പ്രമേഹ നിയന്ത്രണത്തിന്‌ ജീവിതശൈലി



പ്രമേഹത്തെ അഷ‌്ടമഹാ വ്യാധികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആയുവർവേദം 20 തരത്തിലുള്ള പ്രമേഹങ്ങളെപ്പറ്റിയും പ്രമേഹ ഉപദ്രവങ്ങളെപ്പറ്റിയും വിശദമായി സൂചിപ്പിച്ചിട്ടുണ്ട‌്. ഒരിക്കൽ പിടിപെട്ടാൽ പൂർണമായും ചികിത്സിച്ച‌് മാറ്റാൻ കഴിയാത്ത ഒരു രോഗമാണ‌് പ്രമേഹം. ശരിയായ ജീവിതചര്യയിലൂടെയും സമീകൃത ആഹാരശീലങ്ങളിലൂടെയും പ്രമേഹത്തെ നമുക്ക‌് പടിക്കുപുറത്ത‌് നിർത്താൻ കഴിയും. പ്രമേഹ നിയന്ത്രണത്തിന‌് ഒറ്റമൂലികളോ കുറുക്കുവഴികളോ ഇല്ല എന്ന സത്യം മനസ്സിലാക്കി പ്രമേഹത്തെ ശത്രുവായി കാണാതെ മിത്രത്തെപ്പോലെ അറിഞ്ഞ‌് പരിപാലിച്ചാൽ പ്രമേഹം കൈപ്പിടിയിലൊതുങ്ങുന്ന രോഗാവസ്ഥയാണ‌്. ആഹാരവുമായി ബന്ധപ്പെട്ട‌ ഒരു രോഗമാണ‌് പ്രമേഹം. അതിനാൽത്തന്നെ പ്രമേഹമുണ്ടെന്ന‌് കേട്ടാൽ മിക്കവരും ആദ്യം ഒരു നേരം ആഹാരം ഒഴിവാക്കുകയാണ‌് സാധാരണ ചെയ്യുന്നത‌്. അല്ലെങ്കിൽ രാവിലെയും ഉച്ചയ‌്ക്കും ധാരാളം ആഹാരം കഴിച്ചതിന‌് ശേഷം രാത്രി ഗോതമ്പ‌് പലഹാരങ്ങൾ കഴിച്ച‌് ആഹാര നിയന്ത്രണം നടപ്പാക്കിയെന്ന‌് സമാധാനിക്കുന്നവരാണ‌് ബഹുഭൂരിപക്ഷവും. മറ്റൊരു വിഭാഗക്കാർ പ്രമേഹമുണ്ടെന്നറിഞ്ഞാൽ കുറച്ച‌് ഷുഗറേ ഉള്ളൂ എന്ന‌് മനസ്സിലുറപ്പിച്ച‌് യാതൊരു ചിട്ടയും കൂടാതെ ആഹാരം കഴിച്ചും മരുന്ന‌് കഴിക്കാതെയും ഷുഗർനില പരിശോധിക്കാതെയും കഴിച്ചുകൂട്ടും. പക്ഷേ ഇവരെ കാത്തിരിക്കുന്നത‌് ഗുരുതര രോഗങ്ങളാകാം. ഷുഗർ നില കുറയാതെയിരുന്നാൽ ക്രമേണ നാമറിയാതെ തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കും. ഹൃദയാഘാതമോ പക്ഷാഘാതമോ വൃക്കകൾക്ക‌് തകരാറോ സംഭവിക്കുമ്പോഴായിരിക്കും ഇക്കൂട്ടർ തങ്ങൾ ചെയ‌്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കുന്നത‌്.. പ്രഭാതം പ്രമേഹ നിയന്ത്രണത്തിന‌് ഒരു ആയുർവേദം നിർദേശിക്കുന്ന ജീവിതശൈലിയുണ്ട്‌.  ബ്രാഹ‌്മ മുഹൂർത്തത്തിൽ നിത്യേന എഴുന്നേൽക്കാൻ ശ്രമിക്കുക, അതിരാവിലെ ഉറക്കമുണരുന്ന ശീലംകൊണ്ട‌് പലതുണ്ട‌് ഗുണങ്ങൾ. ശരീരത്തിനും മനസ്സിനും നവോൻമേഷം, വ്യായാമം ചെയ്യാൻ അനുയോജ്യമായ സമയം, തുടങ്ങിയ നല്ല ഗുണങ്ങൾ മാത്രം നമുക്ക‌് ലഭിക്കും. ഒരുഗ്ലാസ‌് ചൂടുവെള്ളം കുടിച്ച‌് ശോധനയും കഴിഞ്ഞ ശേഷം ലഘു വ്യായാമങ്ങൾ ചെയ്യാം. നിത്യവും ഉള്ളംകാലിലും കൈയിലും ചെവിയിലും തലയിലും തേച്ച‌് കുളിക്കുന്നത‌് ഡയബറ്റിക‌് ന്യൂറോപ്പതിയെ തടയും. എണ്ണ തേച്ച‌് കുളിച്ച ശേഷം തലേ ദിവസം കുതിർത്തുവച്ച