പ്രമേഹരോഗികൾക്ക്‌ എന്തു കഴിക്കാം... പക്ഷെ മിതമാകണം



പ്രമേഹരോഗികൾക്ക്‌ എന്തൊക്കെ കഴിക്കാം എന്ന്‌ എല്ലാവരും എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്‌? അതുപോലെ പഴങ്ങൾ കഴിക്കാമോ? എത്രനേരം ഭക്ഷണം കഴിക്കാം? രാത്രി ഭക്ഷണം ഒഴിവാക്കണോ? അങ്ങനെ നീളുന്നു സംശയങ്ങൾ പ്രമേഹരോഗികൾക്ക്‌ ഒരു പ്രത്യേക ഭക്ഷണരീതിയുടെ ആവശ്യമില്ല. പ്രധാനമായി ശ്രദ്ധിക്കാനുള്ളത്‌ പഞ്ചസാര കഴിക്കാതിരിക്കുക. അതുപോലെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുക. അത്‌ നിർബന്ധമാണ്‌. പിന്നെ ചെറിയ അളവിൽ പല പ്രാവശ്യമായിട്ട്‌ ഭക്ഷണം കഴിക്കുക. സമയത്തിന്‌ ഭക്ഷണം കഴിക്കുക ഇതും വളരെ പ്രധാനമാണ്‌. മറ്റുള്ള എല്ലാ ഭക്ഷണവും  കഴിക്കാം. പക്ഷേ മിതമായ അളവിൽ മാത്രമേ കഴിക്കാൻ പറ്റുകയുള്ളു. എല്ലാവർക്കും തോന്നുന്ന ഒരു സംശയമാണ്‌ പഴങ്ങൾ പ്രമേഹരോഗികൾക്ക്‌ കഴിക്കാമോ എന്നുള്ളത്‌.പഴങ്ങളും പ്രമേഹരോഗികൾക്ക്‌ കഴിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം. പ്രധാന ഭക്ഷണങ്ങളുടെ കൂടെ; അതായത്‌ പ്രാതൽ, ഉച്ചയ്‌ക്കുള്ള ഭക്ഷണം, വൈകിട്ടത്തെ ഭക്ഷണം ഇവയുടെ കൂടെപഴങ്ങൾ ഉൾപ്പെടുത്തരുത്‌. അങ്ങനെ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ വളരെയധികം കൂടും. അതല്ലാതെ, ഇടനേരങ്ങളിൽ കഴിക്കാം. ആറുനേരങ്ങളിലായി ഭക്ഷണം കഴിക്കുന്ന ശീലത്തിൽ; രാവിലെ പ്രാതലിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ‌്  ഏതെങ്കിലും ഒരു പഴം കഴിക്കുന്നതുകൊണ്ട്‌ തെറ്റില്ല. അല്ലെങ്കിൽ ഉച്ചയ്‌ക്ക് ഊണു കഴിഞ്ഞ്‌  ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ്‌ പഴം ‌ കഴിക്കാം. അതുപോലെ രാത്രി നേരത്തെ ഊണുകഴിഞ്ഞ്‌ 2 മണിക്കൂർ കഴിഞ്ഞാണ്‌ ഉറങ്ങുന്നതെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ്‌  പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്‌  ഒരു ചെറിയ കഷ‌്ണം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ  മാങ്ങ, ചക്ക എന്നിവ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. മധുരം കൂടുതലുള്ള പഴങ്ങളായതിനാൽ മാങ്ങയാണെങ്കിൽ ഒരു കഷണം, ചക്കപ്പഴമാണെങ്കിൽ ഒന്നോ രണ്ടോ ചുള മാത്രം എടുക്കാവുന്നതാണ്‌. പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജ്യൂസ്‌ ആക്കി കഴിക്കുന്നത്‌ കഴിയുന്നത്ര ഒഴിവാക്കണം. ജ്യൂസാക്കുമ്പോൾ നാരിന്റെ അംശം നഷ്ടമാകുന്നു. അതുകൊണ്ട്‌ പഴങ്ങൾ ജ്യൂസാക്കാതെ മുറിച്ച്‌ കഴിക്കുന്നത്‌ ശീലമാക്കണം. അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. എല്ലാവർക്കും തോന്നുന്ന സംശയമാണ്‌ അരിയും ഗോതമ്പും കഴിച്ചാൽ വ്യത്യാസമുണ്ടോ? സാധാരണ രീതിയിൽ അരിയും ഗോതമ്പും കഴിച്ചാൽ വലിയ വ്യത്യാസമില്ല. പക്ഷേചോറുകഴിക്കുന്നതിനേക്കാൾ ചപ്പാത്തിയൊക്കെ കഴിക്കുമ്പോൾ നമുക്ക്‌ എണ്ണിയെടുക്കാമെന്നതുകൊണ്ട്‌ അളവിൽ നമുക്കൊരു നിയന്ത്രണം സാധ്യമാവുന്നു. അതാണ്‌ ചപ്പാത്തി തെരഞ്ഞെടുക്കുന്നത്. പറഞ്ഞതുപോലെ അന്നജം കൂടുതലുള്ള ഭക്ഷണം കഴിയുന്നതും കുറയ്‌ക്കണം. അന്നജം