വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്: 'വിവ കേരളം' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം> വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.  15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളില്‍ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. ഇതില്‍ നിന്നും മുക്തി നേടിയാല്‍ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉത്പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും. അതിനാല്‍ എല്ലാവരും ഈ കാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ അനീമിയയുടെ തോത് 40 ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്. രക്തക്കുറവ് പരിഹരിക്കാനായി അയണ്‍ സമ്പുഷ്ടമായ ഭക്ഷണം, അങ്കണവാടികളിലും സ്‌കൂളുകളിലും അയണ്‍ ഗുളികകള്‍ നല്‍കുക, വിരശല്യം ഒഴിവാക്കുക, ശക്തമായ ബോധവത്ക്കരണം എന്നിവയും ലക്ഷ്യമിടുന്നു. ഇത്തരം ഇടപെടലുകളിലൂടെ വിളര്‍ച്ചയില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും. എന്താണ് അനീമിയ? കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍ കുറയുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്‌സിജനെ എത്തിക്കുന്നത് ഹീമോഗ്ലോബിന്റെ സഹായത്തോടെയാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ രക്തത്തിന് ഓക്‌സിജനെ വഹിക്കുവാനുള്ള കഴിവ് കുറയുന്നു. രോഗ ലക്ഷണങ്ങള്‍ വിളറിയ ചര്‍മ്മം, കണ്‍പോളകള്‍, ചുണ്ട്, മോണ, നഖങ്ങള്‍, കൈകള്‍ എന്നിവ, ലഘുവോ കഠിനമോ ആയ ക്ഷീണം, ഉത്സാഹമില്ലായ്മ, തലവേദന, തലകറക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അപകട സാധ്യതകള്‍ ഗര്‍ഭിണികളില്‍ പ്രസവ സമയത്ത് അമിതരക്തസ്രാവം, കുഞ്ഞുങ്ങളില്‍ തൂക്കക്കുറവ്, പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി എന്നിവ അനീമിയ കൊണ്ടുണ്ടാക്കാം. മുതിര്‍ന്നവരില്‍ ക്രമം തെറ്റിയ ആര്‍ത്തവം, ക്ഷീണം, കിതപ്പ്, ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ട് എന്നിവയും കൗമാരപ്രായക്കാരില്‍ ക്ഷീണം, തളര്‍ച്ച, തലവേദന, ക്രമം തെറ്റിയ ആര്‍ത്തവം, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാവുക, പഠന - പഠനേതര പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോവുക എന്നിവയുണ്ടാക്കാം. കുട്ടികളില്‍ വളര്‍ച്ച, മുരടിപ്പ്, കായികശേഷി കുറവ്, ക്ഷീണം, രോഗപ്രതിരോധ ശേഷി കുറഞ്ഞ് ഇടവിട്ട് രോഗബാധയുണ്ടാകുക എന്നിവയും ഉണ്ടാക്കാം. ഇവ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇത്തരം സങ്കീര്‍ണതകളില്‍ നിന്നും മോചനം നേടാവുന്നതാണ്. Read on deshabhimani.com

Related News