പൊതുമേഖലാ സ്വകാര്യവത്‌ക്കരണം; ബിജെപിക്ക്‌ ഇലക്ഷൻ ഫണ്ട്‌ സമാഹരിക്കാനുള്ള തീവെട്ടിക്കൊള്ള: തോമസ്‌ ഐസക്‌



എന്തിന് ഇവ വിറ്റു തുലയ്‌ക്ക‌ണം? കൃഷിക്കാരോടുള്ള വാശി തീർക്കുകയാണ്. വൈദ്യുതി നിയമം പാസ്സായില്ലെങ്കിലും സ്വകാര്യവൽക്കരണം തുടരും. ശിങ്കിടികൾക്കാണ് ഈ സ്വത്ത് നൽകുന്നത്. ഇതിന്റെ കമ്മീഷൻ ഇലക്ടോറൽ ബോണ്ട് വഴി ബിജെപിക്കു ലഭിച്ചുകൊള്ളും. കേന്ദ്ര ബജറ്റിനു പണം സമാഹരിക്കുക മാത്രമല്ല, ബിജെപിയുടെ ഇലക്ഷൻ ഫണ്ട് ശേഖരണത്തിനുകൂടിയാണ് ഈ തീവെട്ടിക്കൊള്ളകൾ. തോമസ്‌ ഐസക്‌ എഴുതുന്നു. മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതിവിതരണ കമ്പനികൾ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കുന്നതിനു ടെണ്ടർ ഉറപ്പിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇറക്കിയ ന്യായീകരണം ഇങ്ങനെയാണ്: “ഈ മേഖല അഭിമുഖീകരിക്കുന്ന കാര്യക്ഷമതാ പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരം വൈദ്യുതി വിതരണ മേഖലയിൽ മത്സരം ഉറപ്പാക്കുകയാണ്. വിതരണ മേഖലയാണ് ഇന്ത്യയിലെ വൈദ്യുതി വിതരണ മേഖലയിലെ ഏറ്റവും ദുർബലമായ കണ്ണി.... കൃത്യമായി ബില്ല് കൊടുക്കാതിരിക്കുക, പിരിക്കാതിരിക്കുക, സംസ്ഥാന സർക്കാരുകൾ വലിയ കുടിശിക വരുത്തുക, ഇവയെല്ലാംമൂലം സർക്കാർ ഉടമസ്ഥതതയിലുള്ള ഡിസ്കോം അഥവാ വിതരണകമ്പനികൾ വലിയ നഷ്ടത്തിലാണ്. ഇത് മൊത്തം വൈദ്യുതി മേഖലയുടെ നിലനിൽപ്പിനുനേരെ വെല്ലുവിളി ഉയർത്തുന്നു.” ഇപ്പോൾ വിൽക്കാൻ പോകുന്ന ചണ്ഡിഗഡ് ഡിസ്കോമിന്റെ വസ്തുതകൾ പരിശോധിച്ചാൽ എത്ര അബദ്ധജഡിലമാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്നു വ്യക്തമാകും: ഒന്ന്) പൊതുമേഖലാ കമ്പനി നഷ്ടത്തിലല്ല. വമ്പൻ ലാഭത്തിലാണ്. 2015-16 മുതൽ ഓരോ വർഷവുമുള്ള ലാഭത്തിന്റെ കണക്ക് കാണൂ - 100 കോടി രൂപ (2015-16), 196 കോടി രൂപ (2016-17), 258 കോടി രൂപ (2017-18), 117 കോടി രൂപ (2018-19), 151 കോടി രൂപ (2019-20), 225 കോടി രൂപ (2020-21). എവിടെയാണ് നഷ്‌ടം?. രണ്ട്) കേന്ദ്രസർക്കാർ വിതരണനഷ്‌ടം കുറയ്‌ക്കുന്നതിന് ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് 15 ശതമാനം വൈദ്യുതിയാണ്. ചണ്ഡിഗഡിലെ പൊതുമേഖലാ വിതരണ കമ്പനിയുടെ വിതരണ നഷ്ടം 9.5 ശതമാനം മാത്രമാണ്. എവിടെയാണ് കാര്യക്ഷമതാ കുറവ്?. മൂന്ന്) ഇന്ത്യാ രാജ്യത്തെ ഏറ്റവും താഴ്ന്ന താരിഫ് നിരക്കുകളിലൊന്നാണ് ചണ്ഡിഗഡിലേത്. 