അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും; ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ടൊവിനോ



കൊച്ചി > പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. 'ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും, ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണ്.- ടൊവിനോ കുറിച്ചു. നേരത്തെ ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി അമലാ പോളും നടന്‍ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് പല പ്രമുഖരും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൊലീസ് നടപടിക്കെതിരെയും പ്രതികരിച്ചു. നടി പാര്‍വതി തിരുവോത്തായിരുന്നു ശ്രദ്ധേയമായ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയിത്. പിന്നീട് സുഡാനി ഫ്രം നൈജീരിയ ടീം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. നടന്‍ സണ്ണി വെയ്ന്‍ വംശീയ വിദ്വേഷം ചൂണ്ടിക്കാട്ടി 'ഡോണ്ട് ബി എ സക്കര്‍' എന്ന ഹൃസ്വചിത്രത്തിലെ രംഗം പങ്കുവെച്ചിരുന്നു. മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും അണിയറ പ്രവര്‍ത്തകരും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് മുമ്പ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അറിയിച്ചിരുന്നു. Read on deshabhimani.com

Related News