയുന്നു. പുകയില ഉപയോഗം കാരണം കേരളത്തില്‍ വര്‍ഷം 40,000 പേര്‍ മരിക്കുന്നു. പുരുഷന്മാരിലെ 50 ശതമാനവും സ്ത്രീകളിലെ 25 ശതമാനവും അര്‍ബുദത്തിന് കാരണം പുകയിലയാണ്. പുകവലിക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയും കുഴഞ്ഞുവീണ് മരിക്കാനുള്ള സാധ്യത അഞ്ചിരട്ടിയുമാണ്. ശ്വാസകോശം, വായ, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, പക്ഷാഘാതം, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. വായ, തൊണ്ട, അന്നനാളം, കരള്‍ എന്നിവിടങ്ങളിലെ അര്‍ബുദത്തിന് പുറമെ കരള്‍വീക്കം, സിറോസിസ്, മഹോദരം, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, നാഡീവ്യൂഹങ്ങള്‍ക്ക് പരിക്ക്, ഓര്‍മക്കുറവ്, വിഷാദരോഗം എന്നിവയ്ക്കും മദ്യപാനം കാരണമാകും. ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗവും നാരുള്ള ഭക്ഷണത്തിന്റെ കുറവും എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണംകൂടുതല്‍ കഴിക്കുന്നതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും സംസ്ഥാന ആരോഗ്യവകുപ്പും ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനവ്യാപകമായ പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഈ വര്‍ഷം 219 ഗ്രാമപഞ്ചായത്തുകളെയും 240 സ്കൂളുകളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. Read on deshabhimani.com

Related News