150 യൂണിറ്റു വരെയുള്ളതിന് പഞ്ചാബിൽ 3.49 രൂപയും, ഹരിയാനയിൽ 2.50 രൂപയുമാണ്. ചണ്ഡിഗഡിൽ 2.5 രൂപയും. പഞ്ചാബിൽ 300 യൂണിറ്റിലധികമുള്ള ഉപഭോക്താവിന് 7.30 രൂപ കൊടുക്കേണ്ടി വരും. ഹരിയാനയിൽ 500 യൂണിറ്റിലധികമുള്ള ഉപഭോക്താവ് 7.10 രൂപ കൊടുക്കണം. ചണ്ഡിഗഡിൽ 400 യൂണിറ്റിലധികമുള്ള ഉപഭോക്താവിന് 4.65 രൂപയേയുള്ളൂ. സ്വകാര്യവൽക്കരണംകൊണ്ട് ചണ്ഡിഗഡിലെ ഉപഭോക്താവിനു നഷ്ടമായിരിക്കും. വൈദ്യുതി ചാർജ്ജ് വർദ്ധിക്കാനാണു സാധ്യത. ഇങ്ങനെ കാര്യക്ഷമത ഉയർന്നതും ലാഭകരവുമായ ചണ്ഡിഗഡിലെ വൈദ്യുതി വിതരണ പൊതുമേഖലാ കമ്പനിയെ 800 കോടി രൂപയ്‌ക്കാണ് കൽക്കട്ടയിലെ ഒരു സ്വകാര്യ കമ്പനിക്കു വിൽക്കുവാൻ പോകുന്നത്. നാലുവർഷംകൊണ്ട് കൊടുക്കുന്ന പണം പുതിയ കമ്പനിക്കു മുതലാകും. തീർന്നില്ല, ഇതുവരെ ചണ്ഡിഗഡ് പൊതുമേഖലാ കമ്പനിയുടെ ആസ്‌തികൾ എത്രയെന്ന് പുറത്തുപറഞ്ഞിട്ടില്ല. കാരണം അവ വിൽക്കുന്നില്ല പോലും. പാട്ടത്തിനു കൊടുക്കുകയാണ്. കാലയളവ് 90 വർഷം. വിറ്റതിനു തുല്യം. ഒരു വിദഗ്ദൻ അഭിപ്രായപ്പെട്ടത് ഒരുലക്ഷം കോടി രൂപയിലേറെയെങ്കിലും ഈ നഗരസ്വത്തുക്കൾക്കു വില വരുമെന്നാണ്. പോട്ടെ, പകുതിയെങ്കിലും വില വന്നാൽ എന്തൊരു കൊള്ളലാഭമാണ് ഈ കമ്പനിക്ക് കിട്ടുന്നത്. ഈ സ്വത്ത് മുഴുവൻ ഈടുവച്ച് 800 കോടി നൽകുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ല. എന്തിന് ഇവ വിറ്റു തുലയ്‌ക്ക‌ണം? കൃഷിക്കാരോടുള്ള വാശി തീർക്കുകയാണ്. വൈദ്യുതി നിയമം പാസ്സായില്ലെങ്കിലും സ്വകാര്യവൽക്കരണം തുടരും. ശിങ്കിടികൾക്കാണ് ഈ സ്വത്ത് നൽകുന്നത്. ഇതിന്റെ കമ്മീഷൻ ഇലക്ടോറൽ ബോണ്ട് വഴി ബിജെപിക്കു ലഭിച്ചുകൊള്ളും. കേന്ദ്ര ബജറ്റിനു പണം സമാഹരിക്കുക മാത്രമല്ല, ബിജെപിയുടെ ഇലക്ഷൻ ഫണ്ട് ശേഖരണത്തിനുകൂടിയാണ് ഈ തീവെട്ടിക്കൊള്ളകൾ. Read on deshabhimani.com

Related News