'പിണറായി സര്‍ക്കാരെന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത് '



കൊച്ചി > പിറവം പള്ളിയെ സംബന്ധിച്ച സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരെന്തേ നടപ്പാക്കാത്തത് എന്നാരോപിച്ചുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്‌‌‌ബുക്ക് പോസ്റ്റ്. ബിസിനസ് അനലിസ്റ്റായ ജോസ് ജോസഫ് കൊച്ചുപറമ്പിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയെയും പള്ളി തര്‍ക്കത്തിലെ സിവില്‍ കേസിന്മേലുള്ള വിധിയെയും താരതമ്യം ചെയ്താണ് പ്രചരണം നടക്കുന്നത്. സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ പ്രൊഫൈലുകളാണ് വ്യാജപ്രചരണം ഏറ്റുപിടിച്ചിരിക്കുന്നത്.   പോസ്റ്റിന്റെ പൂര്‍ണരൂപം 'പിണറായി വിജയനെന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്? ക്രിസ്ത്യാനികളെ പേടിയായിട്ടല്ലേ?' കഴിഞ്ഞ 78 ദിവസമായി കണ്ടുതുടങ്ങിയ ഒരു ചോദ്യമാണ്. ഒറ്റനോട്ടത്തില്‍ നല്ല ചോദ്യവുമാണ് നടപ്പാക്കാത്ത ഒരു സുപ്രീം കോടതി വിധി, അതും ഒരു പള്ളി വിഷയം : സംഘിസ്ഥാന്‍ റ്റീംസിന്റെ ഉദ്ദേശങ്ങള്‍ പലതും നടക്കും. ഈ ചോദ്യം എന്നോട് നേരിട്ട് ചോദിച്ച മൂന്ന് പേരോട് ഞാന്‍ ഉടന്‍ തിരിച്ച് ചോദിച്ചത് 'എന്താണ് പിറവം പള്ളി വിധി?' എന്നാണ്. അതിശയോക്തി പറയുവല്ല, ചര്‍ച്ച അവിടെത്തീര്‍ന്നു. കാരണം, അവര്‍ക്കാര്‍ക്കും അത് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ പിടിവിട്ടുപോയത് ഇന്നലെ എതോ ഒരു വാര്‍ത്താചാനലിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു കമന്റ് കണ്ടപ്പോഴാണ് : 'പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കത്തത് ?' എന്ന് കാര്യത്തിലേയ്‌ക്ക് വരാം : 1. എന്താണ് പിറവം പള്ളി വിധി? മലങ്കരക്കേസ്, ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം എന്നൊക്കെ പേരിലുള്ള ഒരു കേസുകെട്ട് കേരളസമൂഹത്തിനു മുന്നില്‍ കുറേ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ മൊത്തം മലയാളികളില്‍ ഒരു ചെറിയ വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമാണെങ്കിലും, ന്യായമായ ഒരു ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാനുള്ള മരുന്നൊക്കെ അതിലുണ്ട്. ഒരേ ചരിത്രവും പാരമ്പര്യവുമുള്ള, ഇടക്കാലത്ത് പല കാരണങ്ങളാല്‍ രണ്ടായി പിരിഞ്ഞ ഈ വിഭാഗങ്ങളില്‍ ആരാണു 'ശരിക്കും മുതലാളി' എന്നതാണു തര്‍ക്കം. എന്തായാലും, നൂറ് വര്‍ഷത്തോളം നീണ്ട കേസുകളികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്‌സ് പക്ഷമാണു യഥാര്‍ത്ഥ മലങ്കരവിഭാഗം എന്നാണ് സുപ്രീം കോടതി വിധിച്ചത്. അതിന്‍പ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞു. ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, പള്ളികളും 1934ലെ ഭരണഘടനയനുസരിച്ചോളാന്‍ കോടതി പറഞ്ഞു. അത് പിറവം പള്ളിക്കും ബാധകമായി. 