മറ്റ് വിശ്വാസങ്ങളോടും ഭാഷകളോടും വിദ്വേഷം വർധിച്ചുവരുന്ന ഈ വേളയിൽ ഋഷി സുനക്ക് നമുക്ക് ചിന്തിക്കാൻ പലതും മുന്നോട്ട് വയ്‌ക്കുന്നുണ്ട്: ജോൺ ബ്രിട്ടാസ്‌



മറ്റ് വിശ്വാസങ്ങളോടും ഭാഷകളോടും ജീവിതരീതികളോടുമൊക്കെ അസഹിഷ്‌ണുതയും വിദ്വേഷവും വർധിച്ചുവരുന്ന ഈ വേളയിൽ ഋഷി സുനക്ക് നമുക്ക് ചിന്തിക്കാൻ പലതും മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ജോൺ ബ്രിട്ടാസ്‌ എംപിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ഇത് ആദ്യമായിട്ടാണ് നിറമുള്ളയാൾ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. സുപ്രധാന വകുപ്പുകളായ ധനം, വിദേശം, ആഭ്യന്തരം എന്നിവയുടെ മേധാവികളായി വെള്ളക്കാരല്ലാത്തവർ ബ്രിട്ടനിലുണ്ടായിട്ടുണ്ട്. എന്നാൽ കറുത്തവനോ ഇരുനിറക്കാരനോ ഇതുവരെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടിട്ടില്ല. ഋഷി സുനക്കിന്റെ സ്ഥാനാരോഹണത്തെ പല കോണുകളിൽ നിന്നും നോക്കി കാണാം. പ്രത്യയശാസ്ത്രപരമായി അദ്ദേഹം വലതുപക്ഷക്കാരനാണ്. യാഥാസ്ഥിതിക കക്ഷിയിൽ തന്നെ വലതു വിഭാഗത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ബ്രിട്ടൻ കടന്നു പോകുന്നതുകൊണ്ട് സമ്പന്നരുടെ നികുതി വെട്ടി കുറയ്‌ക്കൽ പോലുമുള്ള ഇഷ്‌ട പദ്ധതികളിലൊന്നും അദ്ദേഹം വ്യാപൃതനാകാൻ സാധ്യതയില്ല. ഋഷി സുനക്കിനെ വ്യത്യസ്‌തനായി കാണാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ബ്രിട്ടനിലെ ജനസംഖ്യയിൽ ചെറുന്യൂനപക്ഷമായ ഇന്ത്യൻ വംശജരിൽ ഒരാൾ മാത്രമല്ല, സൂക്ഷ്‌മന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിൽ പെട്ടയാൾ കൂടിയാണ്. അദ്ദേഹത്തിൻറെ പിതാവ് യഷ്വിർ കെനിയയിൽ ജനിച്ച ഇന്ത്യക്കാരൻ. അമ്മ ഉഷയാകട്ടെ ടാൻസാനിയായിലാണ് ജനിച്ചത്. ഇരുവരും ബ്രിട്ടനിലേക്ക് കുടിയേറിയത് 60കളിൽ. ഇൻഫോസിസ് സ്ഥാപകനും ശതകോടീശ്വരനുമായ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ. അതുകൊണ്ടുതന്നെയായിരിക്കും ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ പ്രധാനമന്ത്രിമാരിൽ ഒരാളായി ഋഷി മാറുന്നത്. ഇൻഫോസിസിൽ അക്ഷതയ്‌ക്ക് 0.9% ഓഹരിയുണ്ട്.  അതിന്റെ മൂല്യം തന്നെ 6500 കോടി രൂപയ്‌ക്ക് അടുത്താണ്!. ഋഷി സുനക്കിന്റെ വംശവും മതവും ഒക്കെ ചർച്ച ചെയ്യപ്പെടാൻ പല കാരണങ്ങളുണ്ട്. കൊളോണിയലിസത്തിന്റെ തലതൊട്ടപ്പന്മാരായ, ഇന്ത്യയെ രണ്ട് നൂറ്റാണ്ട് അടക്കി ഭരിച്ച,  ഒരിക്കൽ വർണവെറിയുടെ പ്രതീകമായിരുന്ന ബ്രിട്ടന്റെ തലപ്പത്തേയ്‌ക്കാണ് ഒരു ഇന്ത്യൻ വംശജൻ കടന്നുവരുന്നത്. ന്യൂനപക്ഷങ്ങൾ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പോലും അംഗീകരിക്കാത്ത രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രത്തിന് ഇന്ത്യയിൽ മേല്ക്കൈ ലഭിക്കുന്ന വേളയിലാണ് ഒരു ഇരുനിറക്കാരൻ അതും സൂക്ഷ്‌മ ന്യൂനപക്ഷത്തിൽ നിന്നുള്ളയാൾ ഒരിക്കൽ സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്. മറ്റ് വിശ്വാസങ്ങളോടും ഭാഷകളോടും ജീവിതരീതികളോടുമൊക്കെ അസഹിഷ്‌ണുതയും വിദ്വേഷവും വർധിച്ചുവരുന്ന ഈ വേളയിൽ ഋഷി സുനക്ക് നമുക്ക് ചിന്തിക്കാൻ പലതും മുന്നോട്ട് വയ്‌ക്കുന്നുണ്ട്. Read on deshabhimani.com

Related News