ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ആ കുടുംബം; സഹജീവിയെ സഹായിക്കാനുള്ള ബാധ്യത മറക്കരുത്-അനുഭവക്കുറിപ്പുമായി സിപിഐ എം ജില്ലാ സെക്രട്ടറി



കോട്ടയം > കൊറോണ വൈറസ് സംശയിച്ച കുടുംബത്തിന് ഒറ്റപ്പെടല്‍ അനുഭവപ്പെട്ട അവസ്ഥ വെളിപ്പെടുത്തി സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. കോട്ടയം ചെങ്ങളം സ്വദേശികളായ കുടുംബത്തെ കോവിഡ് 19 സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിദേശത്തുനിന്ന് വന്ന തന്റെ ബന്ധുവിനെ കാറില്‍ നാട്ടിലേക്ക് എത്തിച്ചതിനെ തുടര്‍ന്ന് തനിക്ക് രോഗബാധ ഉണ്ടായി എന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചയാളുടെ സംശയം. തന്റെ സംശയം രോഗി അടുത്ത ആളുകളുമായി പങ്കുവച്ചതോടെ ഈ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലായി. പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകനില്‍ നിന്ന് വിവരമറിഞ്ഞെത്തുകയും അധികൃതരെയും കൂട്ടി ആ കുടുംബത്തെ ആശുപത്രിയിലാക്കിയതും വി എന്‍ വാസവനാണ്. മരണം വിതയ്ക്കുന്ന രോഗത്തോടുള്ള ഭീതി സ്വാഭാവികമാണെങ്കിലും സഹജീവിയെ സഹായിക്കാനുള്ള ബാധ്യത മറക്കരുതെന്ന് അദ്ദേഹം ഫെയ്‌‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. വി എന്‍ വാസവന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് കരുതല്‍ സമൂഹത്തെക്കുറിച്ച് കൂടി ആകാം. ഇന്നലെയാണ് കോട്ടയം ചെങ്ങളം സ്വദേശികളായ കുടുബാഗങ്ങളെ കോവിഡ് 19 സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ വാര്‍ഡിലേക്ക് മാറ്റേണ്ടിവന്നത്. രാത്രി വൈകുവരെ ആ മേഖലയിലും മെഡിക്കല്‍ കോളേജിലുമായിരുന്നു. പക്ഷെ എല്ലാം ചെയ്യുമ്പോഴും മനസ് വിഷമിപ്പിച്ച ഒരു ചെറിയ കാര്യമുണ്ടായി, അത് തുറന്ന് പറയാതിരിക്കാന്‍ വയ്യ അതുകൊണ്ടാണ് ഈ കുറിപ്പ്. വിദേശത്തുനിന്ന് വന്ന തന്റെ ബന്ധുവിനെ കാറില്‍ നാട്ടിലേക്ക് എത്തിച്ചതിനെ തുടര്‍ന്ന് തനിക്ക് രോഗബാധ ഉണ്ടായി എന്നാണ് ഇപ്പോള്‍ മെഡിക്കല്‍ കൊളേജില്‍ ഉള്ളയാളുടെ സംശയം. കടുത്ത ചുമയാണ് അനുഭവപ്പെട്ടത് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തന്റെ സംശയം രോഗി അടുത്ത ആളുകളുമായി പങ്കുവച്ചതോടെ ഒറ്റപ്പെട്ട അവസ്ഥയിലായി ഈ കുടുബം. ഇത് ഞാന്‍ മനസിലാക്കിയ കാര്യമാണ്. അവരവരുടെ ജീവന്‍ എല്ലാവര്‍ക്കും വിലപ്പെട്ടതാണ് പക്ഷെ ആരെയും ഒറ്റപ്പെടുത്തരുത്. അതിന് തുനിയരുത് അപേക്ഷയാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം രാജേഷില്‍ നിന്നാണ് രോഗം ബാധയുണ്ടെന്ന സംശയം ഒരാള്‍ പറഞ്ഞു എന്ന വിവരം ഞാന്‍ അറിയുന്നത്. ആരോഗ്യനിലയില്‍ സംശയം പ്രകടിപ്പിച്ച ഗൃഹനാഥന്റെ ഫോണ്‍ നംമ്പര്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു ലഭിച്ച