മദ്യപാന രോഗികളോട് നമുക്ക് ചെയ്യാവുന്നത് ...ഡോ. ഗിതിൻ വി ജി എഴുതുന്നു



"സര്‍ ഒരു ഗ്ലാസ്‌ മദ്യം" ഈ വാചകം ഇപ്പോള്‍ പറയുന്നത് ആദ്യമായി മദ്യപിക്കാനെത്തിയ തളത്തില്‍ ദിനേശനല്ല. മദ്യമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാകാത്ത ഒരു കൂട്ടം മദ്യാസക്തിയുള്ളവരാണ്. അതെ അവര്‍ക്ക് മദ്യമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ല.     കൊറോണ ഭീതിയില്‍ നമ്മുടെ സര്‍ക്കാര്‍ എല്ലാം പൂട്ടിയിട്ടും മദ്യശാലകള്‍ (ബിവറേജ് ഔട്ട്‌ലെറ്റുകള്‍) മാത്രം അടച്ചില്ല. പലരും സര്‍ക്കാരിനെ കുറ്റം പറഞ്ഞു. വിമര്‍ശിച്ചവരില്‍ എത്ര പേര്‍ പൂട്ടാത്തതിനുള്ള  കാരണം അന്വേഷിച്ചു കാണും? എല്ലാ കാര്യത്തിലും വിവേകത്തോടെ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സര്‍ക്കാരിനിതെന്തു പറ്റി? വെള്ളവും ആഹാരവും പോലെ അവശ്യവസ്തുവാണോ മദ്യം? നമ്മളില്‍ പലരും ഈ ചോദ്യം പരസ്പരം ചോദിച്ചു കാണും? എത്രപേര്‍ യഥര്‍ത്ഥ കാരണം അന്വേഷിച്ചു കാണും? സാക്ഷര കേരളിത്തിനോടാണി ചോദ്യം?  സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഇറങ്ങി. ഏറെ രഷ്ട്രീയ വിമര്‍ശനങ്ങളും വന്നു. അവസാനം കേന്ദ്ര സര്‍ക്കാര്‍ കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി 21  ദിവസത്തെ ലോക്ഡൌണ്‍  (lock down) പ്രഖ്യാപിച്ചപ്പോഴാണ് മദ്യശാലകള്‍ അടച്ചുപൂട്ടിയത്. മറ്റു പോംവഴികളില്ലതായപ്പോഴാണ് താല്‍ക്കാലികമായി അടച്ചത്.  അതെ മദ്യപാനാസക്തി (Alcohol Dependence Syndrome) ഒരു ഗുരുതര രോഗവസ്ഥയാണെന്ന വസ്തുത  നമ്മുടെ സര്‍ക്കാരിനു നന്നായിട്ടറിയാം. വല്ലപ്പോഴും മദ്യം കഴിക്കുന്നവരും കൂട്ടുകാരുമൊത്ത് ഇടയ്ക്കൊക്കെ മദ്യം കഴിക്കുന്ന സോഷ്യല്‍ ഡ്രിങ്കെഴ്സിന്റെ കാര്യമല്ല ഒരു ദിവസം പോലും മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരു കൂട്ടം വിഭാഗത്തിനെയാണ് മദ്യപാനരോഗമുള്ളവരായി കണക്കാക്കുന്നത്.  നിങ്ങളില്‍ ഒട്ടുമിക്കപ്പേരും മോഹന്‍ലാല്‍ അഭിനയിച്ച സ്പിരിറ്റ്‌ എന്ന സിനിമ കണ്ടുകാണും. അതില്‍ നന്ദു അഭിനയിച്ച മണിയന്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കൂടി കണ്ടു നോക്കൂ. മദ്യപാനത്തിനു വെള്ളമില്ലാതായപ്പോള്‍ ശൗചാലയത്തില്‍ നിന്നുപോലും വെള്ളമെടുത്ത് മദ്യത്തില്‍ ചേര്‍ത്തു കഴിക്കുന്ന മണിയന്‍ എന്ന കഥാപാത്രത്തെ ഇപ്പോള്‍ ഓര്‍മ വന്നോ? ഈ കഥാപാത്രം ഈ രോഗവസ്ഥയ്ക്ക് ഏറ്റവും നല്ല ഒരുദാഹരണമാണ്. ഇത്തരം കഥാപാത്രങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഒരുപാടുണ്ട്. മദ്യമില്ലാതായാല്‍ ഇവരുടെ മാനസിക നില ഏറെ വഷളാകും.      മദ്യശാലകള്‍ താത്കാലികമായി അടച്ചുപൂട്ടിയ ഈ സാഹചര്യത്തില്‍ രോഗാവസ്ഥയുള്ളവരുടെ ഗതി എന്തായിരിക്കും? ഈ ഗുരുതരാവസ്ഥ എങ്ങനെ നേരിടാം?        ഒന്നാമതായി ചെയ്യാന്‍ കഴിയുന്നത്‌ ലഹരി വിമോചന കേന്ദ്രത്തില്‍  (De addiction centre) ബന്ധപ്പെടുകയോ? ഏറ്റവും അടുത്തുള്ള മനോരോഗവിദഗ്ധന്‍റെ സഹായം തേടുകയുമാകാം. എത്രയും പെട്ടെന്ന് അവര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കാം.      