പാർലമെണ്ടറി രീതികൾ പഠിക്കാനുള്ള ജീവനുള്ള പുസ്തകമായിരുന്നു പ്രണബ് ദാ...പി രാജീവ് ഓർമ്മിക്കുന്നു



കൊച്ചി> ശക്തനായ ഭരണാധികാരി എന്നതിനേക്കാൾ അതുല്യനായ പാർലമെണ്ടറിയൻ എന്ന നിലയിലായിരിക്കും ചരിത്രം   പ്രണബ് മുഖർജിയെ ഓർത്തെടുക്കുന്നതെന്നു  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് പറഞ്ഞു. രാജ്യസഭാംഗമായിരുന്ന കാലത്തെ അനുഭവങ്ങൾ അദ്ദേഹം ഫേസ് ബുക്കിൽ പങ്കുവെച്ചു.   പോസ്റ്റിന്റെ പൂർണ്ണരൂപം:.     പ്രണബ് ദാ വിടവാങ്ങി.   ശക്തനായ ഭരണാധികാരി എന്നതിനേക്കാൾ അതുല്യനായ പാർലമെണ്ടറിയൻ എന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ ഓർത്തെടുക്കുന്നത്. അദ്ദേഹം ബജറ്റ് ചർച്ചക്ക് മറുപടി പറയുന്ന സന്ദർഭത്തിൽ ഞാൻ ഒരു ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചു. ഞാൻ രാജ്യസഭാംഗമായി പ്രവർത്തിച്ചു തുടങ്ങിയ കാലമാണ്. അന്ന് മുൻ നിരയിലെത്തിയിട്ടില്ല . ചെയറിലിരുന്ന ഡെപ്യൂട്ടി ചെയർമാൻ റഹ് മാൻ ഖാൻ ചോദ്യം അനുവദിക്കാൻ തയ്യാറായില്ല. എന്നാൽ, ഒരു മടിയുമില്ലാതെ I am yielding എന്നു പറഞ്ഞ് പ്രണബ് ദാ സീറ്റിലിരുന്നു എൻ്റെ ചോദ്യം ശ്രദ്ധാപുർവ്വം കേട്ടു . പിന്നെ എണീറ്റ് വിശദമായ മറുപടി നൽകി. വിരൽ തുമ്പിൽ നിന്ന് കാലവും കണക്കുകളും എടുത്ത് അമ്മാനമാടുന്ന രീതി അത്ഭുതകരമാണ്. ഐ ടി നിയമത്തിൻ്റെ ചട്ടങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന നിരാകരണ പ്രമേയം സ്റ്റാറ്റ്യൂട്ടി റസലൂഷൻ എന്ന നിലയിൽ അവതരിപ്പിക്കുകയുണ്ടായി. ചട്ടം ആകെ റദ്ദ് ചെയ്യണമെന്ന പ്രമേയം ആദ്യമായാണ് പാർലമെണ്ട് ചർച്ച ചെയ്തത്. എന്നാൽ , ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഒരിക്കൽ സ്റ്റാറ്റ്യൂട്ടറി റസലൂഷൻ ചർച്ച ചെയ്തിട്ടുണ്ട്. അത് അവതരിപ്പിച്ചത് പ്രണബ് മുഖർജിയും സി പി ഐ എം അംഗമായിരുന്ന ദീപാങ്കറുമായിരുന്നു. പാർലമെണ്ടറി രീതികൾ പഠിക്കാനുള്ള ജീവനുള്ള പുസ്തകമായിരുന്നു പ്രണബ് ദാ . ഏതു നിവേദനവും വിശദമായി വായിച്ചു നോക്കും . ഒരിക്കൽ കേരളത്തിൽ നിന്നുള്ള നിവേദകസംഘവുമായി ധനമന്ത്രിയായിരുന്ന പ്രണബ് ദായെ കാണാൻ പോയി. നിവേദനം വായിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹം ചെയർമാനായിരുന്ന പാർലമെണ്ടറി കമ്മിറ്റി അതു സംബന്ധിച്ച് നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ ഓർമ്മയിൽ നിന്നുമെടുത്ത് ഉദ്ധരിച്ചതിനു ശേഷം അതു തന്നെയാണല്ലോ നിങ്ങൾ ഇപ്പോഴും ആവശ്യപ്പെടുന്നതെന്ന് പറയുകയുണ്ടായി. രാഷ്ട്രീയ വഴികളിൽ ഉയർച്ച താഴ്ചകളിലൂടെ ദശകങ്ങളായി നിറഞ്ഞു നിന്നു . തെരഞ്ഞെടുപ്പിന് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞക്ക് ക്ഷണം കാത്ത് വീട്ടിലിരുന്നതും തഴയപ്പെട്ടപ്പോൾ അനുഭവിച്ച വ്യഥയും ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട് . പ്രണബ് മുഖർജി ധന മന്ത്രിയായിരിക്കുമ്പോൾ ക്ഷണിച്ചു കൊണ്ട് വന്ന് റിസർവ്വ് ബാങ്ക് ഗവർണറാക്കിയ മൻ മോഹൻ സിങ് പിന്നീട് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിനു കീഴിൽ ധനമന്ത്രിയായി പ്രവർത്തിച്ചതും ചരിത്രത്തിൻ്റെ ഭാഗം . ആദരാഞ്ജലികൾ Read on deshabhimani.com

Related News