ആ 'ശങ്ക' മാറ്റാന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് ഓടി നടന്നു; അനുഭവം തുറന്നെഴുതി യുവ കവി; ​പരിഹാരം ഉണ്ടാക്കുമെന്ന് മേയറുടെ ഉറപ്പ്



കൊച്ചി> തിരുവനന്തപുരം സെക്രട്ടറിയേറ്റ്- പ്രസ് ക്ലബ് റോഡിൽ പൊതു ശൗചാലയങ്ങൾ ഇല്ലാത്തത് മൂലം ബുദ്ധിമുട്ടിയ അനുഭവം ഫെയ്‌സ്‌ബുക്കിൽ തുറന്നെഴുതി യുവ കവിയും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അം​ഗവുമായ കെ ജി സൂരജ്. രാത്രി ഏറേനേരം പൊതു ശൗചാലയങ്ങൾ തിരഞ്ഞെങ്കിലും പേരറിയാ മരത്തിൻ ഉദാരതയിൽ ധീര കൃത്യം നിർവ്വഹിച്ച് കൃതാർത്ഥനായി എന്നാണ് സൂരജ് കുറിച്ചത്. ഒരൂടുവഴി, ഒരാശ്വാസമരം, ചെറിയൊരു മറ; ആണുങ്ങൾക്ക് ഇതെല്ലാം പോതും. അപ്പോൾ സ്‌ത്രീകൾക്കോ, ട്രാൻസ് ജെന്റർ വ്യക്തികൾക്കോ. ശാരീരികമായ പ്രത്യേകതകളാൽ മൂത്രത്തിനുമേലുള്ള സ്വാഭാവിക നിയന്ത്രണം നഷ്ടമായവർക്കോ. എല്ലാവരോടും നീതിയുണ്ടാകാൻ, വൃത്തിയുള്ള ശുചിമുറികൾ യഥേഷ്ടം വേണമെന്നും സൂരജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. അക്ഷരം ഓൺലൈൻ ചീഫ് എഡിറ്റർ കൂടിയായ സൂരജിന്റെ കുറിപ്പിന് മറുപടിയുമായി മേയരും രം​ഗത്തെത്തി. "പൊതുശൗചാലയങ്ങളുടെ എണ്ണം കൂട്ടണം എന്നും അത് ആവശ്യമായ ഇടങ്ങളില്‍ ആകണമെന്നും അതോടൊപ്പം അതെല്ലാം തന്നെ നല്ല നിലവാരത്തില്‍ പരിപാലിക്കപ്പെടണമെന്നുമാണ് നഗരസഭ കാണന്നത്. ഇത് പറഞ്ഞ പ്രദേശത്തുള്‍പ്പെടെ സ്ഥലപരിമിതി ഒരു വെല്ലുവളിയാണ്. എങ്കിലും നമുക്കെല്ലാവര്‍ക്കും ഒരുമിച്ചൊരു പരിശ്രമം നടത്താം. വളരെ ഗൗരവമുള്ള പ്രശ്‌നമാണിത്. അതിനെ ആ അര്‍ത്ഥത്തില്‍ തന്നെ കാണും"- എന്നും മേയർ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് പൊതു ശൗചാലയങ്ങൾ ധാരാളമുള്ള നഗരമാണ് തിരുവനന്തപുരം. എന്നാൽ സെക്രറ്ററിയറ്റ് - പ്രസ്സ് ക്ലബ് റോഡ് പരിസരങ്ങളിലൊന്നും ആവിധമൊരു സൗകര്യം ഉണ്ടെന്നുതോന്നുന്നില്ല. പ്രസ്‌തുത പ്രദേശത്ത് മൂത്രമൊഴിക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് സാഹസികമായൊരു അനുഭവപരിസരമുണ്ട്. മഴ പൊഴിയുന്ന രാത്രിയിലെ എട്ടര മണി നേരത്താണ് മറ്റു മാർഗ്ഗങ്ങളിലല്ലാതെ ഊടുവഴികൾ (ഒരു പഞ്ചിന് ഗലി എന്നൊക്കെ പറയാം) തേടി അലയാൻ തുടങ്ങിയത്. പൊതുവിൽ വഴികൾ അവസാനിച്ചത് ഏതെങ്കിലുമൊരു വിമൻസ് ഹോസ്റ്റലിന്റെ പിന്നിലോ മുന്നിലോ ആണെന്നത് അതിശയോക്തിയല്ല. പരക്കം പാച്ചിലിനൊടുവിൽ കരകൗശലങ്ങളുടെ വിൽപ്പനയും പ്രദർശനവും നടന്നു വരുന്നൊരു കെട്ടിടത്തിന്റെ തുറന്നിട്ട ഗേറ്റ് കടന്ന് അകത്തേയ്ക്ക് നടന്നു (ഓടി). സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. 'ആർക്കാണ്' എന്ന ചോദ്യത്തിന് ഈ എനിക്ക് തന്നെയെന്ന് മെതുവെ പ്രതിവചിച്ചു (ന്നെ കണ്ടാ അങ്ങനെ തോന്നൂല്ലേ അണ്ണാ). അദ്ദേഹത്തിന്റെ കൈകൾ പ്രസ്സ് ക്ലബ് റോഡിന്റെ മഞ്ഞ നിറം വീണുകിടക്കുന്ന നിയോൺ വെളിച്ചത്തിലേക്ക് ദിശാസൂചികയായി. 'ഇരുട്ട് വീണ ഏതെങ്കിലുമൊരു മതിലിനരികിലോ മരത്തണലിലോ പോടുങ്കോ തമ്പീ' എന്ന ആത്മഗതം ശബ്ദമായ് ഉരുവം ചെയ്യും മുൻപേ ആഹ്വാനമേറ്റെടുത്ത് ഫോർവേർഡ് മാർച്ച്. അതാ നോക്കൂ .. തൊട്ടരികിലും ഒരു വിമൻസ് ഹോസ്റ്റൽ. ഒന്നുമാലോചിക്കാതെ തുള്ളിക്കൊരുകുടം പേമാരിയിൽ പിന്നെയും മുന്നോട്ട്. വേരുകൾ നാണം മറച്ചു തന്നൊരു പേരറിയാ മരത്തിൻ ഉദാരതയിൽ ധീര കൃത്യം നിർവ്വഹിച്ച് കൃതാർത്ഥനായി. അൻപത് ലിറ്റർ പെട്രോൾ ഫ്രീയായി വേണോ മൂത്രമൊഴിക്കാൻ ഒരു മറ വേണോ എന്ന ചോദ്യത്തിന് ടാങ്ക് കാലിയായ വണ്ടിയാണെങ്കിലും ഉത്തരം ഒന്നേയുള്ളൂ. മരം മതി. വണ്ടി തള്ളി മറിച്ചോളാം. ഒരൂടുവഴി, ഒരാശ്വാസമരം, ചെറിയൊരു മറ; ആണുങ്ങൾക്ക് ഇതെല്ലാം പോതും. അപ്പോൾ സ്ത്രീകൾക്കോ, ട്രാൻസ് ജെന്റർ വ്യക്തികൾക്കോ. ശാരീരികമായ പ്രത്യേകതകളാൽ മൂത്രത്തിനുമേലുള്ള സ്വാഭാവിക നിയന്ത്രണം നഷ്ടമായവർക്കോ. എല്ലാവരോടും നീതിയുണ്ടാകാൻ, വൃത്തിയുള്ള ശുചിമുറികൾ യഥേഷ്ടം വേണം. കഥ കഴിഞ്ഞു. കെ ജി സൂരജ്   Read on deshabhimani.com

Related News