ഉടന്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു, ഭയത്തോടുകൂടിയാണ് ആ വ്യക്തി സംസാരിച്ചത്. ഭയക്കണ്ടേ കാര്യമില്ല, മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു, അസുഖം സ്ഥിരീകരിച്ചാല്‍ പോലും തുടക്കം മുതല്‍ മരുന്നുകളും വിശ്രമവും ഉണ്ടെങ്കില്‍ ഇതിനെ മറികടക്കാം എന്നു പറഞ്ഞപ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ ആശ്വാസമായി എന്ന് എനിക്ക് ഉറപ്പായി. ചേട്ടാ ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പോകണ്ടേ തയാറാണോ എന്ന് ചോദിച്ചു , എങ്ങനെ എവിടെ പോകും എന്നായി സംശയം , വീട്ടില്‍ നിന്നോളൂ ആംബുലന്‍സുമായി ഞങ്ങള്‍ വരാം എന്നുറപ്പുകൊടുത്തു. പിന്നെ നേരെ ചെങ്ങളത്തിലേക്ക് പോവുകയായിരുന്നു, ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ രാജേഷ് അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു , ആ വീടിന്റെ വഴികള്‍ പോലും വിജനമായിരുന്നു , ആംബുലന്‍സ് എത്തി അവരെ അവിടെ നിന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഞാന്‍ അറിഞ്ഞു. മരണം വിതയ്ക്കുന്ന രോഗത്തോടുള്ള ഭീതി സ്വാഭാവികമാണ് , പക്ഷെ സഹജീവിയെ സഹായിക്കാനുള്ള ബാധ്യത നമ്മള്‍ മറക്കരുത്. ആരും ആ വീട്ടിലേക്ക് ചെല്ലണ്ട സംഭവം അറിഞ്ഞ സമയത്തുതന്നെ ഡി എം ഒ, കളക്റ്റര്‍ എന്നിവരെ അറിയാക്കാനുള്ള ഒരു ഒരു ഉത്തരവാദിത്വം നിറവേറ്റണം, എന്നിട്ട് ആ വ്യക്തിയെ ഫോണിലൂടെ സമാശ്വസിപ്പിക്കാമായിരുന്നു. കുറഞ്ഞ പക്ഷെ പൊലീസിനെ എങ്കിലും അറിയിക്കണം, അവര്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കും. നിലവില്‍ കൃത്യസമയത്ത് ചികിത്സ ലഭിച്ചാല്‍ രക്ഷപെടുന്ന രോഗമാണ് കോവിഡ് എന്ന് നാം മനസിലാക്കി കഴിഞ്ഞു. പേടിച്ച് ഓടാതെ തളരാതെ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമമാണ് വേണ്ടത്. ഇന്നലെ അത് കണ്ടില്ല, അതിന്റെ മാനസിക വിഷമത്തിലാണ് ഈ കുറിപ്പ്. ചെറിയ വീഴ്ച്ചകള്‍ നമ്മള്‍ തിരിച്ചറിയണം. എലിപ്പനി, ഡെങ്കു, ചിക്കന്‍ ഗുനിയ , മസ്തിഷ്‌ക ജ്വരം, എച്ച് 1 എന്‍ 1, നിപ്പാ ഡോക്റ്റര്‍മാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശരിയായ ചികിത്സകള്‍ നടത്തിയപ്പോള്‍ അവയൊക്കെ അതിജീവിക്കാന്‍ നമ്മള്‍ക്ക് കഴിഞ്ഞു. അതേ ഒത്തൊരുമായാണ് ഇവിടെയും വേണ്ടത്. അതിനുള്ള മാനസിക തയാറെടുപ്പുകള്‍ എല്ലാവരിലും ഉണ്ടാകണം, ഭയപ്പെട്ട് ഓടിയിട്ട് കാര്യമില്ല, ലഭ്യമായ ചികിത്സകള്‍ സമയത്ത് നല്‍കി കോവിഡിനെ നമ്മുടെ നാട്ടില്‍ നിന്ന് തുരത്താന്‍ ഒന്നിച്ചു നില്‍ക്കാം. ജാഗ്രതയോടെ നീങ്ങാം. ജാഗ്രതയോടുകൂടി പ്രവര്‍ത്തനം പൊതു പ്രവര്‍ത്തകരില്‍ നിന്ന് കൂടി ഉണ്ടാവണം , ചെറിയ കാര്യങ്ങള്‍ പോലും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. Read on deshabhimani.com

Related News