വി പി സാനുവിനെ പിന്തുണച്ച കെഎസ‌്‌യു നേതാവ‌് ജസ്‌ല മാടശ്ശേരിക്ക്‌ സൈബർ ആക്രമണം; പിന്നിൽ ലീഗ്‌



മലപ്പുറം> മലപ്പുറം ലോക‌്സഭാ മണ്ഡലം  എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌ കെഎസ‌്‌യു നേതാവ്‌ ജസ്‌ല മാടശേരിക്ക്‌ നേരെ ലീഗ്‌ അണികളുടെ  സൈബർ ആക്രമണം. മോശം പരാമർശങ്ങളാണ്‌ ജസ്‌ലയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്‌ കമൻറായി പറയുന്നത്‌.  കെഎസ്‌യു മുൻ ജില്ലാ കമ്മിറ്റിയംഗം ജസ‌്‌ല മാടശേരിയാണ് ‘സാനു  പ്രതീക്ഷയാണ്, മാറ്റമാകുമെന്ന‌് കരുതുന്നു’ എന്നുപറഞ്ഞ‌് പിന്തുണ അറിയിച്ചത്‌. തോറ്റാലും ജയിച്ചാലും മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ‌്ത്തുന്ന ലീഗിന‌് കുട പിടിക്കുന്നതിനേക്കാൾ സന്തോഷമുണ്ട‌്. കോണിവഴി കേറിയാൽ സ്വർഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതുതലമുറയെങ്കിലും മാറി ചിന്തിക്കട്ടെ എന്നും പറഞ്ഞുള്ള പോസ‌്റ്റിലാണ്‌ തെറിവിളി. തെറിവളിക്കെതിരെ എൽഡിഎഫിനെ പിന്തുണയ‌്ക്കാനുള്ള  നിലപാട്‌ ഫെയ‌്സ‌് ബുക്ക‌് ലൈവിലൂടെ  ആവർത്തിച്ചാണ‌്ജസ‌്‌ല ഇതിന‌് മറുപടി നൽകിയത‌്. ഒരു മാറ്റം ആഗ്രഹിക്കുന്നതിനാലാണ‌് പോസ‌്റ്റ‌് ഇട്ടതെന്നും ഭൂരിഭാഗം ചെറുപ്പക്കാരും ആഗ്രഹിക്കുന്ന ആശയംതന്നെയാണ‌് മനസ്സിൽ തോന്നിയപ്പോൾ തുറന്നുപറഞ്ഞതെന്നും ജസ‌്‌ല വ്യക്തമാക്കി.  ‘‘ലീഗുകാരടക്കം ഒരുപാടു പേർ ഈ മാറ്റം ആഗ്രഹിക്കുന്നുണ്ട‌്. ആന്തരികമോ ബാഹ്യമോ ആയ ഒരു മാറ്റം, പുതിയ ചിന്തകളുടെ  ശബ്ദം മലപ്പുറത്തുനിന്ന‌് കേൾക്കാറില്ല. ഒരുപാട‌് വിപ്ലവ പോരാട്ടങ്ങളിലൂടെ കടന്നുവന്ന യുവാവാണ‌് സാനു. ഒരുപാട്‌ മാറ്റത്തിനായി ശബ്ദിച്ച വ്യക്തി. കാലാകാലങ്ങളായി നിലനിൽക്കുന്നതിൽനിന്ന‌് ഒരു മാറ്റം പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗ‌് എത്രത്തോളം സ‌്ത്രീവിരുദ്ധമാണെന്നത‌് നേരിട്ടറിഞ്ഞ വ്യക്തികൂടിയാണ്‌ താനെന്നും കെഎസ‌്‌യു നേതാവ‌്  പറയുന്നു. സ‌്ത്രീവിരുദ്ധ വാക്കുകൾ ലീഗിന്റെ ഭാഗത്തുനിന്ന‌് ഒരുപാട്‌ കേൾക്കേണ്ടിവന്നിട്ടുണ്ട‌്.  സ‌്ത്രീവിരുദ്ധത ഒരു പാർടിക്ക‌് ചേർന്ന കാര്യമല്ല. ലിംഗവിവേചനം ഒരു പാർടിയിൽ നിലനിൽക്കുന്നു എന്നത‌് പുച്ഛമുണ്ടാക്കുന്നതാണെന്നും ജസ‌്‌ല പറഞ്ഞു. ഇത്രയുംകാലം മലപ്പുറത്ത് പ്രധാന പാർടിയായി നിന്ന മുസ്ലിംലീഗ‌് എന്ത് വികസനം കൊണ്ടുവന്നുവെന്നും ജ‌സ‌്‌ല ചോദിക്കുന്നു. കാലാകാലങ്ങളായി ഒരു ആശയഗതിയുമായി പോകുന്നു. മനോഘടനയിൽപോലും കാലോചിതമായ  ഒരു മാറ്റവുമില്ലാത്ത  പാർടിയാണത്‌. പുതിയ തലമുറ  മാറ്റം ആഗ്രഹിക്കുന്നുണ്ട‌്. പുതിയ ചിന്തയും സർഗാത്മകതയും  ആശയങ്ങളുമായി വന്ന വ്യക്തി എന്നതിനാലാണ് സാനുവിന‌് പിന്തുണ. ഇന്ത്യയെ ഫാസിസത്തിൽനിന്ന് തൂത്തെറിയണമെന്നും രാഹുലിനെ പിന്തുണയ‌്ക്കുന്നുവെന്നും വീഡിയോ ലൈവിൽ വ്യക്തമാക്കുന്നു. Read on deshabhimani.com

Related News