മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം: ജന്മഭൂമി കാർട്ടൂൺ അശ്ലീലമെന്ന്‌ കാർട്ടൂണിസ്റ്റ്‌ സുധീർനാഥ്‌; മലയാള കാർട്ടൂൺ ലോകത്തിനാകെ നാണക്കേട്‌



കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന ജന്മഭൂമിയിലെ കാർട്ടൂണിനെതിരെ പ്രശസ്‌ത കാർട്ടൂണിസ്റ്റും കേരളാ കാർട്ടൂൺ അക്കാദമി മുൻ സെക്രട്ടറിയുമായ സുധീർ നാഥ്‌. അശ്ലീല കാർട്ടൂൺ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന കാർട്ടൂണാണ്‌ ഇത്‌. മലയാള കാർട്ടൂൺ ലോകത്തിനാകെ ഈ കാർട്ടൂണും അത്‌ വരച്ച കാർട്ടൂണിസ്റ്റും നാണക്കേടാണെന്നും സുധീർ നാഥ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു. ശനിയാഴ്‌ചയാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന കാർട്ടൂൺ ആർഎസ്‌എസ്‌‐ബിജെപി മുഖപത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചത്‌.  സുധീർ നാഥിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ നിർഭാഗ്യകരമായിപ്പോയി. ശതാബ്ദി വർഷത്തിൽ മലയാള കാർട്ടൂൺ ലോകത്തിന് തന്നെ നാണക്കേടാണ് ഇപ്പോൾ ചർച്ചയിലുള്ള വിവാദ കാർട്ടൂണും, അത് വരച്ച കാർട്ടൂണിസ്റ്റും. അശ്ലീല കാർട്ടൂൺ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കാർട്ടൂണാണ് ഇത്. കാർട്ടൂൺ വരയ്ക്കുന്നവർ സ്വയം നിയന്ത്രണം പാലിച്ച്, സ്വന്തമായി ആദ്യം ലക്ഷ്‌മണരേഖ വരയ്ക്കണം. കാർട്ടൂണിസ്റ്റുകൾ അത് പാലിക്കുന്നുണ്ട്. അതിന് അപവാദമായി പ്രവർത്തിക്കുന്ന കാർട്ടൂണിസ്റ്റുകളും ഉണ്ടെന്നതിന്റെ തെളിവാണ് ജന്മഭൂമി പ്രസിദ്ധീകരിച്ച കാർട്ടൂൺ. ഞാൻ കേരളാ കാർട്ടൂൺ അക്കാദമി സെക്രട്ടറിയായിരുന്നപ്പോൾ 2017ൽ വൃക്തിപരമായി അധിക്ഷേപിക്കാൻ ഐഎസ്ഐഎസ് ചാരനാണെന്നും തീവ്രവാദിയാണെന്നും ആരോപിച്ച് വ്യാപകമായി കത്തുകൾ അയച്ച വ്യക്തിയാണ് ഇപ്പോൾ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാർട്ടൂൺ വരച്ചിരിക്കുന്നത്. എന്റെ പോലീസ് പരാതി പിൻവലിച്ചിട്ടില്ല. സ്റ്റേഷൻ ഇറങ്ങി നടക്കുന്ന അദ്ദേഹത്തിന് അക്കാദമിക്ക് പുറത്ത് പോകേണ്ടി വന്നു. ഇപ്പോൾ കേരള കാർട്ടൂൺ അക്കാദമി അംഗമല്ല. സുധീർ നാഥ് കാർട്ടൂണിസ്റ്റ് Read on deshabhimani.com

Related News