കുറച്ച‌് ഉലുവ അരച്ച‌് വെള്ളം ചേർത്ത‌് കുടിക്കാം. മിക്ക പ്രമേഹ രോഗികളിലും തോൾവേദന, കൈ ഉയർത്താൻ ബുദ്ധിമുട്ട‌്, കൈകാലുകൾക്ക‌് പെരുപ്പ‌് എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട‌്. ഡയബറ്റിക‌് ന്യൂറോപ്പതിപോലെയുള്ള അസുഖങ്ങളുടെ ലക്ഷണമാണിവ. നിത്യേന എണ്ണ തേച്ച‌് ദേഹം വഴക്കിയെടുത്താൽ ഇവ ഒരു പരിധിവരെ മാറിക്കിട്ടും. സന്ധൽകഴിഞ്ഞുള്ള കുളിയും കാച്ചെണ്ണ തലയിൽ തേയ‌്ക്കുന്നതും പരമാവധി ഒഴിവാക്കിയാൽ നീർവീഴ‌്ച കാരണമുണ്ടാകുന്ന വേദനകളും മാറിക്കിട്ടും. പ്രഭാതഭക്ഷണമായി ആവിയിൽ വേവിച്ചെടുത്ത പലഹാരങ്ങൾ മിതമായ അളവിൽ കഴിക്കാം. ചായയും കാപ്പിയും പൂർണമായും ഒഴിവാക്കി ഗ്രീൻ ടീ പോലെയുള്ള ചൂടുപാനീയങ്ങൾ ശീലമാക്കുക. ദിവസവും ഒന്നിൽ കൂടുതൽ ചായ കുടിക്കുന്നവരിലും ഷുഗർ നില കുറയാറില്ല.   ഉച്ചഭക്ഷണം ആഹാരം വില്ലനാകുന്ന ഈ രോഗാവസ്ഥയെ ആഹാരംകൊണ്ട‌് പിടിച്ചുനിർത്താനും കഴിയും. ശരീരമാവശ്യപ്പെടുന്ന ആഹാരത്തെ സ്വീകരിച്ച‌് വേണ്ടാത്തവയെ അകറ്റി നിർത്താം. എന്നും തുടരാൻ സാധിക്കുന്നതും ലളിതവുമായ ഭക്ഷണക്രമം ശീലിക്കുക, കൃത്യസമയത്ത‌് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം കുറഞ്ഞ അളവിൽ പലതവണയായി ആഹാരം കഴിക്കാൻ ശ്രമിക്കുക. ടിൻഫുഡുകൾ, ബേക്കറി പലഹാരങ്ങൾ, കോള തുടങ്ങിയവയെ മാറ്റി നിർത്തിയ ശേഷം നാരുകൾ ധാരാളമടങ്ങിയ ആഹാരങ്ങളെ കൂടെക്കൂട്ടാം. കുടുംബത്തിൽ ഒരംഗത്തിന‌് പ്രമേഹമുണ്ടായാൽ അദ്ദേഹം മാത്രം ഭക്ഷണക്രമീകരണത്തിന‌് തയ്യാറാകേണ്ടി വരുന്നത‌് മാനസികമായ മടുപ്പ‌് ഉണ്ടാക്കിയേക്കാം. എന്നാൽ മറ്റ‌് കുടുംബാംഗങ്ങൾകൂടി അദ്ദേഹത്തിനൊപ്പം ഭക്ഷണ നിയന്ത്രണത്തിന‌് തയ്യാറായി നോക്കൂ ! ഉദാഹരണമായി പ്രമേഹരോഗി ഒരു നേരം അരിയാഹാരം ഒഴിവാക്കുമ്പോൾ മറ്റുള്ളവരും അത‌് ഒഴിവാക്കുക, കുടുംബത്തിൽ ഒരാൾക്ക‌് പ്രമേഹം വന്നിട്ടുണ്ടെങ്കിൽ നാളെ നമ്മെളെയും പാരമ്പര്യത്തിന്റെ പേരിൽ പിടികൂടാം എന്ന ധാരണയോടെ ആഹാര നിയന്ത്രണത്തിൽ പങ്കുചേരാം. തവിടുള്ള ചുവന്ന അരിയിട്ട‌് നന്നായി വേവിച്ചെടുത്ത ചോറ‌് കുറഞ്ഞ അളവിൽ കഴിക്കാം. ആവിയിൽ വേവിച്ച പച്ചക്കറികൾ കൂടി സൈഡ‌് ഡിഷാക്കിയാൽ ന്യൂജെൻ പരിവേഷവും കിട്ടും. വെള്ളം തിളപ്പിച്ച‌് അരി ഇട്ട‌് വേവിക്കുന്നതിന‌് പകരം തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടുവച്ച അരി ഉപയോഗിച്ച‌് ചോറ‌് വയ‌്ക്കുന്നതാണ‌് പ്രമേഹരോഗികൾക്ക‌് ഉത്തമം. ദാഹശമനി പ്രമേഹരോഗികളിൽ അമിതമായി മൂത്രം പോകുകപ്രമേഹരോഗികളിൽ അമിതമായി