അഭിമന്യുവിന്റെ ലൈബ്രറിയിലേക്ക്‌ സംഭാവനയായി തൂത്തുക്കുടി രക്തസാക്ഷി സ്‌നോളിന്റെ പുസ്‌തകവും



കൊച്ചി > എസ്‌ഡിപിഐ ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായ അഭിമന്യുവിന്റെ സ്‌മരണക്ക്‌ വട്ടവടയിൽ ആരംഭിക്കുന്ന വായനശാലയിലേക്ക്‌ സംഭാവനയായി തൂത്തുക്കുടിയിൽ പൊലീസ്‌ വെടിവെച്ചുകൊന്ന രക്തസാക്ഷി സ്‌നോളിന്റെ കവിതാ സമാഹാരവും. സ്‌റ്റെറിലൈറ്റ്‌ കമ്പനിയുടെ മലനീകരണത്തിനെതിരെ നടന്ന സമരത്തിൽ രക്തസാക്ഷിയായ പതിനേഴുകാരിയായ സ്‌നോളിൻ ഡയറിയിൽ കുറിച്ചിട്ടിരുന്ന കവിതകൾ മരണശേഷം സിപിഐ എം പ്രസിദ്ധീകരണ വിഭാഗമായ ഭാരതീയ പുസ്‌തകാലയ പുറത്തിറക്കിയിരുന്നു. ഈ പുസ്‌തകമാണ്‌ താൻ അഭിമന്യു ഗ്രന്ഥശാലക്കായി സംഭാവന ചെയ്യുന്നതെന്ന്‌ മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു. ഷാഹിന നഫീസയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: അഭിമന്യുവിന് ഒരു പുസ്‌‌തകം. തൂത്തുക്കുടിയിൽ നിന്നുള്ള മടക്കയാത്രയിലാണ്. അഭിമന്യുവിന്റെ ലൈബ്രറിയിലേക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഫീഡിൽ നിറയേ . ആ ലൈബ്രറിയിലേക്കായി എന്താണ് കൊടുക്കുക എന്ന് കുറേ ആലോചിച്ചു. അമൂല്യമായി കരുതുന്നതും സൂക്ഷിച്ചു വെക്കാനാഗ്രഹിക്കുന്നതുമായ പുസ്തകങ്ങൾ ആണ് കൊടുക്കേണ്ടത് എന്ന് തോന്നി. കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയ, അങ്ങനെയൊരു അമൂല്യമായ പുസ്തകം തന്നെ അഭിമന്യുവിന്റെ ലൈബ്രറിക്കായി സംഭാവന ചെയ്യണമെന്ന് തീരുമാനിച്ചു. രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് അത് തമിഴ് പുസ്തകമാണ്. രണ്ട് അതൊരു രക്തസാക്ഷിയുടെ പുസ്തകമാണ് .രണ്ട് മാസം മുമ്പ് തൂത്തുക്കുടിയിൽ വെടിയേറ്റ് വീണ പതിനേഴ് വയസ്സുകാരിയായ സ്നോളിന്റെ കുഞ്ഞു കവിതകളുടെ സമാഹാരമാണിത്. ഡയറിയിൽ അവൾ കുറിച്ചിട്ടിരുന്ന കവിതകൾ ചേർത്ത് അവളുടെ മരണശേഷം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം, അവളുടെ സഹോദരൻ ഗോഡ്‌വിൻ എനിക്ക് തന്നതാണീ പുസ്തകം. എനിക്കിത് വായിക്കാനറിയില്ല, എങ്കിലും ആർക്കും കൈമാറാതെ എക്കാലവും സൂക്ഷിച്ചു വെക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പിന്നെ തോന്നി, ഈ പുസ്തകം ഇരിക്കേണ്ടത് അഭിമന്യുവിന്റെ പേരിലുള്ള ആ വായനശാലയിൽ തന്നെയാണ്. മെയ് 22ന് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ മുൻനിരയിലായിരുന്നു സ്നോളിൻ. ആദ്യം വെടിയേറ്റു വീണവരിൽ ഒരാൾ അവളായിരുന്നു. ലാത്തിച്ചാർജ് ചെയ്തിട്ടും പിന്തിരിയാതെ വീറോടെ മുദ്രാവാക്യം വിളിച്ച അവളുടെ മുഖത്തേക്ക് തന്നെ അവർ നിറയൊഴിക്കുകയായിരുന്നുവെന്ന് അവളുടെ സഹോദരൻ പറഞ്ഞു. ആ വെടിയുണ്ട അവളുടെ തല തുളച്ച് കടന്നു പോയി. പ്ലസ് ടു കഴിഞ്ഞ് എൽഎൽബിക്ക് ചേരാനിരിക്കുകയായിരുന്നു അവൾ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സമരമുഖത്ത് സജീവമായിരുന്നു സ്നോളിൻ. സിപിഐ എമ്മിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഭാരതീയ പുസ്തകാലയ ആണ് ഈ കവിതാ സമാഹാരം പുറത്തിറക്കിയത്. സ്നോളിന് മുഴുമിപ്പിക്കാൻ കഴിയാതെ പോയ ആ മുദ്രാവാക്യം അഭിമന്യുവിന്റെ മണ്ണിൽ ശാശ്വതമാകട്ടെ . Read on deshabhimani.com

Related News