2. എന്താണവിടുത്തെ പ്രശ്‌നം? പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു; ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ല. 3. അപ്പോ അവരെ ഇറക്കണോ? പള്ളിയില്‍ നിന്നും ആരെയും ഇറക്കലോ പുറത്താക്കലോ ഒന്നും വിധിയുടെ ഭാഗമല്ല. പള്ളിയും പള്ളിഭരണവും ഇപ്പോഴുള്ള ഇടവകക്കാര്‍ക്ക് തന്നെ നടത്താം. പക്ഷേ പള്ളിയുടെ വികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. ഒന്നൂടി പരത്തിപ്പറഞ്ഞാല്‍ , ആ പള്ളിയുടെ വികാരി, അയാള്‍ക്ക് മുകളിലുള്ള മെത്രാന്‍, അതിനും മുകളിലുള്ള മെത്രാപ്പോലീത്താ എന്നിവര്‍ ഇപ്പോള്‍ ഓര്‍ത്തഡോക്‌സുകാരായി നില്‍ക്കുന്നവരാകും. അത് ഇടവകാംഗങ്ങള്‍ സമ്മതിക്കുന്നില്ല. ഇത് പിറവം പള്ളീല്‍ മാത്രമല്ല, തര്‍ക്കമുള്ള എല്ലാ പള്ളിയിലും പ്രശ്‌നം ഇത് തന്നെ. 4. അപ്പോ പള്ളി പൊളിക്കാന്‍ വിധിയിലില്ല? ഇല്ലാന്ന് 5. പിന്നെയെന്താ പിണറായി ഇത് ചെയ്യാത്തേ? ഈ കേസില്‍ കേരളസര്‍ക്കാര്‍ ഒരു കക്ഷിയോ സാക്ഷിയോ ഇടപെടല്‍ കക്ഷിയോ ഒന്നുമല്ല. രണ്ട് സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സിവില്‍ കേസില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. പക്ഷേ വിധി നടപ്പാക്കാന്‍ കേസ് ജയിച്ചവര്‍ക്ക് സ്വയം കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് സര്‍ക്കാര്‍ സഹായം ആവശ്യപ്പെടാം. ആ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലയെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിനെതിരായി കോടതിയലക്ഷ്യം ഫയല്‍ ചെയ്യാം. പിറവം പള്ളിയുടെ കാര്യത്തില്‍ വിധി വന്ന് വളരെ നാളുകള്‍ ആയിക്കഴിഞ്ഞിട്ടും, അങ്ങനെയൊരു ഹര്‍ജി സുപ്രീം കോടതിയിലേയ്ക്ക് പോയത് ഈ കഴിഞ്ഞ ദിവസം , ശബരിമല വിഷയുമായി ബന്ധപ്പെട്ട് ഈ കേസ് ചര്‍ച്ചയായപ്പോഴാണ്. ഇതുവരെ അങ്ങനെയൊരു ഹര്‍ജി പോകാതിരുന്നത് എന്ത് എന്നാലോചിച്ചു നോക്കൂ. വിധി നടപ്പാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടപ്പോള്‍ ഒരു സമവായ മാര്‍ഗ്ഗമൊക്കെ സര്‍ക്കാര്‍ നോക്കിയത് ശരിയാണ്. ഇത് ഒന്നോ രണ്ടോ പള്ളിയില്‍ ഒതുങ്ങുന്ന വിഷയമല്ല, കേസുകള്‍ പലതും നടക്കുമ്പോഴും സമാന്തരമായി സമവായചര്‍ച്ചകളും നടക്കുന്നുണ്ട്. ഇനിയിപ്പോ എന്തായാലും കോടതി നിര്‍ദ്ദേശം ഉടന്‍ വരും. സ്വാഭാവികമായും വിധി നടപ്പാക്കല്‍ സര്‍ക്കാരിന്റെ ചുമതലായി മാറും 6. എന്നാല്‍ അത് പോലെ ഇവിടെയും അനങ്ങാതെ ഇരുന്നാപ്പോരേ? ഇവിടെ അത് കഴിയില്ല. കാരണം, മൗലികാവകാശം വിഷയമായ ഒരു റിട്ട് ഹര്‍ജിയില്‍ വിധിയുണ്ടായാല്‍ സര്‍ക്കാരിനാണു പ്രാഥമിക ഉത്തരവാദിത്തം. ഹര്‍ജിക്കാരന്റെ മൗലികാശകാശം സംരക്ഷിക്കാന്‍ തത്ക്കാലം കഴിയില്ല എന്നൊക്കെ കോടതിയില്‍ പോയി പറഞ്ഞാല്‍ ചിലപ്പോ പിറ്റേന്ന് രാജിവെക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാല്‍ താരതമ്യം ചെയ്യാനേ കഴിയാത്ത രണ്ട് വിധികളാണ് ഇവ. Read on deshabhimani.com

Related News