‘‘ആർത്തവം മനുഷ്യകുലത്തിന്റെ പ്രാഥമികമായ ജൈവ പ്രക്രിയ, അശുദ്ധി തോന്നുന്നത്‌ മനോഭാവത്തിന്റെ മാത്രം പ്രശ്‌നം’’‐ ‘അശുദ്ധി’വാദക്കാർക്ക്‌ മറുപടിയായി യുവ ഡോക്‌ടറുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌



കൊച്ചി > ആർത്തവം അശുദ്ധിയാണെന്ന അന്ധവിശ്വാസത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ പശ്‌ചാ്ത്തലത്തിൽ യുവ ഡോക്‌ടറുടെ കുറിപ്പ്‌ വൈറലാകുന്നു. #WomenAreNotImpure (സ്‌ത്രീകൾ അശുദ്ധരല്ല) എന്ന ഹാഷ്‌ടാഗ്‌ ക്യാമ്പയിന്റെ ഭാഗമായാണ്‌ ഡോ. പല്ലവി ഗോപിനാഥന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. മറ്റ്‌ ശരീരസ്രവങ്ങൾക്കും മാലിന്യങ്ങൾക്കും വിസർജ്യങ്ങൾക്കും ഇല്ലാത്ത ഒരു അശുദ്ധിയും ആർത്തവത്തിനും ഇല്ല എന്ന്‌ തന്റെ കുറിപ്പിലൂടെ ഡോ. പല്ലവി സമർഥിക്കുന്നു. നിരവധി ഈ കുറിപ്പ്‌ ഫേസ്‌ബുക്കിൽ ഷെയർ ചെയ്‌തത്‌. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ ആർത്തവം അശുദ്ധിയാണെന്ന അന്ധവിശ്വാസത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ ചർച്ച ഉയർന്നിരിക്കുന്നത്‌. പ്രമുഖ വ്യക്തികൾ ഉൾപ്പെടെ നിരവധി പേർ #WomenAreNotImpure ഹാഷ്‌ടാഗും പ്രൊഫൈൽ പിക്‌ചർ ഫ്രേമും ഉപയോഗിച്ച്‌ രംഗത്തെത്തി. പല്ലവി ഗോപിനാഥന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: കോട്ടയത്ത് ഹൗസ് സർജൻസി ചെയ്യുന്ന കാലം. കുട്ടികളുടെ ആശുപത്രിയിൽ രാത്രി കാഷ്വാലിറ്റി ഡ്യൂട്ടി. ഏതാണ്ട് രണ്ടുമണിയായപ്പോൾ, തിരക്കൊഴിഞ്ഞ കാഷ്വാലിറ്റി മുറിയിലേക്ക്, ഒബ്സർവേഷനിൽ കിടക്കുന്ന കുഞ്ഞിനെയും ഒക്കത്തെടുത്ത് ഒരു അമ്മ വന്നു. "മറ്റേ ഡോക്ടർ കൊണ്ട് കാണിക്കാൻ പറഞ്ഞിരുന്നു." ഡ്യൂട്ടി പിജിയെ ആണ് അവർക്ക് കാണേണ്ടത്. ‘തല്ക്കാലം കാണിക്കൂ’. കുട്ടിയെ നോക്കാൻ റെഡിയായിരുന്ന എന്റെ മുന്നിലേക്ക് അവർ കെയിലുണ്ടായിരുന്ന ഒരു തുണിപ്പൊതി തുറന്നു നീട്ടി. വെളുത്ത തുണിക്കുള്ളിൽ നല്ല മഞ്ഞ നിറത്തിൽ അപ്പി. പെട്ടെന്നുണ്ടായ ആ നീക്കത്തിൽ പകച്ചുപോയത് ആ നേരത്ത് അങ്ങനൊരു കാഴ്ച പ്രതീക്ഷിക്കാത്തതുകൊണ്ടു മാത്രമായിരുന്നില്ല. ഇതിലിപ്പോ ഇത് കണ്ടിട്ട് ഞാനെന്ത് അഭിപ്രായം പറയും എന്ന ചങ്കിടിപ്പു കൊണ്ടും കൂടി ആയിരുന്നു. തേഡ് ഇയറിൽ ഫോറൻസിക്കിൽ പോസ്റ്റ് മോർട്ടം കാണാൻ പോകുമ്പോൾ, ഒരു അധ്യാപിക പോസ്റ്റ് മോർട്ടം ചെയ്യുന്നു. മാഡം ലിവർ മുറിക്കുന്നത് കണ്ടപ്പോൾ ശരിക്കും കേക്ക് മുറിക്കുന്നതാണ് ഓർമ വന്നത്. എത്ര ഭംഗിയായി, പകുത്തു കൊടുക്കും പോലെ കൃത്യം കഷണങ്ങളായി.. ഗൈനക്കോളജി ഓപിയിൽ പോസ്റ്റിംഗിൽ നിൽക്കുമ്പോഴാണ് ഒരു അധ്യാപിക ഞങ്ങളെ ഒരു മൈക്രോസ്കോപ്പിനു താഴെയുള്ള തെളിഞ്ഞ വെളുത്ത വട്ടത്തിൽ തലങ്ങും വിലങ്ങും ചലിക്കുന്ന ബീജകോശങ്ങളെ കാണിച്ചു തന്നത്. കുഞ്ഞുണ്ടാവാത്തതിന്റെ കാരണം തേടാൻ വന്ന ഏതോ പുരുഷന്റെ ശുക്ലമാണ് സ്ലൈഡിൽ. ഇപ്പറഞ്ഞതൊന്നും അയ്യേ ഇച്ചീച്ചി എന്ന് തോന്നേണ്ട കാര്യമില്ല ആർക്കും. പ്രത്യേകിച്ച് വൈദ്യവിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും. തോന്നിയിട്ടുണ്ടാകും, ഫസ്റ്റ് ഇയർ അനാട്ടമി ക്ലാസിൽ ഞങ്ങളുടെ പ്രൊഫസർ 'this is an organ you'll be handling in plenty' എന്നു പറഞ്ഞു ഒരു ബേസിനിലിട്ട് മറുപിള്ള (പ്ലാസന്റ) കാണിച്ചു തന്നപ്പോൾ എനിക്ക് തോന്നിയ അറപ്പു പോലെ. പക്ഷേ അവിടുന്ന് വളർന്നു നാലാം വർഷം എത്തുമ്പോഴേക്കും, കുഞ്ഞുവാവ മാത്രം വരദാനം പ്ലാസന്റ മാലിന്യം എന്ന ചിന്താഗതിയിൽ നിന്ന് ഞങ്ങളൊക്കെ ഒരുപാട് മുന്നോട്ട് നടന്നിരുന്നു. എനിക്ക് ആർത്തവമുണ്ടാകുമ്പോൾ പുറത്തു പോകുന്നത് രക്തവും എൻഡോമെട്രിയൽ ആവരണ കോശങ്ങളുമാണെന്ന് അറിയാം. മേലു തേച്ചുകുളിക്കുമ്പോൾ പോകുന്ന അഴുക്കിൽ ചർമത്തിലെ മൃതകോശങ്ങളുണ്ടെന്നറിയാം. ജലദോഷം വന്നാൽ ഒഴുകുന്ന മൂക്കളയിൽ മ്യൂക്കസ് സ്രവവും മൃതകോശങ്ങളുമുണ്ടാവുമെന്നറിയാം. ഓരോ നിമിഷവും ഊറിവരുന്ന ഉമിനീരിൽ മൃതകോശങ്ങളും ബാക്ടീരിയയും ഉണ്ടെന്നറിയാം. വെജിറ്റേറിയൻ ഹോട്ടലിൽ തരുന്നത് സസ്യാഹാരം എന്നു മാത്രമാണ് പണ്ടെനിക്ക് അറിയുമായിരുന്നത്. 'ശുദ്ധ വെജിറ്റേറിയൻ' ഹോട്ടലിലെ ഭക്ഷണത്തോടൊപ്പം ഉള്ള 'ശുദ്ധി' cleanliness അല്ല എന്നും അതൊരു ശുദ്ധ അസംബന്ധമായ മനോഭാവമാണ് എന്നും മനസിലായത് പിന്നെയാണ്. ചുരുക്കത്തിൽ, മനുഷ്യകുലത്തിന്റെ ഏറ്റവും പ്രാഥമികമായ ജൈവ പ്രക്രിയകളിൽ ഒന്നിൽ അശുദ്ധി തോന്നുന്നുവെങ്കിൽ, വിഷയം മൃതകോശങ്ങളോ, വൃത്തിയോ അല്ല, മറിച്ച് മനോഭാവമാണ്, അതു മാത്രമാണ്. അല്ലാത്തപക്ഷം പണ്ടു വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പോലെ ‘നടക്കുന്ന കക്കൂസ് ആണു മനുഷ്യൻ’. മാറേണ്ടത് മനസ്സാണ്, അതിലാദ്യം മാറേണ്ടത് മനുഷ്യശരീരത്തെ അറിയുന്നവരുടെ മനസ്സാണ്. #WomenAreNotImpure Read on deshabhimani.com

Related News