വേണം. പക്ഷേ അളവ്‌ കുറയ്‌ക്കണം കൊഴുപ്പ്‌ കൂടിയ ഭക്ഷണവും പരമാവധി കുറയ്‌ക്കണം. തവിടുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ച്‌ കഴിക്കാം; സാലഡ്‌ ആക്കി കഴിക്കാം. പയർ വർഗങ്ങൾ കഴിക്കാം. പ്രമേഹം മറ്റ്‌ അവയവങ്ങളെ  ബാധിച്ചിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച്‌ വൃക്കകളെയൊക്കെ പ്രമേഹം ബാധിച്ചിട്ടുണ്ടെങ്കിൽ പ്രോട്ടീൻ കൂടിയ ഭക്ഷണം കഴിക്കാതിരിക്കണം. അതായത്‌ പയർ വർഗങ്ങൾ, പരിപ്പ്‌, കടല, നോൺ വെജിറ്റേറിയൻ പ്രോട്ടീൻ അതൊക്കെ കുറയ്‌ക്കണം. പ്രമേഹത്തോടൊപ്പം രക്താതിസമ്മർദം ഉണ്ടെങ്കിൽ ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കണം. ഒരു ദിവസം കുറഞ്ഞത്‌ എട്ടുഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം.  പഞ്ചസാര ഒഴികെ മറ്റ്‌ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതില്ല. എന്നാൽ പല പ്രാവശ്യം മിതമായ അളവ്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തരുടെയും രോഗാവസ്‌ഥ വ്യത്യസ്‌തമായതിനാൽ  ഡോക്‌ടറുടെ നിർദേശപ്രകാരം ഡയറ്റീഷ്യന്റെ സഹായത്തോടെ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌.       കുടുംബത്തിന്‌ ഒരു ഭക്ഷണശീലം യുവതലമുറയിൽ പ്രമേഹം വർധിക്കുന്നതിനു പ്രധാനകാരണം ഭക്ഷണത്തിലെ  ശ്രദ്ധയില്ലായ്‌മയാണ്‌. യുവതലമുറയുടെ ജീവിതശൈലി മധ്യവയസ്കരുടെയോ വൃദ്ധരുടെയോ ജീവിതശൈലിയിൽനിന്ന്‌ തികച്ചും വ്യത്യസ്തമാണ്.  യുവജനങ്ങൾ ഭക്ഷണത്തിനായി കൂടുതലും ഹോട്ടലുകളെയോ ഫാസ്‌റ്റ്‌ ഫുഡ് കേന്ദ്രങ്ങളെയോ ആണ് ആശ്രയിക്കുന്നത്‌. മാത്രമല്ല, കലോറി കൂടിയ  കൊഴുപ്പും മധുരവുമുള്ള ഭക്ഷണങ്ങൾ,  ശീതളപാനീയങ്ങൾ, ബർഗർ, പഫ്സ്, പിസ, ഇവയാണ്‌ ചെറുപ്പക്കാരുടെ ഇഷ്ടവിഭവങ്ങൾ. കുടുംബത്തിൽ ഒരാൾക്ക്‌ പ്രമേഹം ഉണ്ടെങ്കിൽ കുടുബാംഗങ്ങളെല്ലാം ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതികളും പിന്തുടരുക എന്നതാണ്‌ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള എളുപ്പമാർഗം. പ്രമേഹരോഗിക്കായി പ്രത്യേകഭക്ഷണം എന്നല്ല, മറിച്ച്‌ കുടുംബത്തിൽ എല്ലാവരും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ്‌ വേണ്ടത്‌. കുടുംബത്തിൽ സ്വായത്തമാക്കാവുന്ന ചില കാര്യങ്ങൾ: പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം പരമാവധി കുറയ്‌ക്കുക. കുടുംബകൂട്ടായ്‌മകളിൽ ആരോഗ്യപ്രദമായ ഭക്ഷണംമാത്രം വിളമ്പുക. ശീതളപാനീയങ്ങൾ, കാലറികൂടിയ ഭക്ഷണങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണം വീട്ടിൽനിന്നും ഒഴിവാക്കുക. കൃത്യസമയത്തും കുറഞ്ഞ അളവിലും ആഹാരം കഴിക്കുക. കുട്ടിക്കാലംമുതൽതന്നെ ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും കുഞ്ഞുങ്ങളെ ശീലിപ്പിക്കണം ആരോഗ്യകരമായ ജീവിതശൈലി പ്രാപ്‌തമാക്കാൻ കുടുംബാംഗങ്ങൾ പരസ്‌പരം പ്രചോദനമാകണം. (സീനീയർ ഡയബറ്റോളജിസ്‌റ്റും സംസ്ഥാന ഹെൽത്ത്‌ സർവീസിൽ അസിസ്‌റ്റന്റ്‌ സർജനുമാണ്‌ ലേഖിക)      drsheejasreenivas@gmail.com         Read on deshabhimani.com

Related News