'മൃതദേഹസെല്‍ഫി'; പ്രചരിച്ചത് ഹ്രസ്വചിത്രത്തിലെ ദൃശ്യങ്ങള്‍, അബദ്ധം പിണഞ്ഞ് സോഷ്യല്‍ മീഡിയ



കൊച്ചി > മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫി എടുക്കുകയോ...കണ്ടവര്‍ കണ്ടവര്‍ പ്രതികരിച്ചു. രൂക്ഷമായി വിമര്‍ശിച്ചു. സാമൂഹ്യ ബോധത്തേയും ജീവിതത്തിലെ സുഖ ദുഖങ്ങള്‍ എങ്ങനെ നേരിടണം തുടങ്ങി ദീര്‍ഘമായ പോസ്റ്റുകളിട്ടു. എന്നാല്‍ ഇത്തവണ കുടുങ്ങിയത് ചിത്രമെടുത്തവരല്ല. ചിത്രത്തെ പറ്റി പ്രതികരിച്ചവരാണ്. ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച മൃതദേഹ സെല്‍ഫി ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ്ങിനോടനുബന്ധിച്ച് എടുത്തതാണെന്ന് ബോധ്യമായി. കഴിഞ്ഞ ദിവസമാണ് മൃതദേഹത്തിനരുകില്‍ ഒരു കുടുംബം ചിരിച്ചുകൊണ്ട് സെല്‍ഫി എടുക്കുന്ന ചിത്രങ്ങള്‍ വാട്ട്സാപ്പിലും ഫേസ്ബുക്കിലും മറ്റും വൈറലായി മാറിയത്. മൃതദേഹത്തിനരികിലെ സെല്‍ഫി ചിത്രങ്ങള്‍ കണ്ട പലരും ഇത് യഥാര്‍ഥത്തില്‍ നടന്നതാണെന്ന് തന്നെ വിശ്വസിച്ചു. ഉടനെ കുടുംബത്തെയും മലയാളികളുടെ സെല്‍ഫി ഭ്രാന്തിനെയും സംസ്കാരത്തെയുമൊക്കെ വിമര്‍ശിച്ച് പോസ്റ്റുകളും വന്നു. പക്ഷേ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ ഇതൊന്നുമായിരുന്നില്ല.  ചിത്രം ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമായി എടുത്തവയായിരുന്നു. ഹ്രസ്വചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുകയും മറ്റുചിലര്‍ ഇത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഉണ്ണി വിജയമോഹനന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ്ങിനോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ചിത്രീകരണത്തിനായി മൃതദേഹമായി അഭിനയിച്ചയാളുടെ ചുറ്റും ഇരുന്നവര്‍ എടുത്ത സെല്‍ഫികളാണ് പൊല്ലാപ്പായത്. ഇവര്‍ പങ്കുവെച്ച നിരവധി ചിത്രങ്ങളില്‍ ചിലത് മൃതദേഹത്തിനരികില്‍ കുടുംബത്തിന്റെ സെല്‍ഫിയായി ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു. സത്യാവസ്ഥ മനസ്സിലാക്കാതെ കിട്ടിയവര്‍ കിട്ടിയവര്‍ അടുത്തടുത്ത ഗ്രൂപ്പുകളിലേക്ക് ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു.   Read on deshabhimani.com

Related News