'എഴുത്തുകാരികളെ അംഗീകരിക്കുക എന്നാല്‍ ഉപാധികളില്ലാതെ സ്‌ത്രീ‌ത്വത്തെ അംഗീകരിക്കുക തന്നെയാണ്, അതാണ് തോമസ് ഐസക് ചെയ്‌‌തത്'; എം എം ഹസന്റെ പരാമര്‍ശത്തിനെതിരെ ശാരദക്കുട്ടി



കൊച്ചി > ധനകാര്യമന്ത്രി തോമസ് ഐസക്കിനെ അധിക്ഷേപിച്ചും മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും  കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശാരദകുട്ടിയുടെ കുറിപ്പ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ശ്രീ എം എം ഹസ്സന്‍, സഖാവ് തോമസ് ഐസക്കിനെ കുറിച്ചു താങ്കള്‍ പറഞ്ഞ വില കുറഞ്ഞ പരാമര്‍ശത്തെ കുറിച്ചാണ്. വീട്ടമ്മയോ വീട്ടടിമയോ ആകട്ടെ, കൂടെയുള്ളത് ഒരു യോഗ്യത അല്ലാത്തതുപോലെ തന്നെ കൂടെയില്ലാത്തത് ഒരു അയോഗ്യതയുമല്ല. എഴുത്തുകാരികള്‍ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങള്‍ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാര്‍ക്കു കൂടി വേണ്ടിയാണ്. പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികള്‍. അവരെ അംഗീകരിക്കുക എന്നാല്‍ ഉപാധികളില്ലാതെ സ്‌ത്രീ‌ത്വത്തെ അംഗീകരിക്കുക തന്നെയാണ്. അതാണ് തോമസ് ഐസക് ചെയ്തത്. അതിന് വീട്ടിലൊരിടമയോ, വീട്ടമ്മയോ ഉണ്ടായിരിക്കണമെന്നില്ല. ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും അല്‍പം കോമണ്‍സെന്‍സും ഉണ്ടായാല്‍ മതി. ശ്രീ ഹസന്‍, 'വീട്ടിലിരിക്കുന്ന അമ്മയും പെങ്ങളും' അപഹസിക്കപ്പെടാനുള്ളതല്ലാത്തതു പോലെ തന്നെ, അവര്‍ വീടു വിട്ടു പോയതിന്റെ പേരില്‍ അവരുടെ പുരുഷനും അപഹസിക്കപ്പെടരുത്. നമ്മുടെയൊന്നും മഹത്വം കൊണ്ടല്ല സഹജീവികള്‍ നമ്മുടെയൊക്കെ കൂടെ കഴിയുന്നതെന്ന് എല്ലാവരും ഒന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.   Read on deshabhimani.com

Related News