നടുവേദനയോ , അവഗണിക്കരുത്



നടുവേദന നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്ന അസുഖമാണ്‌. ഇതിൽത്തന്നെ ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിങ്‌ സ്പൊൺഡ്യലൈറ്റിസ് (Ankylosing Spondylitis) ആകാം. ലോകത്ത്‌ 1-2 ശതമാനംപേർ ഈ രോഗബാധിതരാണ്. ഇവരിൽ  ഭൂരിപക്ഷവും തെറ്റായ രോഗനിർണയംമൂലം  ചികിത്സ നേടാൻ കാലതാമസം നേരിടുന്നവരും.   നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ്‌ ഇത്‌. രോഗം  ബാധിച്ചാൽ  നട്ടെല്ലിന്‌ വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം.  15നും- 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖബാധിതരാണ്. ലക്ഷണങ്ങൾ നടുവേദന തന്നെയാണ് സാധാരണയായി കാണുന്ന ലക്ഷണം. രാവിലെ  ഉണരുമ്പോൾ  വേദന കൂടുതലായി അനുഭവപ്പെടുന്നു എന്നതാണ്‌ ഇതിന്റെ  പ്രത്യേകത. വേദനയോടൊപ്പം നട്ടെല്ലിന് അരമണിക്കുറോളം നിലനിൽക്കുന്ന മുറുക്കവും അനുഭവപ്പെടും. ശരീരം ചലിച്ചുതുടങ്ങുമ്പോൾ ലക്ഷണങ്ങൾ ശമിച്ചു തുടങ്ങും. ചിലപ്പോൾ  സന്ധികളിലെ നീർക്കെട്ടും വേദനയായും കണ്ണുകളുടെ വേദനയായും ചുവപ്പുമായും അനുഭവപ്പെടാം. വിരളമായി  ശ്വാസകോശത്തെയും ഹൃദയത്തിന്റെ  വാൽവുകളെയും ഇത് ബാധിക്കാം. സോറിയാസിസ്, ഉദരരോഗങ്ങൾ എന്നിവയുള്ളവർക്കും വരാം.  രോഗനിർണയവും ചികിത്സയും രോഗനിർണയത്തിന് സമ്പൂർണ ശാരീരിക പരിശോധനയോടൊപ്പം ഇഎസ്‌ആർ, സിആർപി മുതലായ പരിശോധനയും സ്‌കാനിങ്ങും  ആവശ്യമായി വരാം. മരുന്നിനോടൊപ്പം ഫിസിയോ തെറാപ്പി, ഒക്കുപേഷൻ തെറാപ്പിയും  യോജിപ്പിച്ചുചെയ്യുന്ന ചികിത്സാരീതിയാണ് ഉത്തമം.  മരുന്നുകളിൽ നോൺ -സ്റ്റീരിയോഡൽ ആന്റി- ഇൻഫ്ലമറ്ററി മരുന്നുകളാണ്‌ പ്രാരംഭ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഇത് വേദനയും നട്ടെല്ലിലെ മുറുക്കവും കുറയ്ക്കാൻ സഹായിക്കും. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഡിസീസ്‌ മോഡിഫൈയിങ്‌ ആൻറി റിഹുമാറ്റിക്‌ ഡ്രഗ്‌സ്‌ ഉപയോഗിക്കേണ്ടിവരും. ജൈവ മരുന്നുകളുടെ കണ്ടുപിടിത്തത്തോടെ വിപ്ലവകരമായ മാറ്റമാണ്ചികിത്സയിൽ ഇന്ന് വന്നിട്ടുള്ളത്. ഇത്‌ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സന്ധികളുടെ നാശം നിയന്ത്രിക്കുന്നതിനും വൈകല്യങ്ങൾ വരാതിരിക്കുന്നതിനും ഫലപ്രദമാണ്‌. Read on deshabhimani.com

Related News