ആർത്തവം അശുദ്ധിയാണെന്ന് സ്‌ത്രീകൾ കരുതുന്നത്‌ അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെ: സാറാ ജോസഫ്‌



കൊച്ചി > സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത്‌ അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന്‌ എഴുത്തുകാരി സാറാ ജോസഫ്‌. ആർത്തവം പ്രത്യുൽപ്പാദനത്തിനു വേണ്ടിയുള്ള നൈസർഗിക പ്രക്രിയയാണ്. അണ്ഡോല്പാദനം നടക്കുന്നില്ലെങ്കിൽ ഗർഭധാരണവുമില്ല. മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ച്‌ ജീവിതകാലം മുഴുവൻ സഞ്ചരിക്കുന്ന മനുഷ്യർ അമ്പലത്തിൽ പോകുമ്പോഴും അതൊന്നും വീട്ടിൽ വെച്ചിട്ടല്ല പോകുന്നതെന്നും സാറാ ജോസഫ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു. സാറാ ജോസഫിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: ആർത്തവം അശുദ്ധമാണെന്ന സങ്കൽപ്പത്തെ മറികടക്കാൻ അയ്യപ്പൻ തുണക്കണം. എല്ലാ സ്ത്രീ പുരുഷന്മാരും മറ്റു ലിംഗവിഭാഗക്കാരും ആർത്തവമുള്ള സ്ത്രീയിൽ നിന്ന് ജനിച്ചു. ഗർഭപാത്രത്തിലെ രക്തത്തിലും ജലത്തിലും പത്തു മാസം കിടന്നു. അവിടെക്കിടന്നു കൊണ്ട് അമ്മയെ ചവിട്ടി .അമ്മയുടെ യോനി പിളർന്നു പുറത്തേക്ക് കുതിച്ചു.ദേഹം മുഴുവൻ രക്തവും ഗർഭ ജലവും കൊണ്ട് പൊതിഞ്ഞ വഴുവഴുക്കുന്നൊരു ശിശുവായി പുറത്തുവന്നു. വന്നയുടനെ അമ്മയുടെ മുലക്കണ്ണ് തിരഞ്ഞു. ആവോളം അമ്മയെ കുടിച്ചു ശക്തിയാർജ്ജിച്ചു. ആശുപത്രികളിൽ ഇപ്പോൾ നവജാത ശിശുവിനെ കുളിപ്പിക്കുകയില്ല. അതിനെപ്പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പ്, ഉടൻ തന്നെ കഴുകിക്കളയരുതെന്നും അതൊരു സുരക്ഷാ കവചമാണെന്നും മെഡിക്കൽ സയൻസ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കാനേ പാടുള്ളൂ എന്ന് ആശുപത്രികൾ. അമ്മയുടെ ഗർഭപാത്രം എത്ര കരുതലോടെയാണു ഒരു പ്രിയ ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്! അണ്ഡോല്പാദനം നടക്കുന്നില്ലെങ്കിൽ ഗർഭധാരണവുമില്ല. ആർത്തവം പ്രത്യുൽപ്പാദനത്തിനു് വേണ്ടിയുള്ള നൈസർഗിക പ്രക്രിയയാണ്. അത് സ്ത്രീയുടെ മാത്രം ശരീരത്തിനകത്ത് സംഭവിക്കുന്നു. മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ചാണ് മനുഷ്യർ ആണും പെണ്ണും ജീവിതകാലം മുഴുവൻ സഞ്ചരിക്കുന്നത്. അമ്പലത്തിൽ പോകുമ്പോൾ അതൊന്നും വീട്ടിൽ വെച്ചിട്ടല്ല പോകുന്നത്. ആർത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്ക്കരിക്കാൻ സ്ത്രീകൾക്കറിയാം. അവൾ ഏറ്റവും വൃത്തിയോടെയിരിക്കുന്ന ദിവസങ്ങളാണത്. വീട്ടിലെ വൃത്തികേടുകൾ മുഴുവൻ നീക്കം ചെയ്യുന്നവൾ അവളാണ്. എച്ചിൽപാത്രങ്ങൾ കഴുകുന്നതും മുഷിഞ്ഞ തുണി കഴുകി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും ടോയ് ലെറ്റ് കഴുകുന്നതും മുറ്റമടിയ്ക്കുന്നതും കുഞ്ഞിന്റെ അപ്പി കോരുന്നതും അതിനെ കുളിപ്പിക്കുന്നതും അവളാണ്. നിങ്ങൾ വൃത്തിയാസ്വദിക്കുന്നതിന് കാരണം സ്ത്രീയുടെ അദ്ധ്വാനമാണ്. വൃത്തിയുടെ ഈ കുത്തകക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവ്‌ ഒരാണിന്നും അവകാശപ്പെടാനാവില്ല. ഒന്നേയുള്ളൂ സങ്കടം: സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിയ്ക്കുന്നത്. അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെ. Read on deshabhimani.com

Related News