കുഞ്ഞിപ്പല്ലുകളെ സംരക്ഷിക്കാം



വായ ശാരീരിക ആരോഗ്യത്തിലേക്കുള്ള കവാടമാണെന്ന്‌ പറയാം. മുതിർന്നവരുടെ പല്ലുകൾക്ക് കൊടുക്കുന്ന പരിഗണന കുഞ്ഞുങ്ങളുടെ പല്ലുകൾക്ക് പലരും നൽകാറില്ല. ‘ഇളകിപ്പോകേണ്ട പല്ലല്ലേ, അതെന്താണിത്ര ശ്രദ്ധിക്കാൻ’ എന്നൊക്കെ പറയുന്നവരുണ്ട്‌. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും ആഹാരം നന്നായി ചവച്ചരച്ചുകഴിക്കാനും പല്ലുകൾ വഹിക്കുന്ന പങ്ക്പലപ്പോഴും പലരും മറക്കുകയാണ്‌. ആഹാരം നന്നായി ചവച്ചരച്ചുകഴിച്ചാൽ മാത്രമേ ദഹനപ്രക്രിയ കൃത്യമായി നടക്കുകയുള്ളൂ. ‘കുട്ടിപ്പല്ലു’കളുടെ കേടുകൾ നമ്മളെ അസ്വസ്ഥരാക്കാറുണ്ടെങ്കിലും അതിന്റെ ചികിത്സയിലേക്ക്‌ വരുമ്പോൾ പലകാരണങ്ങൾകൊണ്ടും മടികാട്ടാറുണ്ട്‌. കൃത്യമായ അവബോധമില്ലായ്‌മയും മിഥ്യാധാരണകളുമാണ്‌ ഇതിന്‌ കാരണം. കുട്ടികളിൽ പല്ലിന്റെ ചികിത്സ ചെയ്യുമ്പോൾ അത് അവരെ ദോഷകരമായി ബാധിക്കുമോ എന്ന ഭയമാണ്ചിലർക്ക്. കുട്ടികളുടെ ദന്തശുചിത്വത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. പല്ല‌്‌ തേയ്‌പ്പിനും ഏകദേശം 6 മാസം ആവുമ്പോഴേക്കും കുട്ടികളിൽ പാൽപ്പല്ലുകൾ മുളയ്‌ക്കാൻ തുടങ്ങും. ആറുമാസം എന്നത്‌ ചിലരിൽ വ്യത്യാസപ്പെടാം. ആ സമയത്ത്പേസ്റ്റ് ഉപയോഗിക്കാതെതന്നെ മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് കുട്ടികളെ പല്ല്തേയ്‌പ്പിച്ചു തുടങ്ങാം. ഒരുവയസ്സ്ആവുമ്പോഴേക്കും മുൻനിര പല്ലുകൾ എല്ലാം വന്നുതുടങ്ങും. ആസമയത്ത് മൃദുവായ ബ്രഷ്ഉപയോഗിച്ച്കുഞ്ഞുങ്ങൾക്ക്പല്ല്തേയ്ക്കാൻ പരിശീലനം നൽകാം. രണ്ടുവയസ്സ് ആകുമ്പോഴേക്കും ഏകദേശം എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിഞ്ഞിരിക്കും. പല്ലുകളുടെ എണ്ണം കൂടുമ്പോൾ പേസ്റ്റ്എടുക്കുന്നതിന്റെ അളവുംകൂട്ടാം. 3–-4 വയസ്സാകുമ്പോഴേക്കും ദിവസേന രണ്ടുതവണ, രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി കിടക്കുന്നതിനുമുമ്പും കുട്ടികളെ പല്ല്തേയ്‌പ്പിച്ച് ശീലിപ്പിക്കണം. കുട്ടികൾ പേസ്റ്റ് കൃത്യമായി തുപ്പിക്കളയണം എന്ന് മനസ്സിലാക്കുന്ന പ്രായം വരെ കൂടുതൽ ശ്രദ്ധവേണം. അതിനുശേഷം മുതിർന്നവർ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റുകൾ അവർക്ക് ഉപയോഗിച്ചുതുടങ്ങാം. കുട്ടികളിലെ ദന്തക്ഷയം മൂന്നുവയസ്സിന്‌ താഴെയുള്ള കുട്ടികളിൽ കാണുന്ന പ്രത്യേകതരം ദന്തക്ഷയമാണ്‌ നഴ്സിങ്‌ ബോട്ടിൽ ദന്തക്ഷയം. മുലപ്പാലോ കുപ്പിപ്പാലോ കുടിച്ചുകൊണ്ട്‌ ഉറങ്ങുന്നശീലം ഇത്തരം ദന്തക്ഷയം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമാണ്. മുലപ്പാൽ, കുപ്പിപ്പാൽ, മധുരപാനീയങ്ങൾ, പഞ്ചസാര അടങ്ങിയ ദ്രാവകങ്ങൾ, മധുരമുള്ള ഭക്ഷണം എന്നിവയൊക്കെ കഴിച്ച ശേഷമുള്ള വായിലെ അവശിഷ്‌ടങ്ങൾ ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കും. ഇതു മൂലമുണ്ടാകുന്ന ആസിഡ്‌ പല്ല‌്‌ ദ്രവിക്കാൻ കാരണമാകും. മേൽത്താടിയിലെ മുൻനിര പല്ലുകളിൽ വെളുത്തനിറമുള്ള പാടുകൾ രൂപപ്പെടുന്നതോടെയാണ്‌ കേടുകൾ ആദ്യം പ്രത്യക്ഷപ്പെടുക. പല്ലും മോണയും കൂടിച്ചേരുന്ന ഭാഗത്തോട്‌ അടുത്തായിരിക്കും ഇത്തരം വെളുത്ത പാടുകൾ ആദ്യംകാണുക. പാടുകൾ തുടക്കത്തിൽ കാണാൻ പ്രയാസമാണ്‌. കേട്‌ കൂടുതൽ വഷളാകുമ്പോൾ മഞ്ഞനിറമോ ബ്രൗൺനിറമോ ഉള്ള പാടുകളായിമാറും. പിന്നീട്‌ പല്ല‌്‌ പൊടിഞ്ഞുപോകുകയും മുകളിലത്തെ നിരയിലെ അണപ്പല്ലുകളിലേക്കും താഴത്തെ നിരയിലെ അണപ്പല്ലുകളിലേക്കും വ്യാപിക്കുകയുംചെയ്യും. മധുരപദാർഥങ്ങളും മറ്റും കഴിച്ചാൽ ഉടനെതന്നെ വായകഴുകുകയോ ബ്രഷ്ചെയ്ത്‌ വൃത്തിയാക്കുകയോ ചെയ്യണം. മരുന്നുകളുടെ ഉപയോഗവും ഗർഭിണി ആയിരിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വൈറൽ പനി, ചില മരുന്നുകളുടെ ഉപയോഗം എന്നിമൂലം കുഞ്ഞിന്റെ പല്ലിന്‌ കേടുകളും നിറവ്യത്യാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. ദ്രവിച്ച പല്ലുകൾ ഉണ്ടാകാൻ കാരണമാകുന്ന ചില പാരമ്പര്യരോഗങ്ങളും ഉണ്ട്. പക്ഷേ ഇത്തരം കാരണങ്ങൾകൊണ്ട് ഉണ്ടാകുന്ന ദന്തക്ഷയം ചിലഭാഗങ്ങളിലുള്ള പല്ലുകളെമാത്രം പ്രത്യേകമായി ബാധിക്കാതെ താഴെയും മുകളിലുമുള്ള പല്ലുകളെ ഒരുപോലെ ബാധിക്കുന്നതായാണ്‌ കണ്ടുവരുന്നത്. ഏറെ ശ്രദ്ധവേണം കുഞ്ഞിന്റെ വായിലെ ഓരോ പാൽപ്പല്ലും സ്വാഭാവികമായി കൊഴിഞ്ഞുപോകാനും അവയുടെ സ്ഥാനത്ത്‌ സ്ഥിരം പല്ലുകൾ വരാനും പ്രത്യേകം പ്രായപരിധിയുണ്ട്. ആ പ്രായംവരെ പാൽപ്പല്ലുകൾ നിലനിർത്തേണ്ടത്‌ സ്ഥിരംപല്ലുകളുടെ പൂർണമായ ആരോഗ്യത്തിനും അവ നിരതെറ്റാതെ മുളച്ചുവരാനും ആവശ്യമാണ്‌. സ്വാഭാവികമായി കൊഴിഞ്ഞുപോകേണ്ട പ്രായം ആകുന്നതിനുമുമ്പ്‌ പാൽപ്പല്ലുകളിൽ ആഴത്തിലുള്ള കേടും വേദനയും അനുഭവപ്പെട്ടാൽ വേര്‌ ചികിത്സ (റൂട്ട്കനാൽ ട്രീറ്റ്മെന്റ്) ചെയ്‌ത്‌ അവയെ നിലനിർത്തേണ്ടതാണ്. കൊഴിഞ്ഞുപോകുന്ന പല്ലിന്‌ എന്തിനാണ്‌ റൂട്ട്കനാൽ ട്രീറ്റ്മെന്റ്, അത്പറിച്ചുകളയാം എന്നൊക്കെ തോന്നാം. പക്ഷെ ഒരു പാൽപ്പല്ല‌്‌ സ്വാഭാവികമായി ഇളക്കംവന്ന്‌ പറിഞ്ഞുപോകേണ്ട പ്രായം ആവുന്നതിനുമുമ്പേ എടുത്തുകളഞ്ഞാൽ അത്‌ ആ സ്ഥാനത്ത്‌ മുളച്ചുവരേണ്ട സ്ഥിരം പല്ലുകളുടെ ക്രമീകരണത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളർച്ചയെയും പാൽപ്പല്ലുകൾ സ്വാധീനിക്കും. പല്ലിലെ കേടും പ്രായമെത്താതെ എടുത്തുകളഞ്ഞ പല്ലുകളുടെ വിടവും കുട്ടികളുടെ ആത്മവിശ്വാസവും സന്തോഷവും കുറച്ചേക്കാം. ഇക്കാരണങ്ങളാൽ പാൽപ്പല്ലുകൾ ആരോഗ്യത്തോടെ നിലനിർത്തേണ്ടത്‌ പ്രധാനം. Read on deshabhimani.com

Related News