നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും കൊണ്ട്: വിഷ്ണുപുരം ചന്ദ്രശേഖരന്‍



കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേമത്തെ മുന്‍ എംഎല്‍എ ഒ രാജഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ഡിഎ നേതാവും കോവളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരന്‍. ബിജെപിക്ക് സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പം കൊതിക്കെറുവും കൊണ്ടാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാനായില്ല. തനിക്ക് ശേഷം പ്രളയം എന്ന തരത്തിലുള്ള പ്രസ്താവനകളായരുന്നു രാജഗോപാലിന്റേത്-ചന്ദ്രശേഖരന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു. നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായും കേന്ദ്ര പദ്ധതികളെ വിമര്‍ശിച്ചുമൊക്കെ രാജഗോപാല്‍ വാര്‍ത്തകളിലിടംനേടി. അദ്ദേഹത്തെക്കാള്‍ സംഘടനാ പ്രവര്‍ത്തനരംഗത്ത് ഒട്ടും മോശമല്ലാത്ത കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തരംതാണ പ്രസ്താവനകളിലൂടെ സ്വന്തം വിലയിടിച്ചു. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയുമൊക്കെ മനസിലെ ഒ രാജഗോപാല്‍ എന്ന വിഗ്രഹം വീണുടഞ്ഞത് അദ്ദേഹം ഇനിയും അറിഞ്ഞിട്ടില്ല. രാജഗോപാലിന്റെ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഏറെ ദോഷകരമായി. ബിഡിജെഎസ് ഒപ്പം നിന്ന് പാരവെച്ചു. നേമത്തെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സിറ്റിംഗ് എംഎല്‍എയ്ക്ക് കൈകഴുകാനാവില്ല. നേമം ചൂണ്ടിക്കാട്ടി മറ്റ് മണ്ഡലങ്ങളില്‍ വോട്ടു പിടിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയണമായിരുന്നു. നിയമസഭയില്‍ പോയി രാജഗോപാല്‍ ഉറക്കം തൂങ്ങിയിരുന്നിട്ടും അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബിജെപിക്കും കഴിഞ്ഞില്ല. നേമത്തെ തോല്‍വിയുടെ കാരണം ബിജെപി വിലയിരുത്തുമ്പോള്‍ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനകള്‍ കൂടി ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കുമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.   Read on deshabhimani.com

Related News