മറക്കല്ലേ.. ചെറുലക്ഷണങ്ങളും പ്രധാനം



കോവിഡ്‌–-19 ബാധിച്ച്‌ മരിച്ച വ്യക്തിയുടെ പരിസരവാസികൾ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം? മരിച്ച വ്യക്തി താമസിച്ച സ്ഥലത്ത്‌ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്‌. വീടിന്റെ ചുറ്റുമുള്ളവരും ക്വാറന്റൈൻ നിയമങ്ങൾ പാലിക്കണം. മരണവീട് സന്ദർശിക്കരുത്‌. വീട്ടിൽ ആളുകൂടരുത്‌. സ്വന്തം വീടിനുള്ളിൽപ്പോലും സാമൂഹ്യഅകലവും കരശുചിത്വവും പാലിക്കണം. മരണവീടിന്റെ അടുത്ത വീടുകളിൽ ഉള്ളവർക്ക് അടുത്ത 14 ദിവസത്തിനുള്ളിൽ ചെറിയ ലക്ഷണങ്ങൾ കാണ്ടാൽപ്പോലും ഉടൻ അധികൃതരെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവരെയും കുടുംബങ്ങളെയും നിത്യേന സന്ദർശിക്കുന്ന ജനപ്രതിനിധികൾക്ക്‌ രോഗം കിട്ടാൻ സാധ്യത കൂടുതലല്ലേ? ജനപ്രതിനിധികളും സന്നദ്ധസേനക്കാരും സദാ ജാഗ്രത പാലിക്കണം. ഐസൊലേഷനിലുള്ള വ്യക്തിയുടെ വീടിനുള്ളിൽ ഒരിക്കലും പ്രവേശിക്കരുത്. ഗേറ്റിന്‌ പുറത്തുനിന്ന്‌ വിവരങ്ങൾ അന്വേഷിക്കണം. അതല്ലെങ്കിൽ രണ്ട് മീറ്റർ അകലം കൃത്യമായി പാലിക്കുക. അവിടുള്ള വസ്തുക്കളിൽ സ്പർശിക്കരുത്‌. സംഭാഷണത്തിന്‌ ഫോൺ ഉപയോഗിക്കുക. സാധനങ്ങളും നേരിട്ട്‌ കൈമാറരുത്‌. മുറ്റത്തോ വരാന്തയിലോ വച്ചിട്ട് വീട്ടുകാരെ അറിയിക്കുന്നതാകും ഉത്തമം. സന്ദർശനത്തിനുശേഷം കൈകൊണ്ട് മുഖത്ത് സ്പർശിക്കരുത്. എത്രയും വേഗം കൈ സോപ്പിട്ട് വൃത്തിയായി കഴുകുകയും വേണം. കൊറോണ മുക്തരാകുന്നവർ പൂർണ ആരോഗ്യവാന്മാരാണോ? ദൈനംദിന ജോലികൾ ചെയ്യാനാകുമോ? കൊറോണ രോഗമുക്തി എന്ന്‌ പറയുന്നത് രോഗലക്ഷണങ്ങൾ മാറുകയും രണ്ടുതവണ ടെസ്റ്റ് നെഗറ്റീവ് ആകുകയും ചെയ്യുമ്പോഴാണ്. മറ്റ്‌ അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ അവർ ആരോഗ്യവാന്മാർ ആയിരിക്കും. പക്ഷേ, രോഗബാധയുണ്ടായി അഞ്ച്‌ ആഴ്ചവരെ മലത്തിലൂടെയുള്ള വൈറസിന്റെ ബഹിർഗമനം തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗമുക്തി നേടി വീട്ടിലെത്തിയാലും 14 ദിവസത്തെ ഐസൊലേഷൻ കർശനമായും പാലിക്കണം. മലമൂത്ര വിസർജനത്തിനുശേഷം കൈകൾ നല്ലവണ്ണം സോപ്പിട്ട് കഴുകണം. ഇക്കാലയളവിൽ അവരുപയോഗിക്കുന്ന ടോയ്‌ലറ്റ് മറ്റാരും ഉപയോഗിക്കാൻ പാടില്ല. പാചകം, പാത്രം കഴുകൽ പോലുള്ള ജോലികൾ ചെയ്യരുത്‌. ഉത്തരം നൽകിയത്‌ ഡോ. മനോജ്‌ വെള്ളനാട്‌ ഇൻഫോ ക്ലിനിക്‌ ചോദ്യങ്ങൾ അയക്കാം: dbitvm@gmail.com. Read on deshabhimani.com

Related News