നിപാ പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടന; മന്ത്രി കെ കെ ശൈലജ വിദഗ്‌ദരുമായി ചര്‍ച്ച നടത്തി



തിരുവനന്തപുരം > മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്‌സര്‍ലാന്റില്‍ ലോകാരോഗ്യ സംഘടനയുമായി ചര്‍ച്ച നടത്തി. കേരളത്തിലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടികള്‍, സമഗ്ര അര്‍ബുദരോഗ ചികിത്സാ പദ്ധതികള്‍, ഡിജിറ്റല്‍ ഹെല്‍ത്തിലെ നൂതന ആശയങ്ങള്‍, പരമ്പരാഗത ചികിത്സാ മേഖലയുടെ ശാക്തീകരണവും ലോക രാജ്യങ്ങളുമായിട്ടുള്ള സഹകരണവും, ക്ഷയരോഗം പോലുള്ള പകര്‍ച്ച വ്യാധികളുടെ ഉന്മൂലനം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുമായി നടത്തിയത്. മറ്റ് ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും കേരളവും തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്തു. പരമ്പരാഗത ചികിത്സാ മേഖലയായ ആയുര്‍വേദവും അതിന്റെ ശാക്തീകരണവും സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്ക് ലോകാരോഗ്യ സംഘടന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിപ പ്രതിരോധത്തില്‍ കേരളത്തിന്റെ പങ്ക് പ്രശംസിക്കപ്പെട്ടു. സമഗ്ര ട്രോമകെയര്‍ പദ്ധതിയെ സംബന്ധിച്ച് കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചു. ഇതിനെ സംബന്ധിച്ചുള്ള തുടര്‍ച്ചയായ പഠനങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക വിഭാഗം താത്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കേരള ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നതിന് ഡോ. ചെറിയാന്‍ വര്‍ഗീസ് അടങ്ങുന്ന ഉന്നത സംഘം തുടര്‍ ചര്‍ച്ചയ്ക്കായി വേണ്ടി കേരളത്തില്‍ എത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ അംബാസഡര്‍ രാജീവ് കെ. ചന്ദര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ലോകാരോഗ്യ സംഘടന യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പീറ്റര്‍ സലാമ, അസി. ഡയറക്ടര്‍ ജനറല്‍ ഡോ. റെന്‍ മിന്‍ഗൂയി, ഹെല്‍ത്ത് സിസ്റ്റം ഗവര്‍ണന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജെറാര്‍ഡ് സ്‌കീമെറ്റ്‌സ്, ഡിജിറ്റല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ബെര്‍നാഡോ മാരിയാനോ ജൂനിയര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. Read on deshabhimani.com

Related News