'ഇരുട്ടിന്റെ മറവില്‍ നില്‍ക്കുന്നവരെ ഭയന്ന് എനിക്ക് പ്രിയപ്പെട്ട ശബ്ദങ്ങളും സന്തോഷങ്ങളും ഞാനെന്തിന് വേണ്ടെന്നു വയ്ക്കണം': സിതാര



കൊച്ചി > ബംഗളൂരുവില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ പെണ്‍കുട്ടികള്‍ക്കെതിരെ വ്യാപകമായി ഉണ്ടായ അതിക്രമങ്ങള്‍ക്ക് സമാനമായ ക്രൂരതകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഗായിക സിതാര കൃഷ്ണകുമാര്‍. സമാനമായ അതിക്രമശ്രമം 2015ല്‍ കൊല്‍ക്കത്തയില്‍ തനിക്ക് നേരിടേണ്ടിവന്നെന്ന് സിത്താര പറഞ്ഞു. 'പെണ്‍കുട്ടികള്‍ക്കെതിരായ തുറിച്ച് നോട്ടങ്ങളും, കമന്റടികളും, പിന്‍തുടരലുകളും സാധാരണ വിഷയങ്ങളായി ഒഴിവാക്കുന്നത് നമുക്ക് ശീലമായി'. ചര്‍ച്ചചെയ്യപ്പെടണമെങ്കില്‍ ക്രൂരമായ ബലാത്സംഗത്തിലേക്കോ കൊലപാതകത്തിലേക്കോ സംഭവം എത്തണമെന്നാണ് ഭൂരിപക്ഷത്തിന്റെയും മനോഭാവമെന്നും സിതാര ഫേസ്‌ബുക്കില്‍ ചൂണ്ടിക്കാട്ടി. സിതാരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ബാംഗ്ളൂരില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതിന്റെ cctv ദൃശ്യങ്ങള്‍, നമ്മള്‍ കുറെക്കാലങ്ങളായി ശീലിച്ച അതേ ഞെട്ടലോടെ കണ്ടുതീര്‍ത്ത് കൂട്ടുകാരോട് ആത്മരോഷം ഓണ്‍ലെെനായി പങ്കുവച്ചിരിക്കെ രണ്ടു വര്‍ഷം പഴക്കമുള്ള ഒരനുഭവം നിങ്ങളോട് പറയണമെന്ന് തോന്നുന്നു! ഇന്ത്യയില്‍ പലയിടങ്ങങ്ങളിലായി നടന്നുവരുന്ന over night music festivals പ്രസിദ്ധങ്ങളാണ്.. ശാസ്ത്രീയ സംഗീത ലോകത്തെ അതികായര്‍ സ്വയം അവതരിക്കുന്ന ഈ വേദികള്‍ നേരിട്ട് ആസ്വദിക്കുക എന്നത് സംഗീതാസ്വാദകരുടെ വലിയ സന്തോഷങ്ങളിലൊന്നാണ്.. അത്തരത്തിലൊരു സംഗീതോല്‍സവമാണ് കൊല്‍കത്തയില്‍ നടക്കുന്ന 'Doverlane Music Conference'!  63-ാമത് കോണ്‍ഫറന്‍സിനായി അവിടെത്തിയത് 22 ജനുവരി 2015ന്. ഉത്ഘാടനദിവസമായതിനാല്‍ 'traditional' ആയി വസ്ത്രം ധരിക്കാം എന്ന് തീരുമാനിച്ച് ഞാനും കൂട്ടുകാരിയും പുത്തന്‍ സാരികള്‍ ഉടുത്ത് വലിയ ആവേശത്തില്‍ നേരത്തേതന്നെ പരിപാടിസ്ഥലത്ത് ഇടം പിടിച്ചു..രാത്രി 7.30 മണിക്ക് ചടങ്ങുകളെ തുടര്‍ന്ന് കച്ചേരികള്‍ ആരംഭിച്ചു..പുലര്‍ച്ച നാലുമണിയോട് അടുത്തപ്പോള്‍ , കൂട്ടുകാരില്‍ ഒരാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.. അവിടുത്ത്കാരായതിനാല്‍ കൂട്ടുകാരികള്‍ രണ്ടുപേരും അവരുടെ വീടുകളിലേക്ക് പോവുകയും , ഞാന്‍ പത്തിരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് നടക്കാനും തുടങ്ങി.... ഒരല്‍പം ദൂരം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്നത് കാണാമായിരുന്നു.. അവരെകടന്ന് നടന്നതും അവര്‍ പിറകെ നടന്നു വരുന്നത് ,കാഴ്ചയുടെ ഒരു കോണില്‍ എനിക്ക് കാണാമായിരുന്നു.. തിരിഞ്ഞ് നോക്കാതെ നടത്തം ഓട്ടമാക്കിമാറ്റി.. ഹോട്ടലിന്‍റെ വെളിച്ചത്തിലേക്ക് ചെന്ന് കയറിയപ്പോഴേക്കും സാരിയുടേയും , പുതച്ച ഷാളിന്റെയും , വന്നുപെട്ട ഭയത്തിന്റെയും ഒക്കെ ഭാരം കൊണ്ട് ആ കൊടും തണുപ്പത്തും വിയര്‍ത്തു തളര്‍ന്നു.. