പാലാരിവട്ടം മേൽപ്പാലനിർമ്മാണം സംസ്‌ഥാന സർക്കാർ ഏറ്റെടുത്തതിലെ ദുരൂഹതയടക്കം അന്വേഷിക്കണം: പി രാജീവ്‌



കൊച്ചി> പാലാരിവട്ടം മേൽപ്പാലം നിർമ്മാണം സംസ്‌ഥാന സർക്കാർ ഏറ്റെടുത്തിലെ ദുരുഹതയടക്കം അന്വേഷിക്കണമെന്ന്‌ പി രാജീവ്‌ ആവശ്യപ്പെട്ടു. നിർമ്മാണം കഴിഞ്ഞ് മൂന്നു വർഷമാകുമ്പോഴെക്കും ഒരു പാലം വിള്ളലുകൾ വീണ് തകർച്ചയെ അഭിമുഖീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും .സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്‌. ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്രയും "ധൈര്യം' കാണിക്കാൻ കഴിയുമെന്ന് ആരും കരുതുന്നില്ല.ടെണ്ടർ നൽകിയതിലും ഡിസൈൻ പുതുക്കിയതിലും മേൽനോട്ടം വഹിച്ചതിലും എല്ലാം ഗുരുതരമായ ക്രമക്കേട് നടന്നിരിക്കുന്നു.എൻ എച്ച് എ ഐയേയും ജനറോം പദ്ധതിയേയും ഒഴിവാക്കി പാലം സംസ്ഥാന സർക്കാർ തന്നെ നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചത്‌  പൊതുമരാത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ആണെന്നും ഈ കാട്ടു കൊള്ളയുടെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ഫേസ്‌‌ബുക്ക്‌ പോസ്‌റ്റിൽ രാജീവ്‌ ആവശ്യപ്പെട്ടു. പോസ്‌റ്റ്‌ ചുവടെ പാലാരിവട്ടം ഫ്ളൈ ഓവർ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ ചീഞ്ഞളിഞ്ഞ പ്രതീകമായി മാറിയിരിക്കുന്നു .. നിർമ്മാണം കഴിഞ്ഞ് മൂന്നു വർഷമാകുമ്പോഴെക്കും ഒരു പാലം വിള്ളലുകൾ വീണ് തകർച്ചയെ അഭിമുഖീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും . ഇത്തരം പാലങ്ങൾക്ക് ശരാശരി 400 വർഷത്തിലധികം ആയുസ്സ് കാണുമ്പോഴാണ് ഈ അനുഭവം . പൊതുമരാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ആവശ്യപ്രകാരം വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളത്. എന്നാൽ, ദുരൂഹമായ പലതും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു . ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്രയും " ധൈര്യം' കാണിക്കാൻ കഴിയുമെന്ന് ആരും കരുതുന്നില്ല. ഇബ്രാഹിം കുഞ്ഞ് പൊതുമരാത്ത് മന്ത്രിയായിരുന്ന കാലം അഴിമതിയുടെ കാലം ആയിരുന്നുവെന്നത് എല്ലാവർക്കും അറിയാം. ഞങ്ങൾ പാർലമെണ്ടിൽ പ്രവർത്തിക്കുന്ന ഘട്ടത്തിൽ വലിയ ശ്രമം നടത്തിയിട്ടാണ് ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളുടെ സാധ്യതാ പഠനം നടത്താൻ എൻ എച്ച് എ ഐ. തീരുമാനിക്കുന്നത്. ഈ പഠന റിപ്പോർട്ട് നൽകുമ്പോഴാണ് ഞങ്ങൾ പൂർണ്ണമായും നിർമ്മാണ ചുമതല ഏറ്റെടുക്കാമെന്ന് അറിയിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രത്തിന് കത്തുനൽകി. എന്നാൽ, കോടിക്കണക്കിന് രൂപ നികുതിക്ക് പുറമേ സെസ്സ് കൂടി കേരളത്തിൽ നിന്നും കേന്ദ്രം പിരിച്ചെടുക്കുന്നുണ്ട്. ദേശീയ പാത നിർമ്മിക്കുന്നതും പാലം നിർമ്മിക്കുന്നതും എല്ലായിടത്തും കേന്ദ്ര സർക്കാരാണ്. അപൂർവ്വം ചിലയിടങ്ങളിൽ പകുതി ചെലവ് സംസ്ഥാനം വഹിക്കാറുണ്ട് . അവിടെയും നിർമ്മാണ ചുമതല കേന്ദ്രത്തിനായിരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി എം പി എന്ന നിലയിൽ അന്നു തന്നെ സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നു. ഇ ശ്രീധരൻ സാറും ഇതേ നിലപാട് പരസ്യമായി പ്രകടിപ്പിച്ചു . ഇതേ സമയം തന്നെ കൊച്ചി കോർപ്പറേഷൻ ജനോറാം പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലങ്ങൾ നിർമ്മിക്കാമെന്ന് തീരുമാനിച്ചു. പിറ്റേ ദിവസം തന്നെ പത്ര സമ്മേളനം വിളിച്ച ശ്രീ ഇബ്രാഹിം കുഞ്ഞ് യു ഡി എഫ് ഭരിക്കുന്ന കോർപ്പറേഷന്റെ തീരുമാനം നിലനിൽക്കില്ലെന്നും കേന്ദ്ര പദ്ധതി വേണ്ടെന്നും സംസ്ഥാന സർക്കാർ തന്നെ നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു. അസാധരണവും ദുരൂഹവും സംസ്ഥാനത്തിന് അധിക ബാധ്യത സ്വയം അടിച്ചേൽപ്പിക്കുകയും ചെയ്ത ഈ തീരുമാനം മുതലാണ് പരിശോധിക്കേണ്ടത്. എൻഎച്ച് എ ഐ ആണെങ്കിലും ജനോറാമാണെങ്കിലും നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് അവരായിരിക്കും നിർമ്മാണം നടത്തുക . ടെണ്ടർ നൽകിയതിലും ഡിസൈൻ പുതുക്കിയതിലും മേൽനോട്ടം വഹിച്ചതിലും എല്ലാം ഗുരുതരമായ ക്രമക്കേട് നടന്നിരിക്കുന്നു. സംസ്ഥാനത്തിനുണ്ടായ വൻ ബാധ്യതക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വന്നേ മതിയാകൂ. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ 14 ന് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. വ്യത്യസ്ത രൂപത്തിലുള്ള പ്രക്ഷോഭങ്ങൾ തുടരുകയാണ് . സമഗ്രമായ അന്വേഷണം നടത്തി ഈ കാട്ടു കൊള്ളയുടെ ഉത്തരവാദികളെ കണ്ടെത്തുകയും വേണം. Read on deshabhimani.com

Related News