'ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ജ്വലിച്ചു നിന്ന ഇർഫാൻ ഹബീബ് പുതിയ കാല പോരാട്ടങ്ങളുടെ ജീവനുള്ള ചിത്രം'...പി രാജീവ്‌ എഴുതുന്നു



ഇന്ത്യയുടെ ജനകീയ ചരിത്രരചനക്ക് നേതൃത്വം നൽകിയ ഇർഫാൻ ഹബീബിന് ചരിത്രകാരൻമാർക്കിടയിൽ ഗുരുസ്ഥാനമാണുള്ളത്.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഇർഫാനുമായി രാഷ്ട്രീയ കാലുമാറ്റങ്ങളുടെ ആൾരൂപമായ ആരിഫ് മൊഹമ്മദ് ഖാനെ എങ്ങനെ താരതമ്യം ചെയ്യും...പി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌ പ്രീഡിഗ്രി കാലത്താണ് ഇർഫാൻ ഹബീബിനെ ആദ്യമായി കേൾക്കുന്നത്. മുസ്ലീം സമുദായത്തിലെ ബഹുഭാര്യത്വ സമ്പ്രദായത്തിനെതിരെയും ശരിയത്തിലെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെയും കോഴിക്കോട്ട് നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. അതിനോട് പ്രതികരിച്ച് ഇഎംഎസ് നടത്തിയ പരാമർശങ്ങൾ ഗൗരവമേറിയ ചർച്ചകളിലേക്ക് രാഷ്ട്രീയ കേരളത്തെ നയിച്ചു. ആരിഫ് മൊഹമ്മദ് ഖാൻ മുസ്ലീം സമുദായത്തിനകത്ത് പരിഷ്കരണത്തിന്റെ വക്താവാണെന്ന് പറഞ്ഞ് ഇർഫാൻ ഹബീബിനെ ചെറുതാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾക്ക് ഇതു വല്ലതും അറിയുമോ? ഒരേ സമയം സംഘപരിവാരത്തിന്റേയും മുസ്ലീം മതമൗലികവാദികളുടെയും ശത്രുവാണ് ഇർഫാൻ . അലിഗഡിന്റെ തെരുവുകളിൽ വിഭജനത്തിന്റെ തീവ്രതകൾ നേരിലനുഭവിച്ച പതിനാറുകാരൻ. പ്രശസ്ത ചരിത്രകാരൻ മൊഹമ്മദ് ഹബീബിന്റെ മകൻ. 1947 ൽ ബോംബെയിലെ ചരിത്ര കോൺഗ്രസിൽ പിതാവ് നടത്തിയ പ്രസംഗത്തിലെ സെക്കുലറിസം എന്ന പ്രയോഗത്തിന്റെ വായനയിൽ നിന്നും അടിമുടി സെക്കുലറിസ്റ്റായി വളർന്ന ചരിത്ര പണ്ഡിതൻ. ഒന്നിന്റെ മുമ്പിലും ഭയപ്പെടാതെ, ആഴത്തിലുള്ള ചരിത്ര ബോധത്തിന്റെ പിൻബലത്തിൽ അമിതാധികാര പ്രവണതകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന ധിഷണ ശാലി. ഓക്സ്ഫോർഡിൽ നിന്നും സ്കോളർഷിപ്പ് കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് പാസ്പോർട്ട് നിഷേധിക്കപ്പെട്ട വിദ്യാർത്ഥി. മിത്തുകളെ ചരിത്രത്തിന് പകരം വെയ്ക്കാനുള്ള വാജ്പേയ് ഭരണകാല ശ്രമങ്ങളെ ചെറുത്ത്, ബദൽ പ്രയോഗത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം. ഇന്ത്യയുടെ ജനകീയ ചരിത്രരചനക്ക് നേതൃത്വം നൽകിയ ഇർഫൻ ഹബീബിന് ചരിത്രകാരൻമാർക്കിടയിൽ ഗുരുസ്ഥാനമാണുള്ളത്.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഇർഫാനുമായി രാഷ്ട്രീയ കാലുമാറ്റങ്ങളുടെ ആൾരൂപമായ ആരിഫ് മൊഹമ്മദ് ഖാനെ എങ്ങനെ താരതമ്യം ചെയ്യും. ഭാരതീയ ക്രാന്തി ദളിൽ നിന്നും കോൺഗ്രസ്സിലേക്ക് . പിന്നെ അവിടെ നിന്നും ജനതാദളിലേക്ക്, പിന്നെ ബിഎസ്‌പിയിലേക്ക് ഒടുവിൽ ബിജെപിയിലേക്ക് .. അധികാരത്തിനായി ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങൾക്ക് മുതിർന്ന ആരിഫ് മൊഹമ്മദ് ഖാനോട് തീക്ഷ്ണമായ ചരിത്ര ബോധത്താലും അതിരുകളില്ലാത്ത രാജ്യ സ്നേഹത്താലും ആർജ്ജിതമായ കരുത്തുമായി എൺപത്തിയെട്ടിന്റെ യൗവ്വനത്തിലും ഇർഫാൻ ഹബീബ് ജ്വലിച്ചു നിന്നപ്പോൾ പുതിയ കാല പോരാട്ടങ്ങളുടെ ജീവനുള്ള ചിത്രമായി അത് മാറി. വാൽക്കഷ്ണം: ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന്റെ മുദ്രാവാക്യം ഉചിതമായി .. 'ചരിത്ര കോൺഗ്രസ് തുലയട്ടെ..' ചരിത്രം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഇതല്ലാതെ മറ്റെന്ത് വിളിക്കാൻ ... Read on deshabhimani.com

Related News