എംടിയെ ലേബലടിച്ച് ചില വിഭാഗങ്ങളുടെ മാത്രം വക്താക്കളാക്കി ചിത്രീകരിക്കാന്‍ നോക്കണ്ട; ആ പരിപ്പ് കേരളത്തില്‍ വേവില്ല: തോമസ് ഐസക്ക്



കൊച്ചി > സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായി മന്ത്രി ടി എം തോമസ് ഐസക്ക്. എംടിയെ വീട്ടില്‍ ചെന്നുകണ്ട് ഒപ്പു വാങ്ങാന്‍ പോയപ്പോള്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാണ് തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റഷാദ് ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി സലീം മണ്ണാര്‍ക്കാട് ഫേസ്‌‌ബുക്ക് പോസ്റ്റിലെഴുതിയത്. 'ഈ കുട്ടികളെങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തു ചെയ്യും' എന്ന് എംടി മറുപടി പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. ഫേസ്‌‌‌ബുക്ക് പോസ്റ്റിനു പിന്നാലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വിദ്യാര്‍ത്ഥിയുടെ കുറിപ്പിനെ അനുബന്ധിച്ച് വാര്‍ത്തകള്‍ നല്‍കി. എന്നാല്‍ വ്യക്തമായ മതനിരപേക്ഷ നിലപാടുകള്‍ എക്കാലവും ഉയര്‍ത്തുന്ന എംടി ഇത്തരത്തില്‍ മറുപടി പറയില്ലെന്നും സോഷ്യല്‍മീഡിയ വഴി നടത്തുന്നത് വ്യാജപ്രചരണമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് മന്ത്രി തോമസ് ഐസക്കും എംടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. എക്കാലവും വിട്ടുവീഴ്ച്ചയില്ലാത്ത മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹിത്യകാരനാണ് എംടിയെന്ന് തോമസ് ഐസക്ക് പറഞ്ഞു. തുഞ്ചന്‍ പറമ്പിനെ മതനിരപേക്ഷതയുടെ പക്ഷത്തു നിര്‍ത്തിയ ഒറ്റക്കാരണം മതി എംടിയെ മനസിലാക്കാന്‍. മറുവശത്തുള്ള സ്വത്വവാദികളുടെയും ലക്ഷ്യം വേറൊന്നല്ല. എല്ലാവരുടെയും ഉന്നം കേരളത്തിലെ മതനിരപേക്ഷതയുടെ അന്തരീക്ഷം തകര്‍ക്കുകയാണ്. പൊതുസമൂഹത്തിന് നേര്‍വഴിയുടെ ചൂണ്ടുപലകയായി ഉള്ളവരെ ലേബലടിച്ച് ചില വിഭാഗക്കാരുടെ മാത്രം വക്താക്കളായി ചിത്രീകരിക്കാന്‍ ആരുശ്രമിച്ചാലും വിലപ്പോവില്ല. ആ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും മന്ത്രി ഫേസ്‌‌‌‌ബുക്ക് പേജിലൂടെ അറിയിച്ചു. Read on deshabhimani.com

Related News