നോട്ട് റദ്ദാക്കൽ: ഒരുമാസം പിന്നിട്ടിട്ടും ദുരിതം അവസാനിക്കുന്നില്ല; ധനമന്ത്രി ഇന്ന് ഫേസ്‌ബുക്ക് ലൈവില്‍ സംവദിക്കും



കൊച്ചി > നോട്ടു റദ്ദാക്കിയശേഷം ഒരുമാസം പിന്നിട്ടിട്ടും ദുരിതം കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ധനമന്ത്രി ടി എം തോമസ് ഐസക് ഇന്ന് സംവദിക്കും. രാത്രി 9.30 മുതല്‍ ഫേസ്‌ബുക്ക് ലൈവില്‍ ധനമന്ത്രിയോട് ആശങ്കകളും സംശയങ്ങളും പങ്കുവെയ്ക്കാം. നോട്ട് റദ്ദാക്കല്‍ നാടകം കഴിഞ്ഞിട്ട് ഒരുമാസം പിന്നിട്ടു. സാമാന്യജനങ്ങളുടെ ദുരിതം കൂടി വരുന്നതല്ലാതെ കുറയുന്ന മട്ടില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നോട്ട് റദ്ദാക്കല്‍ നാടകത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങള്‍ കള്ളപ്പണം പിടിക്കലും കള്ളനോട്ട് ഇല്ലായ്മ ചെയ്യലും ആയിരുന്നുവെങ്കില്‍ ഇതിനകം തന്നെ പലതവണ ലക്ഷ്യങ്ങള്‍ മാറിമറിഞ്ഞ് കാഷ് ലെസ്സ് ഇക്കോണമിയില്‍ എത്തി നില്‍ക്കുന്നു. ഒരു മാസം പിന്നിടുമ്പോള്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ പലതും കൈവരിക്കാനാകാതെ നോട്ട് റദ്ദാക്കല്‍ നാടകം ഒരു പ്രഹസനമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ദുരിതങ്ങളുടെ മാനങ്ങളും വ്യാപ്തിയും വര്‍ദ്ധിച്ച് വരുന്നു എന്ന് ഐസക് ചൂണ്ടിക്കാട്ടി. ഇതേകുറിച്ച് ആശങ്കകളും സംശയങ്ങളും തന്നോട് പങ്കുവയ്ക്കാമെന്ന് ധനമന്ത്രി അറിയിച്ചു. ഡിസംബര്‍ 12, തിങ്കള്‍ രാത്രി 9.30 മുതല്‍ ഫേസ്ബുക്ക് ലൈവില്‍ ഇതിന് അവസരം ഉണ്ടാകും. ചോദ്യങ്ങള്‍ മുന്‍കൂട്ടി കമന്റില്‍ എഴുതിയാല്‍ അത് കൂടുതല്‍ സഹായകം ആവും എന്നും തോമസ് ഐസക് പറഞ്ഞു. Read on deshabhimani.com

Related News