ആദിവാസികൾക്കെതിരെ വംശീയ വാർത്തയുമായി മനോരമ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം



ആശുപത്രിയിൽ ചികിത്സ തേടിയ തങ്ങളുടെ രോഗിയെ കാണാനെത്തിയ സ്ത്രീകളടക്കമുള്ള ആദിവാസികളുടെ ചിത്രം സഹിതം അധിക്ഷേപകരമായ രീതിയിൽ വാർത്ത നല്‍കിയ മലയാള മനോരമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. #Boycott_Malayala_manorama, #Standup_against_Racism എന്നീ ഹാഷ്ടാഗുകളോടെയാണ് പ്രതിഷേധം നടക്കുന്നത്. “മദ്യപിച്ച് അവശരായി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളെ കാണാനെത്തിയ പാലക്കൽ ചെമ്പിൽ ആദിവാസി കോളനിയിലെ അന്തേവാസികൾ” എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവരെ ഫോട്ടോയിൽ കാണാം. ഫോട്ടോ പിടിക്കുന്നത് മനസ്സിലാക്കി ഇവർ മുഖം മറച്ച് നിൽക്കുന്നുണ്ട്. മനോരമ പ്രതിനിധാനം ചെയ്യുന്ന വിഭാഗക്കാരിൽ സന്ധ്യ കഴിഞ്ഞാൽ എത്ര പേർക്ക് ബോധമുണ്ടാകാറുണ്ട് എന്ന ചോദ്യത്തോടെയാണ് ചിലർ ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. മനോരമ പത്രത്തിൽ തന്നെ കുടിച്ചലമ്പായി നടക്കുന്ന എത്രയോ പേരുണ്ടെന്നിരിക്കെ ആദിവാസികളെ അവർ ലക്ഷ്യം വെക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും, ആദിവാസികൾ മാത്രമാണോ മദ്യപിച്ച് അവശരാകാറുള്ളത് എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.     Read on deshabhimani.com

Related News