'ഒരു കുടിവെള്ള പൈപ്പ് കണക്ഷന്‍, വീടിന്റെ അറ്റകുറ്റപണി നടത്തണം'; കഷ്ടപ്പാടിനോട് പൊരുതി മെഡിക്കല്‍ പ്രവേശനം നേടിയ മഞ്ജുഷയുടെ കുഞ്ഞാഗ്രഹങ്ങള്‍ സഫലമാക്കാന്‍ നമുക്കൊരുമിച്ച് ശ്രമിക്കാം: മന്ത്രി തോമസ് ഐസക്ക്



കൊച്ചി > ജീവിത കഷ്ടടപ്പാടുകളോട് പൊരുതി മെഡിക്കല്‍ പ്രവേശനം നേടിയ മഞ്ജുഷയുടെ ചെറിയ ആഗ്രങ്ങള്‍ വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തുമ്പോളിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍  പുരുഷോത്തമന്റെ മകള്‍ മഞ്ജുഷ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 77ാം റാങ്ക് സ്വന്തമാക്കിയിരുന്നു. മെഡിക്കല്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന  ഈ കൊച്ചുമിടുക്കിയെ കുറിച്ച് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പേജിലാണ് കുറിപ്പിട്ടിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പോസ്റ്റ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; വലിയൊരു ഹാള്‍ നിറയെ അംഗപരിമിതരായ ലോട്ടറി വില്‍പ്പനക്കാരുടെ സദസ്സ്. നിങ്ങളില്‍ ആരെങ്കിലും നിങ്ങള്‍ ചെയ്യുന്ന ജോലി നിങ്ങളുടെ സ്വന്തം മക്കള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടോ എന്ന എന്റെ ചോദ്യത്തിനു തികഞ്ഞ നിശബ്ദതയായിരുന്നു മറുപടി. മക്കള്‍ മിടുക്കരായി പഠിച്ച് നല്ല ഉദ്യോഗം നേടണമെന്നല്ലേ നിങ്ങളുടെ ഓരോരുത്തരുടെയും ആഗ്രഹം? ചിലര്‍ കയ്യടിച്ചു, ചിലര്‍ ചിരിച്ചു , ബാക്കിയുള്ളവര്‍ തലകുലുക്കി , എങ്കില്‍ മഞ്ജുഷയെ പോലെ മാതൃകാ വിദ്യാര്‍ത്ഥികളാക്കി അവരെ വളര്‍ത്തണം. അതിനെന്തു ചെയ്യാം എന്നുള്ളത് ലോട്ടറി വില്‍പ്പന തൊഴിലാളി ക്ഷേമനിധിയുടെ പ്രധാനപ്പെട്ട പരിഗണന വിഷയം ആണ്. പട്ടികജാതിയില്‍പ്പെട്ട കെ പി മഞ്ജുഷ തുമ്പോളിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ആയ പുരുഷോത്തമന്റെ മകള്‍ ആയിരുന്നു. അച്ഛന്റെ മരണ ശേഷം അമ്മ ചെല്ലമ്മ ആണ് ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്നത്. പഠനത്തില്‍ മിടുക്കി ആയിരുന്ന മഞ്ജുഷയ്ക്ക് ചെന്നിത്തലയിലെ നവോദയ വിദ്യാലയത്തില്‍ പ്രവേശനം ലഭിച്ചത് വഴിത്തിരിവായി. പ്ലസ് ടൂവിനു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി . എന്നാല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ചേരാന്‍ ചെല്ലമ്മയുടെ തുച്ഛമായ വരുമാനം മതിയാവുമായിരുന്നില്ല . സ്‌കൂളിലെ അധ്യാപകര്‍ കോട്ടയം ദര്‍ശന അക്കാദമിയുമായി ബന്ധപ്പെട്ടു. മഞ്ജുഷയെ ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാദര്‍ തോമസ് പുതുശേരിയില്‍ ദര്‍ശന യുടെ തിരുവല്ല കോച്ചിംഗ് സെന്ററില്‍ ചേര്‍ത്തു . ഹോസ്റ്റലില്‍ താമസ സൌകര്യവും പഠനത്തിന് ആവശ്യമായ സഹായങ്ങളും നല്‍കി. പക്ഷെ ദൌര്‍ഭാഗ്യം പിന്തുടര്‍ന്നു . അമ്മയ്ക്ക് ഒരു അപകടം ഉണ്ടായി ആശുപത്രിയില്‍ ആയി. ആദ്യതവണ പരീക്ഷയില്‍ ഒരു ലക്ഷത്തിനു മുകളില്‍ ആയിരുന്നു റാങ്ക് . രണ്ടാം തവണ പരീക്ഷയില്‍ കഠിനാധ്വാനവും ചിട്ടയായ പരിശീലനവും മഞ്ജുഷയെ എഴുപത്തിയെഴാം റാങ്കില്‍ എത്തിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചേരുന്നതിനു പ്രയാസം ഉണ്ടാവില്ല. പക്ഷെ എയിംസിലും ജിപ്മെറിലും പരീക്ഷ എഴുതിയിട്ടുണ്ട് . അതിന്റെ റിസള്‍ട്ട് കൂടി കാത്തിരിക്കുകയാണ് ഭാഗ്യക്കുറി ക്ഷേമനിധിയുടെ ആനുകൂല്യ വിതരണ സമ്മേളനത്തില്‍ വച്ച് മഞ്ജുഷയെ ആദരിച്ചു . ഒരു ലക്ഷം രൂപയുടെ സമ്മാനവും നല്‍കി പിരിയുമ്പോള്‍ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണത്തിനു മഞ്ജുഷയുടെ വീട്ടില്‍ ചെല്ലാം എന്ന് ഞാന്‍ പറഞ്ഞു. മഞ്ജുഷയും അമ്മയും താമസിക്കുന്നത് പണ്ട് ബ്ലോക്കില്‍ നിന്ന് അനുവദിച്ച മുതലപ്പൊഴിക്ക് അടുത്തുള്ള വീട്ടില്‍ . സമീപത്തുള്ള സഖാക്കള്‍ ഉച്ചഭക്ഷണം കരുതിയിരുന്നു . മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫും എത്തി. ലോട്ടറി വില്‍പ്പനയ്ക്ക് ആരോഗ്യം അനുവദിക്കുന്നില്ല. മഞ്ജുഷ വൈദ്യം പഠിക്കാന്‍ പോകുമ്പോള്‍ അമ്മ ഒറ്റയ്ക്കാവും. മഞ്ജുഷയ്ക്ക് ഒരു അപേക്ഷയെ ഉള്ളൂ. കുടിവെള്ളത്തിന്റെ പൈപ്പ് ലൈന്‍ വീട്ടിലേക്ക് നീട്ടി തരണം. വെള്ളം നിറച്ചു കൊണ്ടുവരാന്‍ പണ്ടത്തെ പോലെ അമ്മയ്ക്ക് കഴിയില്ല. പിന്നെ പറ്റുമെങ്കില്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്തണം. മഞ്ജുഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നു Account No. - 37033699608 Account Name - Manjusha IFSC - SBIN0003054 Bank and Branch - SBI Alappuzha Read on deshabhimani.com

Related News