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കച്ചേരി സ്ഥലത്തെക്ക് പോകേണ്ടതോര്‍ത്ത് അസ്വസ്ഥതയോടെ ഒരു പകല്‍ മുഴുവന്‍ തീര്‍ത്തു..! പിറ്റേന്ന് മുതല്‍ വേഷം പതിവുപോലെ പാന്റ്സും, ഷര്‍ട്ടും ജാക്കെറ്റും , തൊപ്പിയും ,ഷൂസും ഒക്കെയാക്കി... പേപിടിച്ചത് (പട്ടിയായാലും മനുഷ്യനായാലും) ഓടി രക്ഷപ്പെടാനും ,പറ്റിയാല്‍ തിരിച്ചൊന്ന് കല്ലെറിയാനും ആത്മവിശ്വാസം അങ്ങനെ ഇറങ്ങുമ്പോഴാണ്! ഇത് മുഴുവന്‍ വായിച്ച ചിലരുടെ പ്രതികരണം ഊഹിക്കാം -''ഇതിപ്പൊ ഇത്ര വല്ല്യ കാര്യാണോ..ഒന്നും സംഭവിച്ചില്ലല്ലൊ !'' അതെ അതാണ് ശരി, തുറിച്ച് നോട്ടങ്ങളും, കമന്‍റടികളും , പിന്‍തുടരലുകളും എല്ലാം നമുക്ക് സാധാരണ വിഷയങ്ങളാണ്.. ചര്‍ച്ചചെയ്യാന്‍ നമുക്ക് ക്രൂരമായ ബലാല്‍സംഗം തുടര്‍ന്നുള്ള മരണം പോലുള്ള 'സംഭവങ്ങള്‍' വേണം..! പിന്നെ കേള്‍ക്കാന്‍ സാധ്യതയുള്ള മറ്റൊരു ഉപദേശം ഇതാണ്.. ''ഭര്‍ത്താവിനെയോ അച്ഛനെയോ കൂടെ കൂട്ടുക.!'' തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കു നേരെ അതിക്രമം നടന്നാല്‍ അവരെ ഇടിച്ചു വീഴ്ത്തി സിനിമ സ്റ്റെെലില്‍ നടന്നുപോവാം എന്നത് വെറും അമിതാത്മവിശ്വാസമല്ലെ..? ''ഏട്ടമ്മാരെ നിങ്ങളെ മണ്ടത്തല അടിച്ചുപൊട്ടിച്ച് കൂടള്ളോരെ പിടിച്ച് കൊണ്ടോവല് അത്രവല്ല്യ പ്രയാസാണോന്ന് നിങ്ങളന്നെ ഒന്നോര്‍ത്ത് നോക്ക്യാട്ടെ!'' പറഞ്ഞു വന്നത് ഇതാണ് - പോയത് ശാസ്ത്രീയ സംഗീതം കേള്‍ക്കാനാണോ , പാര്‍ട്ടിക്കാണോ ,ധരിച്ചത് പാരമ്പര്യ വേഷമാണോ , പാശ്ചാത്യ വേഷമാണോ, പ്രായം അഞ്ചാണോ പതിനഞ്ചാണോ എണ്‍പത്തഞ്ചാണോ എന്നതൊന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെ കാരണങ്ങളല്ല..എത്ര ഓമന ആണ്‍കുഞ്ഞുങ്ങളെ നമ്മള്‍ കാണുന്നു, വളര്‍ച്ചയുടെ ഏതു ഘട്ടത്തിലാണ് അവര്‍ കൂട്ടുകാരികളെ വാക്കുകൊണ്ടും, ആലോചനകള്‍കൊണ്ടും എളുപ്പത്തില്‍ വേദനിപ്പിക്കാന്‍ പഠിക്കുന്നത്...അവരില്‍ ചിലര്‍ സ്തീകളെ അക്രമിക്കാന്‍ തക്കവണ്ണം വളരുന്നത് എങ്ങനെയാണ് ! കഴിഞ്ഞ 5 വര്‍ഷങ്ങളായി പഠനത്തിനായും അല്ലാതെയും ഒരുപാട് തവണ ഞാന്‍ പോയ സ്ഥലമാണ് കൊല്‍കത്ത ,പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന്... കഴിഞ്ഞ വര്‍ഷവും അവിടെ പോയിരുന്നു... ഈ വര്‍ഷവും doverlane -ലേക്ക് പോകും.. ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എനിക്ക് പ്രിയപ്പെട്ട ശബ്ദങ്ങളും , കാഴ്ചകളും ,സന്തോഷങ്ങളും ഞാനെന്തിന് വേണ്ടെന്നു വയ്ക്കണം..! Read on deshabhimani.com

Related News