‘പ്രതികരണ’ങ്ങളിലെ ചാനൽ ചതി വീണ്ടും; ആ ക്ലിപ്പിലുള്ളത് തമിഴകത്തെ ശോഭാ സുരേന്ദ്രൻ



ശബരിമലയിൽ സംഘപരിവാർ അക്രമികൾ ഇന്നലെ ആക്രമിച്ച തൃശൂർ സ്വദേശിനി ലളിതയുടെ കൂടെ നിന്ന്‌ ചാനലുകളിൽ ‘പ്രതികരണം’ നൽകിയത്  തമിഴ്‌നാട്ടിലെ  ബിജെപി നേതാവ്. ഭക്ത എന്ന നിലയിലും മര്‍ദ്ദനമേറ്റ ലളിതയുടെ ഒപ്പമുള്ളയാള്‍ എന്ന നിലയിലുമാണ് ഇവരെ ചാനലുകള്‍ അവതരിപ്പിച്ചത് എന്നാല്‍ ആ ചാനൽ ക്ലിപ്പുകളിലുള്ളത്‌ തമിഴകത്തെ ശോഭാ സുരേന്ദ്രനാണ്‌. ആ ‘തമിഴ്‌ ഭക്‌ത ’തമിഴ്‌നാട്ടിലെ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് . ശബരിമലയിൽ സ്‌ത്രീകളെ തടയാൻ  ശശികലയും വത്സൻ തില്ലങ്കേരിയും  കെ സുരേന്ദ്രനും എം ടി രമേശുമൊക്കെ വന്നത് പോലെ വന്നതാണവരും. മർദ്ദിക്കപ്പെട്ട സ്‌ത്രീയുടെ അടുത്ത്‌ നിർത്തി ‘‘പ്രതികരണം’’ നടത്തിച്ചത്‌ രാജീവ്‌ ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റും. അപ്പോൾ ചിത്രവും ലക്ഷ്യവും  കൂടുതൽ വ്യക്‌തമാണെന്ന്‌ രാധാകൃഷ്‌ണൻ ജി ചേർത്തല എഴുതുന്നു. പോസ്‌റ്റ്‌ ചുവടെ എത്ര സമർത്ഥമായാണ് സംഘപരിവാറും ബി ജെ പി എം പിയായ രാജീവ് ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്ന് ഇതോടൊപ്പമുള്ള രണ്ട് വീഡിയോ ക്ലിപ്പുകൾ കണ്ടാൽ മനസ്സിലാക്കാം. ഒന്നാമത്തെ വീഡിയോ ക്ലിപ്പിൽ "ശബരിമലയിലെ സ്ത്രീ തീർത്ഥാടകർക്ക് സംസ്ഥാന സർക്കാർ യാതൊരു സൗകര്യവുമൊരുക്കിയിട്ടില്ല" എന്ന രീതിയിലുള്ള ഒരു തമിഴ് സ്ത്രീയുടെ പ്രതികരണം ഏഷ്യാനെറ്റ് കാണിക്കുന്നു. ഒരു സാധാരണ തമിഴ് തീർത്ഥാടകയുടെ സ്വാഭാവികമായ സത്യസന്ധമായ പ്രതികരണമായേ പ്രേക്ഷകർ കരുതൂ. രണ്ടാമത്തെ വീഡിയോ ക്ലിപ്പിൽ മർദ്ദനമേറ്റ തൃശൂർ സ്വദേശിനിക്കൊപ്പവും ഇവരെ കാണാം. ''മർദ്ദനമേറ്റ സ്ത്രീയുടെ ഭാഗത്തും പ്രശ്നമുണ്ട്. അവർ തെറ്റായ വഴിയിലൂടെ പോയതാണ് 'ഭക്ത'രെ പ്രകോപിപ്പിച്ച''തെന്ന് അവർ മർദ്ദനമേറ്റ സ്ത്രീയുടെ കൂടെ നിന്ന് പറയുന്നതാണ് പ്രസ്തുത വീഡിയോ. ആ വീഡിയോ ക്ലിപ്പ് കാണുന്നവർ സ്വാഭാവികമായും കരുതും മർദ്ദനമേറ്റ സ്ത്രീയുടെ ഒപ്പം മല കയറിയവർത്തന്നെ അങ്ങനെ സമ്മതിക്കുന്നുണ്ടല്ലോ എന്ന്.. ! ഈ "തമിഴ് ഭക്ത" ആരാണെന്ന് അറിയാമോ ? തമിഴ് നാട്ടിലെ ബി ജെ പിയുടെ സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് രണ്ട് വീഡിയോകളിലുമുള്ള "ഭക്ത". ബി ജെ പി കേരള സംസ്ഥാന കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ വഹിക്കുന്നത് പോലുള്ള പദവി. https://www.facebook.com/anu.chandramouli.18 ശശികലയും വത്സനും കെ സുരേന്ദ്രനും എം ടി രമേശുമൊക്കെ വന്നത് പോലെ, അതേ ലക്ഷ്യത്തിന് തന്നെയാണ് ഇവരും ഇരുമുടിക്കെട്ടുമായി ശബരിമലയിൽ എത്തിയിരുന്നത്. ഇവരുടെ രാഷ്ട്രീയമെന്തെന്ന് വെളിപ്പെടുത്താതെ, എന്തിനാണ് ഇവർ ശബരിമലയിൽ വന്നതെന്ന് പറയാതെ ഇവരുടെ "പ്രതികരണമടങ്ങുന്ന" വീഡിയോ ക്ലിപ്പുകൾ സന്ദർഭത്തിന് യോജിക്കുന്ന വിധം തലക്കെട്ട് ചേർത്ത് ഫേസ്ബുക്കിലും വാട്സാപ്പിലും സംഘപരിവാർ പ്രചരിപ്പിക്കുന്നുണ്ട്. Read on deshabhimani.com

Related News