മനോരോഗവിദഗ്ധന്‍റെ അല്ലെങ്കില്‍ ലഹരി വിമോചന കേന്ദ്രത്തെ സമീപിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ മാനസിക നില കൂടുതല്‍ ഗുരുതരമാകുന്നു. മാനസികനില തെറ്റുകയും അപസ്മാരം/ജെന്നി, മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആക്രമണ മനോഭാവം, ഓര്‍മയില്ലാതെ സ്ഥലകാലബോധം നഷ്ട്ടപ്പെടല്‍, രോഗിക്ക് സ്വയം നിയന്ത്രിക്കാനാകാതെയാകുമ്പോള്‍ ആത്മഹത്യാ പ്രവണതയിലേക്കും നീങ്ങാം.     ആത്മഹത്യക്ക് മുതിരാത്ത ചിലര്‍ സ്വന്തമായി ചാരായം ഉണ്ടാക്കാനോ അല്ലെങ്കില്‍ വ്യാജ മദ്യം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ തേടി പോകുന്നു. മറ്റു ചിലര്‍ നിരോധിത ലഹരി വസ്തുക്കളില്‍ അഭയം പ്രാപിക്കുന്നു. അങ്ങനെ കൂടുതല്‍ ഭയാനകമായ അവസ്ഥയിലേക്ക് പോകുന്നു. ഇത്തരക്കാരുടെ കുടുംബങ്ങളിലെ അവസ്ഥയും ഏറെ പരിതാപകരമായിതീരുന്നു.     ഇനി പറയൂ മദ്യശാലകള്‍ പൂട്ടണോ? കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലക്കണോ? നമ്മുടെ സര്‍ക്കാരുകള്‍ ചെയ്യുന്നത് ശരിയോ തെറ്റോ?      ഈ സാഹചര്യത്തില്‍ നമുക്ക് എന്തു ചെയ്യാം? നമ്മുടെ സര്‍ക്കാര്‍ ഈ കാര്യത്തിലും ഒപ്പമല്ല മുന്‍പില്‍ തന്നെയുണ്ട്. ഇത്തരം രോഗികളുടെ മാനസികാവസ്ഥയും മദ്യം കിട്ടാതെയായാലുള്ള ഗുരുതര പ്രശ്നങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.      അതിനാല്‍ തന്നെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ഇത്തരം കാര്യങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.  കേരള സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നു? കടുത്ത മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടരുടെ നിര്‍ദേശപ്രകാരം മദ്യം നല്കാന്‍ തീരുമാനിച്ചു. മദ്യം നല്‍കുന്നതിനുള്ള ചുമതല എക്സൈസിനായിരിക്കും.       ബാറും ചില്ലറ വില്പനശാലയും ഇല്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള സാധ്യതകളും  എക്സൈസ് വകുപ്പ് പരിശോധിച്ചുവരുന്നു.     മദ്യാസക്തി മൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യസഹായത്തിനായി ജില്ലകള്‍തോറുമുള്ള എക്സൈസ് വകുപ്പിന്‍റെ വിമുക്തി മിഷന് കീഴിലുള്ള D- Addiction കേന്ദ്രങ്ങളുമായി ബന്ധപ്പെടവുന്നാതാണ്.  ഇവ കൂടാതെ മനശാസ്ത്രഞര്‍ മുഖേനയുള്ള കൗണ്‍സലിംഗ്, മനോരോഗ വിദഗ്ധന്‍റെ സഹായം തേടല്‍, സ്വകാര്യ ലഹരി വിമോചന കേന്ദ്രത്തില്‍ ബന്ധപ്പെടുക കൂടാതെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടെലിഫോണ്‍  കൗണ്‍സലിംങ്ങും ഉപയോഗപ്പെടുത്താം.  മദ്യപാനം രോഗാവസ്ഥയില്‍ എത്തിയവര്‍ നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ഉണ്ടാകാം. അവര്‍ക്ക് ഈ വിവരങ്ങള്‍ നല്‍കുമല്ലോ?      മദ്യപാനം എന്ന രോഗാവസ്ഥ ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും. കൗണ്‍സലിംഗ്, സൈക്യാട്രിക് മെഡിസിന്‍, എവര്‍ഷന്‍ തെറാപ്പി, ഫാമിലി കൗണ്‍സലിംഗ്, ആല്‍ക്കഹോളിക് അനോനിമസ് (AA) എന്ന സംഘടനയുടെ സഹായം തുടങ്ങി ഒട്ടേറെ ഫലപ്രദമായ ചികിത്സാ രീതികള്‍ ഇന്ന് ലഭ്യമാണ്.  സൗജന്യ വൈദ്യസഹായത്തിനായി ജില്ലകൾ തോറുമുള്ള എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ഡി - അഡിക്ക്ഷൻ ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക കൗൺസിലിങ്ങിനായി വിളിക്കുക ടോൾ ഫ്രീ നമ്പർ: 14405 ദക്ഷിണമേഖല : 9400022100, 9400033100 മദ്ധ്യമേഖല : 9188520198,9188520199 ഉത്തരമേഖല: 9188468495,9188458495   (സൈക്കോളജിസ്റ്റാണ് ലേഖകന്‍) Read on deshabhimani.com

Related News