സംസ്ഥാന ആരോഗ്യ ഫുട്‌ബോള്‍ മേള നാളെമുതൽ കോഴിക്കോട്‌; നല്ല ആരോഗ്യത്തിന് ഇന്നേ തുടങ്ങാം



തിരുവനന്തപുരം > ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന് സംസ്ഥാന ആരോഗ്യ ഫുട്‌ബോള്‍ മേള കോഴിക്കോട് സംഘടിപ്പിക്കുന്നു.14ന് വൈകുന്നേരം 6 മണിക്ക് കോഴിക്കോട് മൂഴിക്കല്‍ അരീനയില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മേള കിക്കോഫ് ചെയ്യും. ആരോഗ്യ സൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ വലിയ ആരോഗ്യ പ്രശ്മായി മാറിയ പശ്ചാത്തലത്തിലാണ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആരംഭിച്ചതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക, വ്യായാമവും കായിക പ്രവൃത്തികളും പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ലഹരി നിര്‍മാര്‍ജന പരിപാടികള്‍, ശുചിത്വ മാലിന്യ സംസ്‌കരണം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തല്‍ എന്നിവയാണ് ആദ്രം ജനകീയ കാമ്പയിന്‍ നല്‍കുന്ന സന്ദേശങ്ങള്‍. വ്യായാമയില്ലായ്‌മയും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും അകാലത്തില്‍ രോഗിയായി തള്ളി വിടുന്നത്. ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ശക്തമായ ബോധവത്ക്കരണം ആവശ്യമാണ്. അതിന്റെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം ജനകീയ കാമ്പയിന്‍ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സംസ്ഥാനത്തെ 14 ജില്ലകളിലേയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ മാത്രം മത്സരം സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വിവിധ ആരോഗ്യ ശീലങ്ങളും വ്യായാമങ്ങളും സമൂഹത്തെ പരിചയപ്പെടുത്തി മാതൃകയാവുക എന്ന ലക്ഷ്യമാണ് ഈ ഫുട്ബാള്‍ മേളയിലൂടെ ഉദ്ദേശിക്കുന്നത്. ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, വ്യായാമത്തിന്റെ പ്രാധാന്യം, നാം കൈക്കൊളേളണ്ട ഭക്ഷണരീതികള്‍ എന്നീ സന്ദേശങ്ങളാണ് ഈ മത്സരത്തില്‍ ഊന്നല്‍ നല്‍കുന്നത്. കൂടാതെ ആര്‍ദം ജനകീയ കാമ്പയിന്‍ സന്ദേശങ്ങളുടെ വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'വിബ്ജിയോര്‍ 2' ഫുട്‌ബോള്‍ മേളയില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ 14 ജില്ലാ ടീമുകളാണ് മത്സരിക്കുന്നത്. ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും തമ്മിലും റവന്യൂ ടീമും മെഡിക്കല്‍ കോളേജ് ടീമും തമ്മിലുമുള്ള സൗഹൃദ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനാകും. എംഎല്‍എമാരായ എ പ്രദീപ്‌കുമാര്‍, എം കെ മുനീര്‍, വി കെ സി. മമ്മദ്‌കോയ, കാരാട്ട് റസാക്ക്, ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, സി കെ. നാണു, കെ ദാസന്‍, ഇ കെ വിജയന്‍, പി ടി എ റഹീം എന്നിവര്‍ പങ്കെടുക്കും. Read on deshabhimani.com

Related News