മൂത്രം പോകുകയും ദാഹം കൂടുതൽ അനുഭവപ്പെടുകയും അതിന‌് പരിഹാരമായി അമിതമായി വെള്ളം കുടിക്കുന്ന ശീലം കണ്ടുവരാറുണ്ട‌്. എന്നാൽ ഇത‌് വൃക്കയുടെ ജോലിഭാരം കൂട്ടുകയേയുള്ളൂ. ദാഹശമനികളായി ഉലുവ, വേങ്ങകാതൽ, നെല്ലിക്കാത്തോട‌്, പേരയില തുടങ്ങിയവയിട്ട‌് തിളപ്പിച്ച വെള്ളം കുടിക്കാം. ആയുർവേദാശുപത്രികളിൽ ലഭിക്കുന്ന ഡയബെറ്റ‌് ഡ്രിങ്കും പ്രമേഹരോഗികളിലെ ദാഹശമനത്തിന‌് നല്ലതാണ‌്. വൈകുന്നേരം വൈകിട്ട‌് കുറച്ചുനേരം നടന്നശേഷം ഒരു ഗ്ലാസ‌് നെല്ലിക്കയും മഞ്ഞളും ചേർത്തുണ്ടാക്കിയ ജ്യൂസ‌് കുടിക്കാം. പ്രമേഹ നിയന്ത്രണത്തിന‌് ഒരു ഉത്തമകൂട്ടാണ‌് ഇവ. ചെരുപ്പും കുടയുമില്ലാതെ സന്യാസിയെപ്പോലെ ജിതേന്ദ്രിയനായി ദിവസവും നൂറുയോജന കാൽനടയായി യാത്രചെയ‌്താൽ പ്രമേഹ ശമനമുണ്ടാകുമെന്നും ചക്രഭന്തതം എനന ആയുർവേദ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. ചെറിയ യോഗാസനങ്ങൾ ശീലിക്കുന്നതും ശരീരത്തിന‌് നല്ലതാണ‌്. സൂര്യ നമസ‌്കാരം, ശവാസനം, ധനുരാസനം, വജ്രാസനം, ത്രികോണാസനം എന്നിവയൊക്കെ പ്രമേഹരോഗികൾക്ക‌് ശീലിക്കാവുന്നതാണ‌്. രാത്രി ഭക്ഷണം രാത്രിയാഹാരം തീരെ ഒഴിവാക്കാതെ രണ്ട‌് ചപ്പാത്തിയോ സൂചിഗോതമ്പോ റാഗിക്കുറുക്കോ കഴിക്കാം. രണ്ട‌് ചപ്പാത്തിയിൽ കൂടുതൽ കഴിക്കുന്നത‌് ചോറ‌് കഴിക്കുന്നതിന‌് തുല്യമായി പോകും. ആഹാരം അമിതമായി കഴിക്കാതിരിക്കാൻ ആഹാരത്തിന‌് മുമ്പ‌് ഒരു ക്യാരറ്റോ മറ്റുപച്ചക്കറികളോ പച്ചയ‌്ക്ക‌് ചവച്ചരച്ച‌് കഴിക്കുക. രാത്രി ആഹാരത്തിന‌് ശേഷം ത്രിഫലാചൂർണം ചൂടുവെള്ളത്തിൽ ചേർത്ത‌് കുടിക്കുന്നത‌് പ്രമേഹരോഗികൾക്ക‌് ശരീരത്തിനും കണ്ണിനും നല്ലതാണ‌്. ചിട്ടയായ ഭക്ഷണം, വ്യായാമം, ഉറക്കം, മരുന്ന‌് എന്നീ നാലുകാര്യങ്ങൾ ഒരുമയോടെ മുന്നോട്ട‌് കൊണ്ടുപോയാൽ പ്രമേഹമെന്ന ശത്രു മിത്രമായി മാറും. ആയുർവേദത്തിന്റെ നൻമകൾകൂടി ലഭ്യമാകുമ്പോൾ സമ്പൂർണാരോഗ്യം ലഭിക്കാൻവേണ്ടിയും പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങൾക്ക‌് തടയിടാനും വേണ്ടി ഭാരതീയ ചികിത്സാ വകുപ്പും കേരളാ ഗവൺമെന്റും സംയുക‌്തമായി തുടങ്ങിയ പദ്ധതിയാണ‌് ആയുഷ്യം പദ്ധതി. കേരളത്തിലെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആയുർവേദാശുപത്രികളിൽ ഈ പദ്ധതിയുടെ പ്രയോജനം പ്രമേഹരോഗികൾക്ക‌് ഉപയോഗപ്പെടുത്താവുന്നതാണ‌്. (പത്തനംതിട്ട അങ്ങാടിക്കൽ ഗവ. ആയുർവേദാശുപത്രിയിൽ  ആയുഷ്യം പ്രോജക‌്ട‌് മെഡിക്കൽ  ഓഫീസറാണ്‌ ലേഖിക) Read on deshabhimani.com

Related News